രചന : വത്സല ജിനിൽ ✍

ബിരുദാനന്തരബിരുദധാരിണിയെങ്കിലും,,
വെറുമൊരു വീട്ടമ്മ മാത്രമായിരുന്നവൾ
വിവാഹത്തോടെ,സ്വന്തം നാടും,വീടും എന്നന്നേയ്ക്കുമായന്യമായി പോയവൾ
സ്വർണ്ണത്തിന്റെ തുലാസിനൊപ്പം
മണ്ണില്ലാത്തതിനാൽ,,;
അവഗണനയും,പഴിയും,പരിഹാസവും
കേട്ടുള്ളിൽ കരഞ്ഞു കാലം കഴിച്ചവൾ
വിവാഹപ്പിറ്റേന്ന് ;
തട്ടാന്റെ മുന്നിൽ
തന്റെ പണ്ടങ്ങളോരോന്നായി
കുത്തി,പൊളിച്ചു ,തൂക്കി നോക്കാൻ
നൽകവേ,
ഒരു ബലിമൃഗത്തെപ്പോലെ
പേടിച്ചരണ്ടു തൻ വിധി കാത്ത് നിന്നവൾ
“പറഞ്ഞ സ്വർണ്ണം മുഴുവനുമുണ്ടെന്ന
പരമസത്യം കേട്ടാദ്യമായി
അപമാനഭാരത്താൽ തല കുനിച്ചു
പാതാളത്തോളം,
താഴ്ന്നു പോയവൾ………
പിന്നെ,,
തന്നുണ്ണിയെ വയറ്റിൽ പേറിയ
കാലമത്രയും,,
അടുക്കളയെന്ന ‘ഠ’വട്ടത്തിൽ,
വീർത്തവയറും താങ്ങി,
നീര് വച്ച കാലുകൾ
വലിച്ചിഴച്ചും,ഓക്കാനിച്ചും,
തല ചുറ്റി തളർന്നും
നാലഞ്ചു പേർക്കൊറ്റയ്ക്ക് വച്ചു വിളമ്പി..
കാലം കഴിച്ചവൾ……….
എന്നിട്ടും,,,
മഞ്ഞൾ കൂടിപ്പോയതിനും,,,
ജീരകം അരയാത്തതിനും
മുരിങ്ങയ്ക്ക പങ്കായമെടുത്തവർ
കുറ്റം പറഞ്ഞുണ്ട്,കൈ കഴുകി,,
ഏമ്പക്കവും വിട്ട്,
അവളെന്നൊരു,,അക്കമ്മിട്ടെണ്ണി വാങ്ങിയ
പാവയ്ക്ക് നേരെ
കുലുക്കുഴിഞ്ഞു നീട്ടി തുപ്പുമ്പോൾ
ആ എച്ചിൽപ്പാത്രങ്ങളോരോന്നും മോറി
യൊന്നുപോയി കിടക്കാനവൾ കൊതിച്ചെങ്കിലും
വല്ലപ്പോഴും മാത്രമാവഴി കടന്നു വന്ന
ചില വിഷക്കടന്നലുകൾ,,,
അവളെ മാത്രം സദാ കുത്തി,
കുർത്ത ആണിയടിച്ചു മുറിവേല്പിച്ചു,
നിരന്തരം കുരിശിലേറ്റി,,
ദൂരേ മാറി നിന്ന് കൈയടിച്ചു രസിച്ചു.
അങ്ങിനെ,,,
വർഷങ്ങൾ കടന്നുപോകവേ,,,
ഒറ്റപ്പെട്ട ആ തടവറയിൽ,
ചെറിയൊരു പരോൾ പോലും കിട്ടാതെ,,
മാറി മാറി വരുന്ന മൽസരപ്പരീക്ഷകൾ
ഒന്നെഴുതുവാനനുവാദമില്ലാതെ,
ചിറകരിഞ്ഞ കിളിയെപ്പോലെ,
നിരാശയുടെ പൂപ്പൽ പിടിച്ച
അഴികളിൽ തല ചായ്ച്ചു നിന്നവൾ
ശബ്ദമില്ലാതെയെന്നും തേങ്ങിയിരുന്നു…
കാരണം,,
വിലയാധാരമായി,,
ഇരിക്കപിണ്ടം
വച്ചതായിരുന്നു,,
അവളുടെ സ്വപ്നങ്ങളെല്ലാം തന്നെ !!!

വത്സല ജിനിൽ

By ivayana