രചന : കൃഷ്ണമോഹൻ കെ പി ✍
നാലക്ഷരങ്ങൾ നാം കൂട്ടി വായിക്കുമ്പോൾ
നാവിന്റെ തുമ്പത്തെത്തും ഭാഷയും ശുഭമായി
നാലാളു കൂടുമ്പോൾ നാം ചൊല്ലുന്ന
വചസ്സുകൾ
നാളെയും നമ്മെപ്പറ്റി വിലയിരുത്തുവാൻ പോരും
സംസ്കൃത മനസ്സിന്റെ ഉൾവിളി കേട്ടിട്ടെന്നും
സംവദിക്കുന്നൂ പരം, വാക്കിനാൽ പരസ്പരം
സംസ്ക്കാരം തുടിച്ചിടും വാക്കിലതെന്നാൽ പോലും
സംഗതിയറിയാതെ
ചൊല്ലുന്നൂ പലപ്പോഴും
വാക്കുകൾ, പറയുന്ന വാക്കുകൾ, നമ്മേപ്പറ്റി
വായ്ച്ചിടും, മറ്റുള്ളോർ തൻ ചിത്തത്തിൻ കണക്കുകൾ
വാക്കല്ല, ഹൃദയത്തിൻ ഭാഷയായ്ത്തീർന്നീടണ്ടേ
വായ്ച്ചിടും നമ്മൾ തന്റെ ഭാഷണം,
ആണോ, ആവോ!!!
ഭൂമിയിൽ പിറന്നുള്ള മാനവരെല്ലാവരും
ഭൂതകാലവുമോർത്തുവാക്കുകൾ പ്രയോഗിച്ചാൽ
ഭൂഷണമാകില്ലയ്യോ, കേൾപ്പോർക്കും, പറവോർക്കും
ഭാവങ്ങൾ ഉണർന്നീടിൽ, ഭാഷയും നന്നായീടും
ചിന്തിക്കിൽ മനുഷ്യന്റെ അന്തരംഗത്തിൽ മുറ്റും
ചിന്തകളതു തന്നെ വാക്കായി ജനിയ്ക്കുന്നൂ
ചന്തമേറീടുന്നുള്ള വാക്കുകൾ പറഞ്ഞീടിൽ
ചന്ദ്രനു തുല്യമാകും മാനവ മനോഭാവം
സംസ്‌ക്കാരമൊളിപ്പിച്ച വാക്കുകളുതിർക്കുന്നോൻ
സംസ്കൃത ചിത്തനെന്നു കരുതും മഹാജനം
സംസ്കൃതിയല്ലോ, എന്നും, മാനവ ജന്മത്തിന്നെ
സംസ്ക്കാര പ്രഭൃതിയായ് കരുതി വളർത്തുന്നൂ.