രചന : എൻ.കെ.അജിത്ത് ആനാരി ✍

നിലാവിൽ ഓളങ്ങളിളകുന്ന പമ്പാനദി. പകൽമുഴുവൻ കത്തിയെരിഞ്ഞ് പടിഞ്ഞാറ് കടലിൽ ആണ്ടുപോയ പകലോനവശേഷിപ്പിച്ച താപം പുറത്തേക്കൂറ്റിക്കളയുന്ന നദിയുടെ ഉപരിതലത്തിൽ നിന്നും ഉയർന്നുപൊങ്ങുന്ന സൗമ്യമായ ഉഷ്ണത്തെ ഏറ്റുവാങ്ങി കരയിലെത്തിക്കുന്ന ഇളം കാറ്റിൽ ഇരുകരയിലുമുള്ള തെങ്ങിൻതലപ്പുകൾ ആടുന്നത് രാഘവന് കാണാം. ഒന്നും ഒറ്റയുമായി അങ്ങുദൂരെ ചില കുടിലുകളിൽ മണ്ണെണ്ണ വിളക്കിൻ്റെ മങ്ങിയ പ്രഭകാണാം. രാഘവൻ വള്ളമൂന്നുകയാണ്. എട്ടരയ്ക്കുള്ള ബോട്ടു പോയിക്കഴിഞ്ഞിട്ടുവേണം അയാൾക്ക് നദിയുടെ ഏറ്റവും വലിയ ഈ നെട്ടായത്തിലേക്ക് വള്ളംവച്ച്‌ അക്കരയ്ക്കു പോകാൻ. അതിനു മുമ്പേ ആഹാരം പാകം ചെയ്യുന്നതിനായി അയാൾ വള്ളം നദിയുടെ കിഴക്കേക്കരയിലടുപ്പിച്ച് കെട്ടാനായി തീരുമാനിച്ചു.


ഒരാൾ താഴ്ചയുള്ള അയാളുടെ വള്ളംനിറയെ കല്ലുകളാണ്. കല്ലുകളെന്നു പറഞ്ഞാൽ വെറും കല്ലുകളല്ല; അരകല്ലും, ആട്ടുകല്ലും, ഉഴുന്നുപൊളിക്കുന്ന കല്ലും, മരവിക്കല്ലും എന്തിനേറെ കൽവിളക്കുകളുമുണ്ടതിൽ. വളപുരയിൽ തൂക്കിയിരിക്കുന്ന റാന്തലിനു ചുറ്റും ഈയാമ്പാറ്റകൾ വന്നു പതിക്കുന്നുണ്ട്. അയാൾ റാന്തലിൻ്റെ ചില്ലുയർത്തി ഒരു ബീഡികത്തിച്ചു. അങ്ങു ദൂരെ ബോട്ടുവരുന്ന നേരിയശബ്ദം കേട്ടുതുടങ്ങി. കൊയ്തൊഴിഞ്ഞ പാടശേഖരങ്ങളുടെ കരയിൽ താറാവുകാരുടെ ടെൻ്റുകളിൽ താറാവ് ഇടയ്ക്കിടെ ചിലയ്ക്കുന്നതു കേൾക്കാം.
അയാൾ വള്ളം വിജനമായ ഒരിടത്തു ബണ്ടിൽ ചേർത്തുനിർത്തി. കഴുക്കോൽ വള്ളത്തിൻ്റെ കോതിലെ പ്ലാസ്റ്റിക് കൊളുത്തിൽ കൊളുത്തിയിട്ടു. വളപുരയിലെ കുറ്റിയടുപ്പിൽ തിളയ്ക്കുന്ന പരിപ്പിന് അരപ്പു ചേർക്കണം. അയാൾ അതിനുള്ള പരിശ്രമത്തിലാണ്. കുഞ്ഞോളങ്ങൾ വള്ളത്തിനും പിച്ചിംഗിനുമിടയിൽ കളകളശബ്ദമുയർത്തി.


