രചന : സണ്ണി കല്ലൂർ✍

മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന വഴി.. വെള്ളത്തിൽ ഇറങ്ങി രണ്ടുകാലുകൊണ്ടും കൂട്ടിയടിച്ച് പടക്കം പൊട്ടിക്കുന്ന ഒരു കളിയുണ്ട്. ദേഹം മുഴുവൻ വെള്ളവും ചെള്ളയും പിന്നെ നനഞ്ഞ കളസവുമായി നടക്കും.. ദിവസവും പല പ്രാവശ്യം അതിലെ പോകണം.


അരികിലായി ചുവന്ന ഇഷ്ടിക കൊണ്ട് പണിത ഓലമേഞ്ഞ ചെറിയ വീട്. ഭിത്തി തേച്ചിട്ടില്ല. അദ്ദേഹം അവിടെ ഒറ്റക്കാണ് താമസം. അറുപത് വയസ്സു കാണുമായിരിക്കും. വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും എന്തെങ്കിലും പണി ചെയ്തു കൊണ്ടിരിക്കും.


മുറ്റത്തും തിണ്ണയിലും കോലായിയിലും ആണ് വർക്ക്ഷോപ്പ്. പണി തീരാറായ കോഴിക്കൂട്, വിവിധ നീളത്തിൽ മുറിച്ച മരകഷണങ്ങളും തെങ്ങിൻതടിയും. പണിആയുധങ്ങളും.
തൂമ്പാ, കോടാലി കൈപിടി ഊരിപോയാൽ ഞാൻ അവിടെ ചെല്ലും.. പുള്ളിക്കാരൻ അത് വാങ്ങിച്ച് തിരിച്ചും മറിച്ചും നോക്കും,
ഊം…. പണിതിരക്കാണ്. അടുത്താഴ്ച നോക്കട്ടെ എന്നു പറയും..


ഒന്നു രണ്ടു ദിവസം കഴിഞ്ഞ് ഞാൻ ആവഴി പോകുമ്പോൾ തൂമ്പ ശരിയായോ എന്ന് ഏറു കണ്ണിട്ട് നോക്കും. തീർന്നിട്ടില്ല. പഴയസ്ഥലത്തു തന്നെ ഇരുപ്പുണ്ട്. റിപ്പയറിങ്ങ് കഴിഞ്ഞാൽ എന്നെ കാണുമ്പോൾ വല്യപ്പൻ വിളിക്കും.. മോനെ കൊണ്ടു പോയ്ക്കോ. കൂലിയും പറയും.
ഞാൻ തൂമ്പയുമായി വീട്ടിലേക്കുള്ള വഴിയിൽ കാണുന്നതെല്ലാം വെട്ടി വെടിപ്പാക്കും.. പല ചേടത്തിമാരും ജനലിലൂടെ ഒളിഞ്ഞ് നോക്കും..
വർക്കിചേട്ടൻറ മകനല്ലേ ഇവനെന്തു പറ്റി… അവർ മനസ്സിൽ പറയും..


അധികം പൊക്കമില്ല. നെറുകയിൽ കഷണ്ടി ചുറ്റും നരച്ചമുടി. ഒറ്റ മുണ്ട്, കഴുത്തിൽ വെന്തീങ്ങ, പതുക്കെയാണ് നടക്കുന്നത്. എപ്പോഴും ഒരേ ഭാവം.
പണിക്കാരെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അവർ ചെയ്യുന്നത് കാണാനും..
കൽപണിക്കാരൻ ഇഷ്ടിക ഒന്നിന് മീതെ ഒന്നായി പണിത് മതിൽ ഉയർത്തുന്നതും, വേലികെട്ടുന്നതും മരപണിക്കാരുടെ ഉളി, വാള് അത് മൂർച്ചവയ്പ്പിക്കുന്നതും, കൊട്ടോടി കൊണ്ട് അടിക്കുമ്പോൾ കേൾക്കുന്ന സ്വരത്തിൻറ താളം, ചിന്തേര് ഇടുമ്പോൾ മരം ചുരുളുകൾ പോലെ മുറിഞ്ഞ് താഴെ വീഴും. ചായതിളപ്പിക്കാൻ ചിന്തേര്പൊടി അടുപ്പിൽ ഇട്ടാൽ ആളികത്തും. നല്ല ചൂടാണ്.


കോഴി മിക്കവാറും എല്ലാവരുടേയും വീട്ടിൽ വളർത്തും. സന്ധ്യയാവുമ്പോൾ കോഴികൾ ചെറിയ മരങ്ങളുടെ മുകളിൽ കയറും.. ചിലകാലങ്ങളിൽ രാത്രി കുറുക്കൻ, കാട്ടുമാക്കാൻ കോഴിയെ പിടിക്കാൻ വരും, ശല്യം കൂടി വന്നപ്പോൾ വീട്ടുകാർ കോഴികൂടുകൾ പണിയാൻ തുടങ്ങി.
ചുരുങ്ങിയ ചിലവിൽ പട്ടിക കൊണ്ട് കോഴികൂട് ഉണ്ടാക്കുവാൻ വല്യപ്പനോട് പറഞ്ഞാൽ മതി. രണ്ടാഴ്ച കഴിയുമ്പോൾ തലചുമടായി കോഴികൂട് വീട്ടിലെത്തും. മുകളിൽ ഓടോ, ഷീറ്റോ ഓലയോ മേയാം. സൗകര്യം പോലെ, കോഴിക്ക് കയറാൻ കോണിപടിയും കൊളുത്തുള്ള ചെറിയ വാതിലും ഉണ്ടാകും, ഇഷ്ടിക കൊണ്ട് രണ്ട് ചെറിയ മതിൽ കെട്ടിയാൽ കോഴികൂട് ഉയർത്തി വയ്ക്കാം. താഴെ വീഴുന്ന കോഴികാട്ടമെടുത്ത് ചേമ്പിന് വളം വച്ചാൽ.. ചേമ്പുകറിയുടെ കാര്യമോർക്കുമ്പോൾ വായിൽ വെള്ളമൂറുന്നു.


