രചന : പ്രീത ഷിജി ✍

ഞാൻ ആലപിച്ച പ്രീതടീച്ചറിന്റെ മൂന്നാമത്തെ കവിത,പ്രളയത്തിനൊടുവിൽ
വരികളോടൊപ്പം വീഡിയോയും കൂടെ. എഡിറ്റിംഗ് എന്റെ മോൾ ശ്രീലക്ഷ്മിവിജയൻ.

പ്രളയത്തിനൊടുവിലീയർക്കാംശുവാദ്യമായ-
ഴലിൻറെ നെറുകയിൽ മെല്ലെത്തലോടവേ ;
അറിയുന്നു ഞാനീ പ്രകൃതിനിൻ ശക്തിയെ;
അറിയുന്നു ഞാനീ പ്രപഞ്ച സത്യങ്ങളെ….

മഴയുതിർത്തിട്ട നീർമരണക്കയങ്ങൾ തൻ
ആഴങ്ങൾ നീന്തി ഞാനുയിർതേടിയലയവേ..
അറിയുന്നു ‘ഞാനെ’ന്ന വാക്കിൻ നിരർത്ഥമാം
അതിരറ്റ ഭാവങ്ങളലിയുന്ന ശൂന്യത!

നനവാർന്ന പുസ്തകത്താളിൽ മഷിപടർന്ന-
ഴലാർന്നു ചിതറിയോരക്ഷരപ്പൊട്ടുകൾ;
ഒന്നാകെ മായ്ച്ചു നീ പ്രകൃതിയാം തൂലിക-
യെഴുതുമീ പാഠങ്ങളറിയുന്നു ഞാൻ സഖേ..

ചുറ്റും പരന്ന ജലപ്രളയത്തിലിന്നിറ്റു
വെള്ളത്തിനായ് ദാഹിച്ചു കേഴവേ
കടൽമണം മാറാത്ത കനിവിന്റെ കൈകൾതൻ
കരബലം കരുതലായറിയുന്നു വ്യഥയിൽഞാൻ.

അഹമെന്ന ഭാവത്തിനാത്മശൈലങ്ങളിലുരുൾ-
പൊട്ടി വാർന്നനിൻ ചുടുനിണച്ചാലിൽ ഞാൻ
അറിയുന്നു പ്രകൃതിനിൻ ഉൾക്കാമ്പിലതിരറ്റ-
സഹനം കടംതന്ന നൊമ്പരപ്പാടുകൾ!

വഴിമാറിയൊഴുകുമീപുഴതൻ്റെയാഴങ്ങ
ളറിവിന്റെ നീർക്കരം നീട്ടിപ്പതിയ്ക്കവേ-
യറിയുന്നു ഞാനെന്റെയയലത്തെ നന്മകൾ
നിറകണ്ണുചിമ്മിയ ഇരുൾവീണ ശയ്യയിൽ

തണുവാർന്ന തനുവിലായാരോ പുതപ്പിച്ച –
കരുണപ്പുതപ്പിലെന്നുയിരിന്റെ ‘തീക്കനൽ’
ഒരുകുഞ്ഞു ചിമിഴിലായാളിപ്പടർത്തിയെൻ
‘അതിജീവന’ത്തിന്റെ നാളം തെളിച്ചവർ

അറിയുന്നു ഞാനീ നശിക്കാത്ത നന്മകൾ
മിഴിവാർന്ന നാടിൻ കരുത്താർന്ന നൽതണൽ
ചിറകെനിക്കേകിയങ്ങുയരെപ്പറക്കുവാൻ
പുതുമനം തന്ന നൽക്കൈകളിൽ മുത്തി

ഞാനറിയുന്നു പ്രകൃതിയെപ്പൂജിച്ചു വേണമെൻ
അതിജീവനത്തിന്റെ വിത്തുകൾ നാമ്പിടാൻ ….
ഇനിയുമില്ലവസരമിതുതന്നെ ‘യറിവി’ന്റെ
പുതുനാമ്പുകൾ കേടാതുയിരേകിയുയരുവാൻ…

By ivayana