പെട്ടെന്നാണ് അയാൾക്കരികിലേക്ക് ഒരാൾ ഓടിയടുത്തത്. രാഘവൻ്റെ അനുവാദം കാക്കാതെ ആഗതൻ വള്ളത്തിൽക്കയറി വള്ളംകുത്തിയകറ്റി വേഗത്തിൽ ഊന്നാൻ തുടങ്ങി. വള്ളം വേഗം നദിയുടെ മധ്യത്തിലേക്കു നീങ്ങി.
ഹേയ്… ആരാണു നീ?
എന്താണ് നീയീ കാട്ടുന്നത്?
രാഘവൻ ഒച്ചയെടുത്തു…
തൊട്ടടുത്ത നിമിഷത്തിൽ രാഘവൻ കണ്ടു, ആഗതൻ്റെ പിന്നാലെ ഓടിയെത്തിയത് തൊപ്പിവച്ച ആൾക്കാരാണ്. അവരുടെ കൂർത്തു നില്ക്കുന്ന നിക്കറും, കൂമ്പാളത്തൊപ്പിയും കുറുവടികളും നിലാംവെട്ടത്ത് രാഘവൻ കണ്ടു. അയാളിൽ പാദത്തിൽ നിന്നുമൊരു ഭയം മുകളിലേക്കരിച്ചെത്തി.
പെട്ടന്നുണ്ടായ അന്ധാളിപ്പ് ഒട്ടൊന്നാറിയപ്പോൾ രാഘവൻ അലറി, എടാ, പറ ആരാണു നീ?


പെട്ടന്നയാൾ വളപുരയിലെ പരമ്പുകൾക്കിടയിൽ ചേടിവച്ചിരുന്ന വടിവാൾ വലിച്ചൂരി വള്ളത്തിൻ്റെ വങ്കിലൂടെ ആഗതൻ ഊന്നുന്ന കോതിലേക്കെത്തി. അപ്പോൾ വടക്കുനിന്നും വരുന്ന ബോട്ട് ആ വളളത്തിന് വളരെ അടുത്തെത്തിയിരുന്നു. വള്ളം കുട്ടനാടൻ ഭാഷയിൽ പറഞ്ഞാൽ വില്ലടിച്ച് ചരക്ക് നിറച്ച നിലയിലായിരുന്നു. വള്ളത്തിൻ്റെ അരികുകളും വെളളവും തമ്മിൽ ഏഴോ എട്ടോ വിരക്കട അകലമേ ഉണ്ടായിരുന്നുള്ളൂ. ബോട്ടിൻ്റെ ഓളത്തിൽ വളളം സമാന്തരമായിക്കിടന്നാൽ മുങ്ങാൻ സാധ്യതയേറെയാണ്. അയാൾക്കാ ഘട്ടത്തെ തരണംചെയ്തേപറ്റൂ. വേഗം വളളത്തിൻ്റെ കോതിലേക്കെത്തി അയാൾ ആഗതൻ്റെ മുന്നിൽ വടിവാളുയർത്തി ആക്രോശിച്ചു. കഴുക്കോൽ ഇവിടെത്തരൂ…


ഇറങ്ങെടാ വെളിയിൽ…
ചേട്ടാ എന്നെയൊന്നുംചെയ്യരുത്, എന്നെ രക്ഷിക്കൂ, എന്നു പറഞ്ഞ് അയാൾ എതിർ ദിശയിലേക്ക് പരമാവധി വേഗത്തിൽ വള്ളം ഊന്നിക്കൊണ്ടിരുന്നു.
ഞാൻ രക്ഷപ്പെട്ടോളാം, എന്നെപ്പിടിക്കാനാണ് പോലീസ് പിന്നാലെ വരുന്നത്. ദയവായി എന്നെ ഉപദ്രവിക്കരുത്…..
അയാൾ കേണു തുടങ്ങി.


