രചന : ജയേഷ് പണിക്കർ ✍
പ്രകൃതി തൻ പ്രിയരാകും തോഴരിവർ
പരിപാലനത്തിലഗ്രഗണ്യർ
ഋതു ഭേദമറിഞ്ഞെന്നുമീ മണ്ണിനെ
ഹൃദയത്തോടെന്നുമേ ചേർത്തു നിർത്തും
തിരികെ കൊടുക്കുന്നു ജനനിയെന്നും
നിറയെ ഫലങ്ങളായെന്നുമെന്നും
അറിവൂ പരസ്പര സ്നേഹത്തിനാൽ
അനുദിനമീബന്ധമൂഴിയിലായ്
വിലയെന്തെന്നറിയുമോ ഇവർ
വിയർപ്പാലുർവ്വിയെ ഫലപുഷ്ടമാക്കിടുന്നു
ജലമേകി ദാഹം ശമിപ്പിച്ചിടും
ജനനി തൻ ഹൃദയമറിയുന്നവർ
മലിനമാക്കാതെ മണ്ണിലെന്നും
വിളയൊരുക്കുന്ന സഹോദരങ്ങൾ
തൊഴുതിടൂ കൈകൂപ്പിയിവരെയെന്നും
തളരാതെ മണ്ണിനെയറിയുവോരെ.