സിദ്ധാർത്ഥൻ തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു, തേങ്ങിക്കരഞ്ഞു. സത്യത്തിനുവേണ്ടി അസത്യം മുഴുവൻ പാട്ടത്തിനെടുത്തവനാണ് സിദ്ധാർത്ഥൻ.
ചെയ്യാത്ത പാപങ്ങളും ചെയ്ത പാപങ്ങളും തലക്കുള്ളിൽ ഒരു മൂളക്കമായി നിറയുന്നു. കുടുംബത്തിന് നല്ലത് ചെയ്തില്ലെന്നതായിരുന്നു ആദ്യ ആരോപണം. ചെയ്തത് പാപം തന്നെ എന്ന് ഇപ്പോൾ തോന്നുന്നു. കുടുംബത്തിനോട് ചേർന്ന് കിടക്കാതെ എപ്പോഴോ ദൂരത്തേക്ക് ഓടിപ്പോവേണ്ടിയിരുന്നു. പാപം തന്നെ മഹാപാപം.
ആഗ്രഹങ്ങളാണ് ദുഃഖം വിതക്കുന്നതെന്ന് പണ്ടൊരു സിദ്ധാർത്ഥൻ ആവർത്തിച്ച് പറഞ്ഞു. പഠിത്തം തീരുന്നതിനുമുന്പേ തൊഴിൽ തേടിയത് സ്വന്തം കാലുകളിൽ നിൽക്കുന്നതിനു വേണ്ടിയായിരുന്നു. പക്ഷെ ഒരിക്കലും അടർത്തിമാറ്റാൻ കഴിയാതെ കുരുക്കിക്കളഞ്ഞത് അച്ഛനാണ്. അത്രമാത്രം അച്ഛനെ സ്നേഹിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഒരുക്കുന്ന ആ കുരുക്കിൽ തല കുടുക്കാനാകാതെ സിദ്ധാർത്ഥൻ തലയിണയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. തേങ്ങിക്കരഞ്ഞു.
മനസ്സിലുള്ള ഒരാഗ്രഹത്തെയും നേടാൻ കഴിയാതെ ആത്മഹത്യ ചെയ്യാൻ പറഞ്ഞ മനസ്സിനെ സിദ്ധാർത്ഥൻ ‘തെണ്ടി ‘ എന്ന് വിളിച്ചു.
യുഗങ്ങൾക്കുമുന്പ് ജനിച്ചുമരിച്ച സിദ്ധാർത്ഥനോട് ഒന്ന് ചോദിക്കട്ടെ, ‘എന്തിനാണ് എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ചു സംന്യാസിയായത്. ‘!ഇന്ന് ജീവിച്ചിരിപ്പില്ലാത്തതുകൊണ്ടും,
അദ്ദേഹത്തിന്റെ ആത്മാവുപോലും ഈ ലോകത്തുനിന്നും രക്ഷപ്പെട്ടതുകൊണ്ടും ധൈര്യമായി പറയാം, അത് അദ്ദേഹത്തിന് പറ്റിയ ജീവിതത്തിലെ ഒരു വിഡ്ഢിത്തമായിരുന്നെന്ന്.
‘കരുണൈ ഗണപതിയേ’ എന്ന യേശുദാസിന്റെ ശാസ്ത്രീയസംഗീതം ഈ മുറി മുഴുവനും നിറഞ്ഞു തൂവുന്നു:, സിദ്ധാർത്ഥന്റെ ഓരോ രോമകൂപങ്ങളിലും അത് ഇഴഞ്ഞു നടക്കുന്നു. ആരാണ് കരുണ കാട്ടേണ്ടത്, ഗണപതിയെന്നു നമ്മൾ മനസ്സിൽ വച്ചാരാധിക്കുന്ന ഈശ്വരനോ, അതോ, മഹേശ്വരൻ എന്നു പുകൾപെറ്റ ശിവന്റെ സന്തതിയോ :, അതോ, കാലപുരുഷനോ… !
ചിന്തിക്കാൻ വയ്യ, ഒന്നിനുമാവുന്നില്ല. ആണ്ടു പോവുന്ന ഈ കയത്തിന് അടിത്തട്ടില്ലെന്നോ… !!!
തൊഴിൽ ഒരു ശാപമായി മനസ്സിന്റെ തുരുമ്പെടുത്ത കോണിൽ വന്നുനിൽക്കുന്നു.

