രചന : സഫി താഹ അലി✍

സഹോദരീ വാക്ക് പാലിച്ചിട്ടുണ്ട്. നിന്റെ ജീവിതം എഴുതാതിരിക്കുന്നതെങ്ങനെ? അതിനാൽ കുറിക്കുന്നു.
“കെട്ട്യോന്റെ വീട്ടിൽ പ്രശ്നമാണെങ്കിൽ സ്വന്തം വീട്ടിൽ പോകണം എന്ന് പറയാൻ എന്ത് എളുപ്പമാണ് അല്ലേ സഫീ? പക്ഷേ അതത്ര എളുപ്പമല്ല എന്റെ അനുഭവം അതാണ്‌.”
കയറിച്ചെല്ലുവാൻ വീടുള്ളവർക്കല്ലേ സഫീ ആത്മഹത്യയിൽ അഭയം പ്രാപിക്കാതെ അവിടേക്ക് ചെല്ലാൻ കഴിയുക? പടിയടച്ച് പിണ്ഡം വെച്ചവർക്ക് എങ്ങനെയാണ് വീടും വീട്ടുകാരും സംരക്ഷകരാകുക?അവർ ചെക്കനെ കണ്ടെത്തി കെട്ടിച്ചുവിട്ടതാണ്. പ്രണയിച്ച് ഇറങ്ങിപോയതല്ല.അങ്ങനെ പോയവരെയും മാതാപിതാക്കൾ തിരികെ കൂട്ടിക്കൊണ്ട് പോയതറിയുമ്പോൾ നെഞ്ച് നിറയെ സങ്കടമാണ്.

കല്യാണത്തിന്റെ പിറ്റേന്ന് തുടങ്ങിയ ഭർത്താവിന്റെ ഉപദ്രവങ്ങൾ. ചെറിയ പ്രായത്തിലെ വിവാഹമായത്കൊണ്ട് തന്നെ പലതിനും കുത്തുവാക്കുകൾ.
ആദ്യമൊക്കെ ക്ഷമിച്ചു,കരഞ്ഞു, കാല് പിടിച്ചു തൊഴുതു.ഒരിക്കൽ അടിയും തൊഴിയും സഹിക്കാൻ വയ്യാതെ വീട്ടിലേക്ക് ചെന്നപ്പോൾ അമ്മ പറഞ്ഞു “നീയിനി ഇവിടെനിന്നും ഇറങ്ങി പോകാതെ ഞാനിവിടേക്ക് വരില്ലെന്ന് “അവർ പുറത്തേക്കിറങ്ങി നിന്നു. മഴപെയ്തിട്ടും അകത്തേക്ക് കയറിയില്ല.

കൊണ്ടുപോയ സാധനങ്ങൾ പുറത്തെടുക്കാൻ അനുവദിക്കാതെ അതേ ഓട്ടോയിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ തിരികെ കയറിയപ്പോൾ അച്ഛൻ സംസാരിക്കാൻ വരാമെന്നു പറഞ്ഞു കൂടെകയറി. അമ്മയത് തടഞ്ഞു.”ലോകത്ത് അവൾ മാത്രമല്ല പെണ്ണ്. സഹിക്കേണ്ടതാ എല്ലാവളും.”