അയാൾ പറയുന്നതു കേൾക്കാൻ രാഘവന് കഴിഞ്ഞില്ല. അയാൾക്കപ്പോൾ അടുത്തുകൊണ്ടിരിക്കുന്ന ബോട്ടിൻ്റെ ഓളങ്ങളിൽനിന്നും തൻ്റെ കേവുവള്ളത്തെ രക്ഷിക്കുന്നതു മാത്രമായിരുന്നു ചിന്ത. കഴുക്കോലിലേക്ക് അയാൾ പിടുത്തമിട്ടു. നീ വള്ളം എൻ്റെ കൈയിലേക്ക് തരൂ, ബാക്കിയൊക്കെപ്പിന്നെ…
മറുത്തൊന്നും പറയാതെ ആഗതൻ കഴുക്കോൽ രാഘവനു നല്കി. ബോട്ടിൻ്റെ ഓളപ്പാത്തികൾ വരാവുന്ന ദിശയ്ക്ക് ലംബമായി അയാൾ വള്ളംതിരിച്ചിട്ടു. ബോട്ട് അടുത്തേക്കെത്തിയതും ആഗതൻ വള്ളത്തിൻ്റെ വങ്കിലൂടെ അതിവിദഗ്ദ്ധമായി മുൻ തലയിലേക്കെത്തി ബോട്ടിനെ ലക്ഷ്യമാക്കിക്കുതിച്ചു ചാടി. തൊട്ടടുത്ത ജെട്ടി ലക്ഷ്യമാക്കി നീങ്ങുന്ന ആബോട്ടിൻ്റെ വങ്കിലേക്കെത്തിയ അയാൾ ബോട്ടിൽ തൂങ്ങുന്നത് രാഘവൻ കണ്ടു!


അയാൾ ഏറെ പണിപ്പെട്ട് വള്ളം നിയന്ത്രിച്ചു പടിഞ്ഞാറെക്കരയിലേക്കു തന്നെ വളളംവച്ചു.
രാഘവൻ,
ചെങ്ങന്നൂർ ചന്തയിൽ നിന്നും കിഴക്കൻ നാട്ടിലെ കാച്ചിലും, ചേനയും, കപ്പയും, കല്ലുകളും ആലപ്പുഴ ചന്തയിലെത്തിച്ച്, അവിടെ നിന്നും തുണിത്തരങ്ങളും, അരിയും പാത്രങ്ങളും തിരികെ ചെങ്ങന്നൂർ ചന്തയിലേക്കുമെത്തിക്കുന്ന ഒരു കേവു വളളക്കാരനാണ്. കുഞ്ഞുന്നാൾ മുതൽ അയാൾക്കറിയാവുന്ന ഏകപണി ഈ കേവുവള്ളമൂന്നലാണ്. അങ്ങനെ ആലപ്പുഴയ്ക്കുള്ള ചരക്കുമായി പോകുന്ന വഴിയിലാണ് ഇപ്പോൾ പറഞ്ഞ സംഭവങ്ങൾ സംഭവിക്കുന്നത്.
ബോട്ട് ദൂരേക്ക് പോയ് മറഞ്ഞു. അപ്രതീക്ഷിത ആ സംഭവത്തിൽ ഉലഞ്ഞുപോയ രാഘവൻ ഊന്നൽ നിർത്തി വള്ളത്തിൻ്റെ കോതിൽ ഒട്ടുനേരം തളർന്നുകിടന്നു, അല്പം കിതപ്പോടെ…


പെട്ടന്ന് ദൂരെ നിന്നും രണ്ടു സ്പെഷ്യൽ ബോട്ടുകൾ തനിക്കരികിലേക്കുവരുന്നത് അയാൾ കണ്ടു. ബോട്ടുകളിലൊന്ന് യാത്രാബോട്ടിനെ ലക്ഷ്യമാക്കി മുന്നേറി. മറ്റേബോട്ട് സാവധാനം തൻ്റെ വള്ളത്തിനടുത്തെത്തി….
ബോട്ടിലുണ്ടായിരുന്ന പോലീസുകാരെക്കണ്ട രാഘവനിൽ പരിഭ്രമം ഉയർന്നു. പെട്ടന്ന് പോലീസ്ബോട്ടിൽനിന്നും അയാളുടെ വള്ളത്തിലേക്ക് ഒരു പോലീസുകാരൻ ചാടിക്കയറി. ബോട്ടിൽ നിന്നുമെറിഞ്ഞിട്ട കയർ അയാൾ വള്ളപ്പടിയോട് ബന്ധിച്ചു. ബോട്ട് ആ വള്ളത്തെകെട്ടിവലിച്ചുകൊണ്ട് ആലപ്പുഴ ലക്ഷ്യമാക്കി നീങ്ങി.
വള്ളത്തിനു മുന്നിലെ പായ്മരത്തിനു മുകളിലിരുന്നിരുന്ന ഒരു മൂങ്ങാ ചിറകടിച്ച് ദൂരേക്കു പറന്നു.