തിരിച്ചുപോകുവാനുള്ള ഇടം തേടാറായിരിക്കുന്നു. എങ്ങോട്ടാണ് യാത്ര!!അമ്മയുടെ ഗര്ഭപാത്രത്തിലേക്കോ !!!അത് ശാസ്ത്രം അംഗീകരിക്കില്ല. ശാസ്ത്രം പിന്നീട് അംഗീകരിച്ച എത്രയോ കാര്യങ്ങൾ ഇവിടെ നടന്നിരിക്കുന്നു.
എങ്കിലും ഇത് അസാധ്യമാണ്.
കാരണം?
വീണ്ടും അണ്ഡമാവാനോ !!!
അതെ അണ്ഡത്തിൽ നിന്ന് ശ്യൂനതയിലേക്ക്…
വിഢിത്തം.. !!!!!
അതെ എല്ലാം വിഢിത്തം ആണ്. ഏതാണ് വിഢിത്തം അല്ലാത്തത്.? മനുഷ്യൻ തന്നെ കാലത്തിനു സംഭവിച്ച ഒരു വിഢിത്തമല്ലേ. !
ജ്യോതിഷം അന്ധവിശ്വാസം ആണെന്ന് ശാസ്ത്രം തന്നെ വിധിച്ചില്ലേ. പിന്നെ ആ ശാസ്ത്രം തന്നെ ജ്യോതിഷത്തെയും ഒരു ശാസ്ത്രമാക്കി.
പണമില്ലാത്തവൻ പിണമെന്ന് ആരോ വിധിച്ചിട്ടുണ്ട്. ഇപ്പോൾ പണമുള്ളവനും പിണമാണ്. പണ്ടൊരു സിദ്ധാർഥനുണ്ടായിരുന്നു. എന്നുകരുതി, ഇന്നത്തെ സിദ്ധാർത്ഥൻ ശ്രീ ബുധനാവണമെന്നില്ലല്ലോ… !

‘നിർവാണമടയാനാണ് മോഹം അല്ലേ. ‘
ആരോ സിദ്ധാർത്ഥനോട് ചോദിച്ചു. കരഞ്ഞു വീർത്ത മുഖവും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അയാൾ മുറിമുഴുവൻ എന്തോ തിരഞ്ഞു.

ഒരുപ്രത്യേക ലക്ഷ്യത്തിനു വേണ്ടി ഉപവാസമാചരിച്ചു, ലക്ഷ്യവുമില്ല ഉപവാസ സമാപ്തിയുമില്ലാതെ, മരിക്കുന്നത് എങ്ങനെ നിർവാണമാകും. അത് ആത്മാഹുതിയല്ലേ.

‘ആത്മഹൂതിക്ക് വേണ്ടി ജനിച്ചവരാണ് ഈ ലോക്കത്തുള്ളവരെന്നല്ലേ പറഞ്ഞു വരുന്നത്.’

‘അപ്പോൾ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവരെല്ലാം ഭീരുക്കളായിരിക്കുമല്ലോ ‘
‘ തീർച്ചയായും. കാര്യമാത്രപ്രസക്തമായ പല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുവാൻ അവർക്ക് ഭീതിയാണ്. ‘
അതാണ് ഭ്രാന്തെന്ന് പറയുന്നത്. തിന്നുവാൻ വേണ്ടി ജീവിക്കുക, ജീവിക്കുവാൻ വേണ്ടി തിന്നുക, തന്റെ കുടുംബത്തിലെ അച്ഛനമ്മമാർക്കുവേണ്ടി ജീവിക്കുക, പെങ്ങള്മാരെ നല്ല നിലയിൽ എത്തിക്കുന്നതിന് വേണ്ടി ജീവിക്കുക, അച്ഛനമ്മമാരിൽനിന്നും സമൂഹത്തിൽ നിന്നും നല്ലവനെന്ന പേരെടുക്കുവാനായി ജീവിക്കുക. ഇതെല്ലാം തന്നെ ഭ്രാന്തല്ലേ..?
ഇതൊക്കെ സാധാരണ രീതിയിൽ ജീവിക്കാനുള്ള ലക്ഷ്യങ്ങളല്ലേ?.
ഇതു മാത്രമേയുള്ളോ ലക്ഷ്യങ്ങൾ? എങ്ങനെ മരിക്കുമെന്നത് ലക്ഷ്യമല്ലേ?