അനിയത്തി ഗർഭിണിയാണ് (ഒളിച്ചോടിയത് )അവൾ വീട്ടിലേക്ക് വരുന്നുണ്ട്. അപ്പോൾ പിന്നെ രണ്ട് മക്കളെയും നിർത്തിയാൽ എങ്ങനെ എന്ന് സ്വയം സമാധാനിച്ചുകൊണ്ട് കെട്ട്യോന്റെ വീട്ടിലേക്ക് പോന്നു.
തിരികെയെത്തിയപ്പോൾ കാത്തിരുന്നത് ഭീകരമായ മർദ്ദനങ്ങളായിരുന്നു.
റോഡിൽനിന്നും മുടിയിൽ ചുറ്റിപ്പിടിച്ച് വീട്ടിലേക്ക് വലിച്ചിഴച്ചു.ആരുമറിയാതെ വീട്ടിലേക്ക് ഫോൺ വിളിച്ചു വീണ്ടും “ഇതൊക്കെ തന്നെയാണ് ജീവിതമെന്ന്” പറഞ്ഞ് എല്ലാവരും കൈയൊഴിഞ്ഞു.
പിന്നെ ഏത് പീഡനത്തെയും കരഞ്ഞുകൊണ്ട് വിധിയെ പഴിച്ചുകൊണ്ട് സഹിച്ചു. ഓരോ ദിവസവും അടികൊള്ളാതിരിക്കാൻ പ്രാർഥിച്ചു.ആരും കാണാതെ ശരീരത്തിലെ അടിയുടെ പാടുകൾ നീലിച്ചുകിടന്നു.
ഒരു മൃഗത്തിനെ ഉപദ്രവിക്കുന്ന പോലെയായിരുന്നു ലൈംഗികത.ഒരു കുഞ്ഞുണ്ടായി.ഗർഭാവസ്ഥയിൽ സ്വന്തം വീട്ടിലെ ഭക്ഷണം കൊതിച്ചവൾക്ക് പ്രസവിച്ചു കിടന്നപ്പോൾപോലും കിട്ടിയില്ല.

പലവിധ മാനസിക പീഡനങ്ങളും ദുഖങ്ങളും ഉറക്കമില്ലായ്മയും പോസ്റ്റുപോർട്ടം ഡിപ്രെഷനുണ്ടാക്കി.
സ്വന്തം അമ്മയുടെ സഹകരണമില്ലായ്മയും സ്നേഹമില്ലായ്മയും കൂടെയായപ്പോൾ അത് ഭ്രാന്ത്‌ പോലൊരവസ്ഥയായി.
കുഞ്ഞിനെ കാണാൻ വരുന്നവരോടൊക്കെ മോൾക്ക് ഭ്രാന്താണെന്ന് പറയാൻ അമ്മയ്ക്ക് മടിയുണ്ടായില്ല.രാത്രി വെളുക്കുവോളം കരഞ്ഞിരുന്ന കുഞ്ഞിനെ മാറിയെടുക്കാൻ ആളില്ലാതെ ഉറക്കമൊഴിഞ്ഞ എനിക്ക് തലവേദനകൂടി.വൃത്തികേടായി മാറ്റിയിടുന്ന തുണികളൊക്കെ കുന്നുകൂടി.സിസ്സേറിയൻ ചെയ്‌ത മുറിവുണങ്ങുന്നതിന് മുൻപ് തുണി കഴുകാനും വിരിക്കാനും തുടങ്ങി,
കറിയുണ്ടാക്കാനും റൂം വൃത്തിയാക്കാനും തുടങ്ങി. ഒരിക്കൽ ഇത് കണ്ട് വന്ന ഭർത്താവിൽനിന്നും 28കുളിക്കുന്നതിനു മുൻപ് അടിയും കിട്ടി.അന്ന് തന്നെ കെട്ട്യോന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോയി.പിന്നെയുള്ള പീഡനങ്ങൾ അത് പറഞ്ഞായിരുന്നു. സ്വന്തം വീട്ടിൽ വിലയില്ലാത്തവളെ, വീട്ടുകാർക്ക് പോലും വേണ്ടാത്തവളെ ആര് നോക്കാൻ?

മകളുടെ അവസ്ഥകൾ നന്നായറിയുന്ന അമ്മ ചിന്തിച്ചത്,സ്‌നേഹം കാണിച്ചാൽ എന്നന്നേക്കും അവിടെ നിൽക്കും എന്നായിരുന്നു “ഇത്രയും കാലം നിനക്കൊക്കെ വേണ്ടി ജീവിച്ചു, ഇനിയും പറ്റില്ല “എന്ന് ഫോണിലൂടെ തീർത്തുപറഞ്ഞതോടെ മനസ്സിലാക്കുകയായിരുന്നു, എല്ലാവർക്കും ബാധ്യതയാവുകയാണെന്ന്.ഈ ദുരിതത്തിൽനിന്നും രക്ഷിക്കാൻ, ഒരാശ്വാസത്തിനു ഒരു വാക്ക് പറയാൻ, സഹായിക്കാൻ തനിക്കാരുമില്ലെന്ന്. അല്ലെങ്കിലും അമ്മ കൈയൊഴിഞ്ഞാൽ മക്കൾക്ക് ആരാണല്ലേ?
അച്ഛൻ ഇടയ്ക്കിടെ വരും, എന്തെങ്കിലും പലഹാരങ്ങൾ കൊണ്ടുത്തരും.