ഉലക്ക, ഉരൽ ജനലിന് ആവശ്യമായ ഉരുണ്ട അഴികൾ, മടലു തല്ലുവാനുള്ള വടി ഇതൊക്കെയാണ് അദ്ദേഹം ഉണ്ടാക്കിയിരുന്നത്. ഉൽസവം, പെരുന്നാൾ, ശിവരാത്രി. കുരിശിങ്കലും, കുന്നേലും വരാപ്പുഴയിലും സഹായികളുടെ കൂടെ കച്ചവടത്തിന് ഉരുപ്പടികളുമായി വല്യപ്പൻ പോകുമായിരുന്നു.
നല്ല മൂത്ത തെങ്ങിൻറ കടഭാഗം കൊണ്ടാണ് ഉരൽ ചെത്തി പൂർത്തിയാക്കുന്നത്. ഉലക്കയുടെ നീളത്തിൽ മുറിച്ച തെങ്ങിൻ കഷണം ഉളി ചിന്തേര്, അവസാനം മണൽ കടലാസ് ഉപയോഗിച്ച് മിനുസപെടുത്തി ഭംഗിയാക്കും. കൊല്ലൻറ അടുക്കൽ കൊണ്ടു പോയി ഇരുവശത്തും ഉലക്കചുറ്റ് ഇടും, ഒരു വശം പച്ചരി ഇടിച്ച് പൊടിയാക്കുവാനും, മറുവശം നെല്ല് കുത്തി അരി, അവൽ ഉണ്ടാക്കുവാനുള്ളതാണ്.


കുടുംബവഴക്ക്, വീട്കയറിതല്ല് പണ്ടൊക്കെ കേൾക്കാമായിരുന്നു. ഈ സന്ദർഭത്തിൽ ഉലക്ക, ചിരവയൊക്ക രംഗത്ത് വരും. ഉലക്ക കൊണ്ട് അടിയേറ്റവനെ അന്നത്തെ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല. എറണാകുളത്ത് ജനറൽ ആശുപത്രിയിൽ വഞ്ചിക്കു കൊണ്ടുപോകാം എന്നു വിചാരിച്ചാൽ ഒരു ദിവസം പോരാ.. അതിലും നല്ലത് എല്ലാവരും കൂടി കൂട്ട പ്രാർത്ഥന നടത്തി വേണ്ട കൂദാശകളൊക്കെ കൊടുക്കുന്നതാണ് ഉത്തമം.


കയിലാണ് അദ്ദേഹത്തിൻറ സ്പെഷ്യൽ. പ്ലാസ്റ്റിക്ക് അലുമിനിയം കൈയിലുകൾ അന്ന് ഇറങ്ങിയിട്ടില്ല. കറിക്കും ചോറു കോരാനും ചെറുതും വലുതുമായ കയിലുകൾ, കേടില്ലാത്ത നല്ല ചിരട്ട ചെത്തി ചീവി തുളയിട്ട് മുള കൊണ്ടുള്ള കൈപിടി… ബലത്തിന് റിവറ്റ് പോലെയുള്ള ഈയത്തിൻറ ആണിയും ഉണ്ടാവും, പതിനഞ്ച് പൈസമുതൽ മുകളിലേക്കാണ് വില. ധൈര്യമായി ഉപയോഗിക്കാം പെട്ടെന്ന് കേടാകില്ല. ഗാരണ്ടി.
പ്ലാവില കുമ്പിളു പോലെ ചുരുട്ടി ഇർക്കിലി കുത്തി ഉപ്പുമാങ്ങാ ചമ്മന്തിയും കൂട്ടി കഞ്ഞി കുടിച്ചത് പ്രായമുള്ളവരിൽ ചിലരെങ്കിലും ഇന്ന് ഓർമ്മിക്കുന്നുണ്ടാവും.
ജീവിതകാലം മുഴുവൻ ജോലിയെടുത്ത അദ്ധ്വാനശീലരായ മനുഷ്യർ, അവർ ഒന്നും സമ്പാദിക്കാറില്ല, കുറച്ചു പണി ആയുധങ്ങൾ മാത്രം ബാക്കി വച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറയുന്നു. അവരെ പറ്റി ആരും ഓർക്കാറില്ല, എവിടെയാണ് സംസ്ക്കരിച്ചതെന്നു പോലും ആർക്കും അറിയില്ല.


പണക്കാരനോ നേതാവോ മറ്റു ഉന്നതവ്യക്തികളോ ആണെങ്കിൽ കല്ലറയും ഫോട്ടോയും അനുസ്മരണ യോഗങ്ങൾ പ്രസംഗം സദ്യയും. ഉണ്ടാകും…. കൂടെ പിരിവും….
കൈതൊഴിൽ ചെയ്ത് മാന്യമായി ജീവിച്ച് അന്തസ്സോടെ നമ്മളെ വിട്ടുപോയ എല്ലാവരേയും ഈ അവസരത്തിൽ ഓർക്കുന്നു… പ്രണാമം..

സണ്ണി കല്ലൂർ

By ivayana