നീ ആരെയാ രക്ഷിച്ചതെന്ന് നിനക്കറിയാമോ?
കപ്പടാമീശക്കാരനായ ഒരു പോലീസുകാരൻ കണ്ണുരിട്ടി രാഘവനോടായ് ചോദിച്ചു..
അറിയില്ല ഏമാൻനേ…
രാഘവൻ പ്രതിവചിച്ചു.
ഒക്കെ നിനക്ക് പറഞ്ഞു തരാം സ്റ്റേഷനെത്തട്ടെ…
രാഘവൻ്റെ വള്ളം പോലീസ് കസ്റ്റഡിയിലെടുത്തു. രാഘവനെ സ്റ്റേഷനിലേക്കെത്തിച്ചു. ചുഴിയിലകപ്പെട്ട നിസ്സഹായാവസ്ഥ അയാളുടെ ജീവതാളത്തിന് ആക്കം കുറച്ചിരിക്കുന്നു. ഭയപ്പാടോടെ അയാൾ സ്റ്റേഷനൻ്റെ ഒരുമൂലയിൽ കൈ കെട്ടി ചാരി നിന്നു. ക്ഷീണം അയാളുടെ കണ്ണുകളിൽ ഉറക്കത്തെ വിളിച്ചു വരുത്തുന്നുണ്ടായിരുന്നു.
നേരം പുലർന്നു,


രാവിലത്തെ പത്രത്താളുകൾ രാഘവൻ കണ്ടു. ഒന്നാം പേജിൽ വെണ്ടയ്ക്കാ വലിപ്പത്തിൽ വലിയവാർത്ത…
” കുട്ടനാട്ടിൽ കൂലിത്തർക്കം
ഷണ്മുഖം പട്ടർ വെട്ടേറ്റുമരിച്ചു, പ്രതി ദിവാകരൻ രക്ഷപ്പെട്ടു”
നെല്ല് ചുമ്മുന്നതിൻ്റെ കൂലിതർക്കത്തെത്തുടർന്നുണ്ടായ അനിഷ്ട സംഭവത്തിനിടെയുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെയാണ് ദിവാകരൻ എന്ന തൊഴിലാളിനേതാവ് ഗത്യന്തരമില്ലാതെ പട്ടരെ വെട്ടിയത്. ഒറ്റ വെട്ടിൽ പട്ടർവീണു മരിച്ചു. പാടത്തെ കൊയ്ത്തു നടത്താൻ മുതലാളി കൊണ്ടുവന്ന പോലീസുകാരിൽ ഒരാളെയും മർദ്ദിച്ച് ചേറ്റിലാഴ്ത്തിയ ശേഷമാണ് ദിവകരൻ ആ അന്തിക്ക് ഓടിയൊളിക്കാൻ ശ്രമിച്ചതും രാഘവൻ്റെ വള്ളത്തിൻ്റെ കെട്ടഴിച്ച് ആറ്റിൽച്ചാടി രക്ഷപ്പെട്ടതും. രാഘവൻ്റെ പിറകേ ഓടിയതിനാൽ ആ നേരം പോലീസ് ബോട്ടുകൾ അയാൾക്കൊപ്പം കൊണ്ടുവരാനും പോലീസിനായില്ല. എന്നാൽ വള്ളത്തിൽനിന്നും വടിവാൾ കണ്ടെടുത്ത പോലീസ് അതും കൂടെയുൾപ്പെടുത്തി രാഘവനെതിരേ മഹസറെഴുതി അകത്തിടുകയാണുണ്ടായത്.


