രചന : ഷീന വർഗീസ് ✍

“എന്നെ ഇവിടെ നിർത്തിയിട്ടു പോയാൽ ഞാൻ എന്തെങ്കിലും ചെയ്യും അച്ഛാ .. എനിക്ക് പേടിയാ ഇവിടെ …” വിസ്മയ എന്ന പൊന്നുമോളുടെ ചങ്കുലഞ്ഞ കരച്ചിൽ കേട്ട് തകർന്നു പോയി . മകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കിയിട്ടും” ഇതൊക്കെയാണ് മക്കളേ ജീവിതം” എന്ന് മാതാപിതാക്കൾ പറയുന്നതിന് പകരം ,പോയി തന്റെ കുട്ടിയെ തിരികെ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് എത്ര വിസ്മയമാർ പുഞ്ചിരിച്ചു കൊണ്ട് നമുക്കിടയിൽ കണ്ടേനെ എന്ന് പറയാതെ വയ്യ!
പെണ്മക്കൾ ഉള്ള മാതാപിതാക്കളോടാണ് ,
അങ്ങനെയൊക്കെയാണ് ജീവിതമെന്നു നമ്മുടെ പെണ്മക്കളെ പഠിപ്പിക്കുന്നതിന് പകരം “എങ്ങനെയൊക്കെ അല്ല ജീവിതം” എന്ന് പറഞ്ഞു കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


ഇഷ്ടമില്ലാത്ത, ഒത്തുപോകാൻ കഴിയാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങി പോരാൻ നമ്മുടെ പെണ്മക്കളെ ധൈര്യപ്പെടുത്തേണ്ടത് നമ്മൾ അല്ലാതെ മറ്റാരാണ്? ” എനിക്ക് പറ്റുന്നില്ല എന്ന് ഒരു മകൾ കരഞ്ഞു പറയുമ്പോ അവൾക്ക് അത്രയ്ക്ക് ഒത്തുപോകാൻ കഴിയാഞ്ഞിട്ടാണ് എന്ന് നമ്മൾ ഇനി എന്നാണ് മനസിലാക്കുക? നാട്ടുകാരും ബന്ധുക്കളും എന്തു കരുതുമെന്ന ദുരഭിമാനത്തിനു നമ്മുടെ നെഞ്ചിലെ പ്രാണനും ചൂടും നൽകി വളർത്തിയ മകളുടെ ജീവനേക്കാൾ വിലയുണ്ടോ?

ചേതനയറ്റ നിങ്ങളുടെ മകളുടെ ശരീരത്തിന് മുന്നിൽ നിന്നുപോലും അടക്കം പറഞ്ഞു പരിഹസിക്കാൻ മടിക്കാത്ത ഒരു ചെറിയ കൂട്ടം ആളുകൾക്ക് വേണ്ടിയാണ് നിങ്ങൾ നിങ്ങളുടെ മകളുടെ കണ്ണീരിനു മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്നത് എന്ന് ഓർക്കുക! നമ്മുടെ വീട്ടിൽ ഒരു പൂത്തുമ്പിയെ പോലെ പാറി നടന്ന നമ്മുടെ കുഞ്ഞിന്റെ വിഹ്വലതകളിൽ അവളെ ചേർത്ത് പിടിക്കാൻ നമ്മുടെ കൈകൾ അല്ലാതെ വേറെ എന്താണവൾക്കുള്ളത് ?
എന്നാണ് നമ്മൾ പഠിക്കുക?


പ്രിയപ്പെട്ട പെണ്മക്കളോടു പറയാനുള്ളത് ,
*പഠിച്ചു ഒരു ജോലി നേടിയതിനു ശേഷം മാത്രം വിവാഹം കഴിക്കുക. അതിനിപ്പുറം സമ്മതമല്ല എന്ന് ധൈര്യത്തോടെ parents നോടു പറയുക.
*ഒത്തുപോകാൻ കഴിയില്ല എന്ന പൂർണബോധ്യമുണ്ടെങ്കിൽ ഇറങ്ങി പോരുക. അച്ഛനമ്മമാർ സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുന്നുവെങ്കിൽ നിയമപരമായ സഹായം തേടുക. ഒപ്പം നില്ക്കാൻ ആരെങ്കിലും ഉണ്ടാവും എന്ന് അറിയുക.

  • ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ഒരാളിലേക്ക് എന്തിന്റെ പേരിലായാലും വീണ്ടും മടങ്ങി പോകരുത്. പലപ്പോഴും മക്കളെ ഓർത്താണ് സ്ത്രീ എല്ലാം സഹിക്കുന്നത് . ഓർക്കുക ,
    നിരന്തരമായി തന്റെ അമ്മ ഉപദ്രവിക്കപ്പെടുന്നത് കണ്ട് ഭയപ്പാടോടെ വളരുന്ന ഒരു കുഞ്ഞിന് അച്ഛൻ കൂടെയുണ്ട് എന്നതു കൊണ്ട് എന്ത് സുരക്ഷിതത്വബോധമാണ് ഉണ്ടാവുന്നത് ? ഒരു വാടകവീടിന്റെ ഒറ്റമുറിയിലോ ഏതെങ്കിലും സ്ഥാപനത്തിലോ തന്റെ അമ്മയുടെ ചൂടും പറ്റി സമാധാനമായി ആ കുഞ്ഞു വളരട്ടെ.ഒരു ജോലിയുണ്ടെങ്കിൽ നിങ്ങൾ പകുതിയിലേറെ ജയിച്ചവരാണ് .മറക്കരുത് .
    *എപ്പോഴും വഴികൾ മുന്നോട്ട് ഉണ്ട് എന്ന് അറിയുക.അടഞ്ഞു കിടക്കുന്ന വാതിലിനു മുന്നിൽ നിന്നും മാറി നിന്ന് നോക്കുക.നിങ്ങളുടെ ജീവനും ജീവിതവും വിലപ്പെട്ടതാണ്. നിന്നെ സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി തീർത്തു കളയാൻ ഉള്ളതല്ല അതെന്നു ബോധ്യമുണ്ടാവണം.അടച്ചിടപ്പെട്ട ഇടങ്ങളിൽ നിന്നും ഇറങ്ങി നടക്കാൻ ധൈര്യം കാണിച്ചവർ മാത്രമേ വിജയിച്ചിട്ടുള്ളു. നിന്റെയുള്ളിലും ഒരു കനലുണ്ട്. അത് ഊതി കത്തിക്കുക . ആ ജ്വാലയിൽ നീ മുന്നോട്ട് നടക്കൂ.
  • അടക്കം പറയുന്നവരെ നീ ശ്രദ്ധിക്കേണ്ട. ഉറച്ച ശബ്ദത്തെ ഭയപ്പെടുന്നവർ ആണവർ! വെളിച്ചത്തിലേയ്ക്കു വരാതെ ഇരുട്ടിൽ ഇരുന്ന് പിറുപിറുക്കുന്നവർ. അവരുടെ ജല്പനങ്ങളല്ല നിന്റെ ജീവന് വിലയിടുന്നത്.ധൈര്യത്തോടെ മുന്നോട്ട് വരിക. നിന്റെ ശിരസ്സ് ഉയർന്നു തന്നെ ഇരിക്കട്ടെ,
    അതാണ് സ്ത്രീത്വത്തിന്റെ അടയാളം.

  • നമ്മുടെ വീടകങ്ങളെ കുറുമ്പുകൾ കൊണ്ടും കൊലുസ്സിന്റ മണിയൊച്ചകൾ കൊണ്ടും ഹരിതാഭമാക്കുന്ന പെണ്മക്കളെ എന്നും ചേർത്തു പിടിക്കാം.ഇനിയൊരു കുഞ്ഞിനും അവളുടെ മനോഹരമായ ജീവിതം ഇല്ലാതെയാവരുത്. നിങ്ങളുടെ മുന്നിൽ കുഞ്ഞുടുപ്പിട്ടു നിന്ന് കൊഞ്ചി ചിരിക്കുന്ന മകളുടെ മുഖത്തേക്ക് നോക്കൂ ..അവളുടെ ഈ ചിരി മായാതെ നില്ക്കാൻ നമുക്കവരെ പ്രാപ്തരാക്കി വളർത്താം.ഇനിയുള്ള മക്കളെങ്കിലും ആ ആർജ്ജവത്തോടെ വളരണം.അവർ പഠിക്കട്ടെ.സ്വന്തം കാലിൽ നിൽക്കട്ടെ !!

By ivayana