നിനക്കിതൊന്നും ചിന്തിക്കാനുള്ള യോഗ്യതയില്ല.

സിദ്ധാർത്ഥന്റെ വായിൽ തോന്നിയത് കോതക്കുപോലും കേൾക്കുവാൻ കൊള്ളരുതാത്തതായിരുന്നു. മരിക്കുവാനുള്ള യോഗ്യതയെങ്കിലും നേടാനായതുകൊണ്ട് പറയുകയാണ്, ജീവിക്കാനുള്ള യോഗ്യതയുണ്ടെന്ന് പറയുന്ന നിങ്ങളാണ് ഭ്രാന്തർ. ഇങ്ങനെയൊന്നുംചിന്തിക്കാതെ ജീവിക്കാമെന്ന് ധരിച്ച നിങ്ങളാണ് വിഡ്ഢികൾ. ചിന്തിക്കുന്ന, ഒന്നോ രണ്ടോ പ്രാണികൾക്കിടയിൽ നിങ്ങളെപ്പോലുള്ള ആയിരങ്ങളാണ് നിരർത്ഥകാർ. നിങ്ങൾക്കൊരിക്കലും അമ്മയുടെ ഗർഭപാത്രത്തിലേക്കും അണ്ഡത്തിലേക്കും, പിന്നീട് ശ്യൂനതയിലേക്കും പോകുവാനാകില്ല. നിങ്ങൾക്ക് ആത്മഹത്യ ചെയ്യാനേ കഴിയുകയുള്ളു.

സിദ്ധാർത്ഥൻ തന്റെ കഴുത്തിൽ ആരോ കയർ മുറുക്കുന്നതറിഞ്ഞു.

നിറുത്തൂ.

മുഴുവൻ മുറുക്കുന്നതിനുമുന്പ് ഇനിയും പറയുവാനുണ്ട്.

ഇനി നീ പറയുന്നത് നിന്റെ ജഡത്തിൽ പുഴുക്കൾ അരിക്കുമ്പോഴാകട്ടെ.

നിറുത്തൂ. ഒരിക്കൽ കൂടി മാത്രം.

എന്തിനാണീ ന്യായീകരണം?.

ന്യായീകരിക്കാത്തവർ ആരുണ്ട്. കുറ്റം ചെയ്തവർ ന്യായീകരിക്കും. അസത്യം പറഞ്ഞവനും ന്യായീകരിക്കും. അപ്രിയമായ സത്യം പറഞ്ഞവനും ന്യായീകരിക്കും. സത്യം പറഞ്ഞവനും ന്യായീകരണം പറയേണ്ട കാലമാണിത്.

എത്ര ന്യായീകരിച്ചാലും പറഞ്ഞതെല്ലാം അസത്യമെന്നു തന്നെ പറഞ്ഞു കുറ്റം ചെയ്യാത്തവനെ കുറ്റവാളിയാക്കുന്ന കാലമാണിത്. സ്വന്തം കുറ്റങ്ങൾ മറക്കാൻ വേണ്ടി, അവർ പറഞ്ഞത് മാത്രം സത്യമെന്ന് വാദിക്കുന്നവരുടെ കാലമാണിത്.

സിദ്ധാർത്ഥന്റെ കഴുത്തിലെ കയർ പൂർണമായും മുറുകി. പറഞ്ഞു കഴിഞ്ഞില്ലല്ലോ എന്നു പുറത്തു വന്ന ശബ്ദം അവ്യക്തമായിരുന്നു.
*****************
ബിനു ആർ.

By ivayana