രചന : സജി കണ്ണമംഗലം ✍️

കുഞ്ഞുങ്ങൾ പഠിക്കുമ്പോളാദ്യമായ് കുഞ്ഞിച്ചുണ്ടിൽ
മഞ്ഞുപോൽക്കുളിരോലും വാക്കു നീ മാതൃത്വമേ!
ഇപ്രപഞ്ചത്തിൽക്കാണും വന്മരങ്ങളെപ്പോലും
സുപ്രകാശമേ, പെറ്റുപോറ്റിയ നിത്യാനന്ദം!
കുഞ്ഞുങ്ങൾ പഠിക്കുമ്പോൾ ശുഭ്രമാം നഭസ്സുപോൽ
കുഞ്ഞിളം മനസ്സുകൾ പുത്തനാം ക്യാൻവാസുകൾ
ഏതു വർണ്ണവും ചാലിച്ചെഴുതാമവയ്ക്കെല്ലാം
നൂതനവർണ്ണങ്ങളെക്കഴുകാനറിയില്ലാ!
പാട്ടുകൾ പഠിപ്പിക്കാം കുഞ്ഞിലേതൊട്ടേ നാവിൽ
മീട്ടുകയല്ലോ വീണ വാണിയും വാത്സല്യത്താൽ!
.തെറിയും പഠിപ്പിക്കാമവരിൽ പദാർത്ഥങ്ങൾ
നിറയാൻ തുടങ്ങിയില്ലെങ്കിലും പാടിക്കൊള്ളും!
കൊല്ലുവാൻ പഠിപ്പിക്കാം ,ചത്തുപോവുമ്പോളമ്മ
ചില്ലുപോലുടയുമെന്നറിയാൻ വയ്യാത്തവർ
വേദത്തെപ്പോലും വളച്ചൊടിക്കാൻ പഠിപ്പിക്കാം
ആദിമവേദാന്തിയായ് നടിക്കാൻ പഠിപ്പിക്കാം
കൊച്ചുവായിലെ വല്യ വർത്തമാനങ്ങളുമായ്
പിച്ചവെച്ചീടുമ്പൊഴേ ചാനലിൽ പ്രവേശിക്കാം!
താടിരോമത്താൽ മുഖം മറച്ചിട്ടതേപോലെ
കാടുകൾ കിളുർപ്പിച്ച മാനസം പേറുന്നവർ
ഈശ്വരന്മാരെത്തന്റെ കീശയിലൊളിപ്പിക്കും
വിശ്വകന്മഷത്തിന്റെ വിത്തുകൾ പാകുന്നവർ
അവരാണിപ്പോൾ കുഞ്ഞുമനസ്സിൽ വിഷമേറ്റി
നിവരാനാകാത്തപോൽ നാടിനെ നശിപ്പിപ്പൂ!
മതമേ, പിശാചിന്റെ രഥമേ നിൻ ചക്രങ്ങൾ
ചിതലാൽ ദ്രവിക്കുന്ന കാലമാണിനി യോജ്യം!

സജി കണ്ണമംഗലം

By ivayana