രചന : മനോജ് കാലടി ✍
പുട്ടിനും ചിലതൊക്കെ പറയാനുണ്ട്.. പുട്ടും പ്രവാസിയും ഒരുപോലെ വേവുന്നവർ..
ഉള്ളിൽ തിളയ്ക്കുന്ന ജീവിതസത്യത്തിൽ
ചൂടേറ്റു വേവുന്നു പാപിയായോരു ഞാൻ
ജീവിതപാഠത്തിൻ നേരിന്റെയാവിയിൽ
സാഹചര്യങ്ങൾതൻ രൂപം ഗ്രസിച്ചു ഞാൻ.
ഒരു തവിവെള്ളത്തിൽ കണ്ണുനീരുപ്പേകി
എന്തിനായെന്റെ ഹൃദയംകവർന്നു നീ?
ഞങ്ങൾക്കിടയിൽ നീ പണിതില്ലയോ
കപട സ്നേഹത്തിന്റെ മൃദുല മതിലുകൾ?
നിന്റെ സ്നേഹത്തിലെല്ലാം മറന്ന ഞാൻ
പരിഭവം പറയാത്ത അരുമയായെങ്കിലും
ചുട്ടുപൊള്ളീടുമിരിപ്പിടമേകി നീ
എന്റെ മേനിയിലാവി നിറച്ചു പോയ്.
പൊട്ടിക്കരയുവാൻ പോലുമായീടാതെ
കാരാഗൃഹത്തിലേറേ തളർന്നു ഞാൻ.
ചതിയുടെ മാർഗ്ഗത്തിലഭിരമിച്ചീടും നീ
പുറകിലൂടെകുത്തിയെന്നെ പുറത്താക്കി.
അന്യന്റെ ദുഃഖത്തിൻ നോവറിയാത്ത നീ
വീണ്ടുമെൻ മേനിയിൽ മർദ്ദനമേകിയും
കൊന്നപാപത്തെ തിന്നു തീർത്തീടുന്ന
നിന്നുടെമുന്നിൽതോറ്റുപോയ് വീണ്ടുംഞാൻ
എന്നെപോലെത്ര പ്രവാസികൾ ചുറ്റിലും
പൊള്ളുന്നു, കണ്ണുനീരില്ലാതെ കരയുന്നു.
തോറ്റുപോയോരുടെ കഥകൾ കേട്ടീടാത്ത
ലോകമേ നിന്നോട് പുച്ഛമാണിപ്പോഴും.