ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് ഭൂപടം പരിഷ്ക്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാളിലെ ഉപരിസഭ അംഗീകാരം നൽകി. 57 അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തു. ആരും എതിർത്തില്ല. ഇന്ത്യൻ പ്രദേശങ്ങളായ ലിപുലെഖ്, കാലപാനി, ലിംപിയാദുര എന്നിവ നേപ്പാൾ പ്രദേശങ്ങളായി ചിത്രീകരിച്ചുകൊണ്ട് ഭൂപടം പരിഷ്ക്കരിച്ചുകൊണ്ടുള്ള ബിൽ ജൂൺ 13 ന് നേപ്പാൾ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു.
രാഷ്ട്രിയ ജനതാ പാർട്ടി-നേപ്പാൾ (ആർജെപി-എൻ), നേപ്പാൾ കോൺഗ്രസ് (എൻസി), രാഷ്ട്രിയ പ്രജാന്ത്ര പാർട്ടി (ആർപിപി) എന്നിവയുൾപ്പെടെയുള്ള നേപ്പാൾ പ്രതിപക്ഷ പാർട്ടികൾ ദേശീയ ചിഹ്നം ഉൾപ്പെടുത്തിക്കൊണ്ട് ഭരണഘടനയുടെ ഷെഡ്യൂൾ 3 ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.
നേപ്പാളിന്‍റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തി. നേപ്പാളിന്‍റെ അവകാശ വാദം കൃത്രിമ പരമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. അയൽ രാജ്യത്തിന്റെ നീക്കത്തോട് ശക്തമായി പ്രതികരിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുരാഗ് ശ്രീവാസ്തവ പറഞ്ഞു, “നേപ്പാളിലെ ഭൂപടം ഇന്ത്യൻ പ്രദേശത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഭരണഘടന ഭേദഗതി ബിൽ പാസാക്കിയതായി അറിഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്’- അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ലിപുലേഖ് ചുരവും കൈലാസ് മാനസരോവറിലേക്കുള്ള വഴിയും ചേർത്ത് ഇന്ത്യ പുതിയ റോഡ് നിർമ്മിച്ചതോടെയാണ് വിവാദങ്ങൾക്കു തുടക്കമായത്. ഈ വിഷയത്തിൽ പ്രതിഷേധവുമായി നേപ്പാൾ രംഗത്തെത്തിയിരുന്നു. ഈ റോഡിൽ ഒരു സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുമെന്ന് നേപ്പാൾ വ്യക്തമാക്കി. ഇന്ത്യ ഇത് നിരുപാധികം തള്ളി. റോഡ് പൂർണമായും ഇന്ത്യയുടെ അതിർത്തിയ്ക്ക് അകത്താണെന്ന് ഇന്ത്യ വ്യക്തമാക്കി.