രചന : കല സജീവൻ✍
വൈകുന്നേരത്തെ കുളി കഴിഞ്ഞവൾ
മുറ്റത്തിറങ്ങി നിൽക്കും.
വിരിയാൻ തുടങ്ങിയ പൂക്കളെല്ലാം
നാട്ടുവെളിച്ചത്തിൽ അവളെ നോക്കി ചിരിയുതിർക്കും.
ഒരു മുല്ലമൊട്ട്,
ചിലപ്പോൾ ഒരു ചെമ്പകപ്പൂവ്,
പാരിജാതം,
പിൻനിലാവിൽ തെളിഞ്ഞ നീലിച്ച പൂവ്,
അല്ലെങ്കിൽ വേലിത്തലപ്പിൽ പടർന്ന പേരറിയാത്ത പൂവ്…
വിരൽത്തുമ്പുനീട്ടിയവൾ പറിച്ചെടുക്കും.
വാസനിച്ചു വാസനിച്ചങ്ങനെ സ്വയം മറക്കും.
നനവുണങ്ങാത്ത മുടിയിൽ തിരുകും.
പൂക്കളെല്ലാം വിരിയുന്നത് പ്രണയികൾക്കു വേണ്ടിയാണ്.
പ്രണയഗന്ധം നിറച്ചവൾ
നടന്നുപോകുമ്പോൾ ലോകം മുഴുവൻ ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കും.
എങ്ങുനിന്നീ സുഗന്ധമെന്നമ്പരക്കും.
പ്രണയിനിയാവുകയെന്നാൽ
അടിമുടി സുഗന്ധിനിയാവുക എന്നാണ്.
മാലോകരറിയുക എന്നാണ്.
വാക്കനൽ