രചന : ഹരിഹരൻ എൻ കെ ✍

മുറ്റത്തെത്തൈമാവിന്നരികിലൂടെപ്പോകെ
വീണുകിടക്കുന്നുണ്ടനാഥരാം മാമ്പഴം കാണുന്നു ഞാൻ !
കുട്ടിക്കാലത്തെപ്പോഴും മാമ്പഴം തിന്നാനാർത്തികാണിച്ചു
മാവിൻചുവട്ടിലേക്കെത്തും കാലമിന്നോർമ്മയായ് !
മക്കളും മരുമക്കളുമായിരുന്നൂ ഞങ്ങൾക്കക്കാലം
വിലക്കില്ലാതെവിടെയുമലഞ്ഞീടാം !
പാടത്തും പറമ്പിലും കുളത്തിലും മാഞ്ചോട്ടിലും
ഉത്സാഹത്തോടെന്നുമൊത്തുകൂടിയവർ ഞങ്ങൾ !
അക്കാലമെങ്ങോപോയി വിലക്കുകൾ തീർത്തിട്ടിതാ
മാർക്കറ്റിൽ മാളുകളിൽ മാങ്ങയ്ക്കായ് ക്യൂനില്ക്കുന്നു !
വവ്വാലുകൾ പരത്തുള്ള വൈറസ്സുകളെക്കൊല്ലാൻ
മാവെല്ലാം തീവെക്കുന്നൂ കിണറുകൾ മൂടുന്നു നാം !
മാർക്കറ്റിൽ മാമ്പഴത്തിൽ വവ്വാലുകൾ തൊട്ടോ
നാമറിയുന്നുണ്ടോ വാസ്തവമെന്താണാവോ !
എണ്ണിയാലൊടുങ്ങാത്ത വിലക്കുകൾ തീർത്തൂ നമ്മൾ
കുഞ്ഞുങ്ങളെ വളർത്തുന്നു കൂടുകളിൽ ലൗബേർഡ്സുപോൽ !
നമ്മുടെ തലമുറ നേടിയ ഭാഗ്യങ്ങളൊന്നും
അടുത്ത തലമുറ അനുഭവിക്കേണ്ടെന്നാണോ ?

ഹരിഹരൻ എൻ കെ

By ivayana