രചന : വാസുദേവൻ. കെ. വി ✍

ചരിത്ര പുസ്തകങ്ങളിൽ പുരാതന തൊഴിൽ ലൈംഗികവൃത്തി. ചുവന്ന തെരുവുകളിൽ അംഗീകാരത്തോടെ എന്നോ അതൊക്കെ.
ലോകരാജ്യങ്ങളിൽ പലതും പിടിച്ചു നിൽക്കുന്നത് ടൂറിസ്റ്റു വരുമാനം കൊണ്ട്. അവിടെയൊക്കെ മുഖ്യാകർഷണം ഇതു തന്നെയെന്ന് മാധ്യമ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.


ദേവദാസികളുടെ നാട്ടിലെ കപട സദാചാര മനസ്സുകൾക്കിന്നും അത് തൊഴിൽ എന്ന പരിഗണന നൽകാൻ മടി.
നളിനി ജമീലയുടെ പുസ്തകങ്ങൾ വരെ ഒളിപ്പിച്ചു വെക്കുന്ന വീടുകൾ.
ഭീകര പ്രവർത്തനങ്ങൾക്കോ, വിധ്വംസക ശക്തികൾക്ക് ഫണ്ടു നൽകാനോ അല്ല ഒരു സ്ത്രീയും അവളുടെ ശരീരം നൽകി സേവനത്തിനു വേതനം കൈപ്പറ്റുന്നത്. കുഞ്ഞിന് പാലു വാങ്ങിക്കാൻ തൊട്ട് കുടുംബത്തിന്റെ കട ബാധ്യത തീർക്കുന്നതിന് വരെ ഉപയോഗിക്കപ്പെടുന്നു ആ തുക.


മറ്റെതൊരു തൊഴിലും പോലെ അതിനെകാണാൻ ഇനിയും പഠിക്കാത്ത അറുപഴഞ്ചൻ ചിന്തകൾ അലയടിക്കുന്ന നാട്ടിൽ പരമോന്നത നീതിപീഠം വിധിച്ചത് ആഹ്ലാദകരം തന്നെ. ഇല നക്കിയ ശ്വാനന്റെ ചിറി നക്കുന്ന ചില കാക്കിശുംഭർക്കും, പെറ്റിഗുണ്ടകൾക്കും ആണ് ഇനി സങ്കടം. ഇനി ഭീഷണിപ്പെടുത്തി മറ്റുള്ളവരുടെ അദ്ധ്വാനഫലം പിടിച്ചുപറിക്കാൻ ആവില്ലല്ലോ.


കോടതികൾ ചിലപ്പോൾ ഉണർത്തുന്നു ഉറക്കം നടിച്ചു കിടക്കുന്ന നമ്മളെ. കളിക്കളത്തിൽ ഇറങ്ങി ക്കളിക്കുന്നവർക്ക് ആശ്വാസം എങ്കിലും
സൗകര്യം ഒരുക്കികൊടുക്കുന്നവരെയാണ് നിയമപ്രകാരം ഇനി കൂട്ടിൽ കേറ്റൽ .. അതുകൂടി തിരുത്തപ്പെടുന്ന നാൾ ഇനിയെന്ന്.
ആരോഗ്യവും അൽപ്പായുസ്സും
കരയാക്കരളും നേരാം നമുക്ക്.
കവിവാക്യം പോലെ.

By ivayana