നെറുകയിൽ ഉമ്മ തരും. കണ്ണുനിറഞ്ഞുകൊണ്ട് തിരികെ പോകും.ഞാൻ വീട്ടിൽപോയി ആ പാവത്തിന്റെ സ്വസ്ഥത കൂടി എന്തിന് ഇല്ലാതാക്കണം, അതുകൊണ്ട് വീട്ടിലേക്ക് പോകാറില്ല.അമ്മയുടെ പേരിലാണ് വീട്. അച്ഛനും മോനുമാണ് ഈ ലോകത്ത് എന്നെ സ്നേഹിക്കുന്ന രണ്ടുപേർ.

എങ്ങനെയാണ് ഒറ്റയ്ക്ക് ജീവിക്കുക എന്നറിയില്ലായിരുന്നു.ജോലിയില്ല, ബുദ്ധി പറഞ്ഞുതരാൻ ആരുമില്ല. പതറിപോയ നിമിഷങ്ങൾ, പട്ടിണികിടന്ന ദിവസങ്ങൾ. ആരും കൂടെയില്ലെങ്കിലും അമ്മ സമാധാനത്തോടെ ഒരു വാക്ക് പറഞ്ഞെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. കയറിചെല്ലാൻ വീടുണ്ടായിട്ടും വാതിലുകൾ അടയുന്നത് മനസ്സിലോർക്കുമ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നും. എനിക്ക് ആത്മഹത്യ പേടിയായിരുന്നു സഫീ,മോന്റെ മുഖത്ത്നോക്കുമ്പോൾ മാത്രമാണ് അന്നൊക്കെ സന്തോഷിച്ചിട്ടുള്ളത്. അവന്റെ കാര്യവും ഭർത്താവ് നോക്കാതായപ്പോൾ ഞാൻ ചെറിയ ചെറിയ ജോലികൾക്ക് പോയി തുടങ്ങി, അടിയും തൊഴിയും ഉറപ്പാണെന്നറിഞ്ഞിട്ടും ചെറിയ സാമ്പാദ്യങ്ങൾ കൂട്ടി തയ്യൽമെഷീൻ വാങ്ങി.
മുൻപ് പഠിക്കാൻ വിടാതെ അമ്മയെന്നെ ജോലിക്ക് കൊണ്ട് നിർത്തിയയിടത്തെ ഇത്ത പഠിപ്പിച്ചുതന്ന തയ്യൽ കൊണ്ടാണ് ഞാനിന്നു ജീവിക്കുന്നത്. സാമാന്യം തെറ്റില്ലാത്ത വരുമാനം ഉണ്ടായി വന്നപ്പോൾ ഭർത്താവും ചെറിയ തോതിൽ ഒതുങ്ങിയിട്ടുണ്ട്. അമ്മയെ ഇപ്പോൾ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യും എന്നതാണ് ഏക സമാധാനം.തന്ന സ്വർണ്ണം വിറ്റ് മൂന്ന് സെന്റ് വാങ്ങി.ഗവണ്മെന്റ് സഹായത്താൽ വീട് വച്ചു.അമ്മ ഇളയമോളെയും ഭർത്താവിനെയും വീട്ടിലേക്ക് കൂട്ടി.അച്ഛൻ ഇറങ്ങിപോന്നു. അച്ഛനിപ്പോൾ കൂടെയുണ്ട്.

കയറിച്ചെല്ലാനിടമുണ്ടായിട്ടും കൈപിടിച്ചുകയറ്റാൻ, ചേർത്തുനിർത്താൻ ആളില്ലാതെ എത്രയോ പെൺകുട്ടികൾ ഇവളെ പോലെയുണ്ടാകും? എന്തുകൊണ്ടാകും സ്വന്തം വീട്ടുകാരും ഇത്രയേറെ സ്വാർത്ഥരാകുന്നത്?മക്കളോട് എന്തിനാകും തരംതിരിവ് കാണിക്കുന്നത്?

By ivayana