രചന : സാബു കൃഷ്ണൻ ✍

എന്നിൽ ഞാനുണ്ട്, നീയെന്നിലും പ്രിയേ
എങ്കിലും ഞാനെന്റെ ഉണ്മ തേടുന്നു.
“അഹം” ഒരാനന്ദ മൂർത്തിയെപ്പോലെ
എന്റെ ചിത്തം നിറയ്ക്കുന്നു നരകപടം.

ഞാനെന്നുള്ള ഭാവം മാറുകിലല്ലോ
ഞാനായ് തീരും മണ്ണിലും വിണ്ണിലും
പൂവായ് പുഴുവായ് പൂമ്പാറ്റയായ്
ഞാനെന്ന രൂപങ്ങൾ ഭാവങ്ങളെത്ര.

ഇരുളിലിഴയും നാഗത്താനായ്
പുഞ്ചിരി തൂകും ശിശു രൂപമായ്,
രാവിന്റെ ചിറകടിയൊച്ചയായ്
ശവം തേടിയെത്തും കഴുകനായ്,

എല്ലാമൊരാളിന്റെ ചിത്തത്തിലല്ലോ
ഞാനെന്ന ബോധ വിഹായസ്സിലല്ലോ?

എന്റെ ചിരി കണ്ടു മയങ്ങുന്നു നീ
വാക്കിൻ മധിരിമ നുണയുന്ന നീ
നമ്മളന്യോന്യം കെട്ടു പിണയുന്നു,
മൂർച്ഛയിൽ മെല്ലെ മയങ്ങും നേരത്ത്
ഞാനെന്ന മൂർഖൻ പത്തിയെടുക്കുന്നു
നെഞ്ചകം നോക്കിഞാനാഞ്ഞു-
കൊത്തുന്നു.

മോഹിച്ച നിന്നെ മയക്കിക്കിടത്തി
ലഹരിയിൽ മുക്കി മദനോത്സവം
ഞാനൊരുദുഷ്ടനാംമാംസകൊതിയൻ
ഉള്ളിലൊളിപ്പിച്ച ചതിയൻ വ്യാഘ്രം.

ഞാൻ,ഞാൻ മാത്രം മതിയെന്നു –
വെക്കുകിൽ
ഒറ്റയ്ക്കു ഞാനൊരു മനുഷ്യനാകും
എന്നിലെ കഴുകൻ പറന്നുപോകും
വ്യാഘ്രങ്ങളൊന്നായ് പുറത്തു ചാടും

ആറടി മണ്ണിന്നവകാശിയാവാൻ
ധരണിയെ ചുംബിച്ചു പൂഴി വാരും
ഏകനായേകാന്ത പധികനായ്,
പഞ്ചാഗ്നി മേലേ കാല നിദ്രകൊള്ളും.

സാബു കൃഷ്ണൻ

By ivayana