വാർത്ത കണ്ട് രാഘവനുളളിൽ നടുക്കമുണ്ടായി. ദിവാകരനെ പിടിക്കാൻ കഴിയാതെ പോയ പോലീസ് ആ രാത്രി മുഴുവൻ രാഘവനെ മുട്ടിൽ നിർത്തി.
ദിവസങ്ങൾക്കു ശേഷവും പ്രതിയെ കിട്ടാഞ്ഞതിനാൽ രാഘവന് ജയിലിൽത്തന്നെ കഴിയേണ്ടിവന്നു. കുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മിയാണ് വധിക്കപ്പെട്ടിരിക്കുന്നത്. കുട്ടനാട്ടിലെ കുടിലുകളിൽ പോലീസ് അരിച്ചുപെറുക്കി. ദിവാകരൻ്റെ അമ്മപെങ്ങന്മാർ അപമാനിക്കപ്പെട്ടു, സഹോദരങ്ങൾക്ക് നാട്ടിൽ നില്ക്കാനാവാതായി.
ഇതേസമയം രാഘവൻ്റെ ചരക്കുകൾ പോലീസ് സാന്നിധ്യത്തിൽ ബന്ധപ്പെട്ട വ്യാപാരികൾക്ക് കൈമാറിയിരുന്നു. വള്ളം പോലീസ് സ്റ്റേഷന് മുൻപിലെ കനാലിൽ വെയിലും മഴയുമേറ്റു കിടന്നു. അതിൽ സമീപത്തെ മരങ്ങളിൽ നിന്നും പൂപൊഴിഞ്ഞ് വീണുകൊണ്ടിരുന്നു. അങ്ങനെ അത് തകർന്നുതുടങ്ങി. ഒരു തെറ്റും ചെയ്യാത്ത രാഘവന് യാതനാപൂർവ്വമായ ജീവിതം സമ്മാനിച്ച ആ മുവന്തിനേരത്തെ അയാൾ ശപിച്ചു കൊണ്ടേയിരുന്നു.


വർഷങ്ങൾ കഴിഞ്ഞ് രാഘവൻ നിരപരാധിയാണെന്നു കണ്ട് കോടതി അയാളെ വെറുതേ വിട്ടു.
ഇതിനിടയിൽ കേരള രാഷ്ട്രീയത്തിൽ പലമാറ്റങ്ങളും വന്നുപോയി. കാടത്തവും ക്രൂരതയുംകൊണ്ട് കുപ്രസിദ്ധനായിരുന്ന ഷണ്മുഖം പട്ടരുടെ മരണത്തോടെ കുട്ടനാട്ടിലെ ജന്മികൾ മെരുങ്ങിത്തുടങ്ങി. തൊഴിലാളി പ്രസ്ഥാനങ്ങൾ നേതൃത്വം നല്കിയ മുന്നണി പലകുറി അധികാരത്തിലെത്തി. ഷണ്മുഖം കൊലക്കേസിന് മൂർച്ച നഷ്ടപ്പെട്ട് ദിവാകരൻ പ്രതിപ്പട്ടികയിൽ ഇല്ലാതെ കേസ് തേഞ്ഞുമാഞ്ഞുപോയി. രാഷ്ട്രീയകാരണങ്ങളാൽ ദിവാകരനെ അന്നാട്ടിലെ തെഴിലാളികൾ നെഞ്ചോടു ചേർത്തു പിടിച്ചു. അവരുടെ രക്ഷകനായി അവർ ദിവാകരനെ കണ്ടുതുടങ്ങി. ഈ സ്വീകാര്യത ജനകീയനായ ഒരു നേതാവായി അയാളെ വളർത്തി. അയാൾ നിയമസഭയിൽ അന്നാടിൻ്റെ പ്രതിനിധിയായി. മന്ത്രിയായി. കുട്ടനാട്ടിൽ പല മാറ്റങ്ങളും അയാൾ മുഖാന്തിരമെത്തപ്പെട്ടു.


ഒരു നട്ടുച്ചനേരത്ത് രാഘവൻ്റെ വീടിൻ്റെ അക്കരക്കടവിൽ ഒരു അംബാസിഡർ കാറ് വന്നു നിന്നു. അതിൽ നിന്നുമിറങ്ങിയ രണ്ടുമൂന്നുപേർ രാഘവൻ്റെ കുടിലിനെലക്ഷ്യമാക്കി ഒരു കൊച്ചുവളളത്തിലെത്തി. അവർ കരയ്ക്കിറങ്ങിയതും നായ കുരച്ച് വട്ടത്തിലോടി. തിണ്ണയിൽ നിന്നിരുന്ന കോഴികൾ കൊക്കിക്കൊണ്ട് പുറത്തേക്കു ചാടി. അരമതിലിലിരുന്ന കാക്ക വാഴത്തണ്ടിലേക്കിരുപ്പു മാറ്റി.
ശബ്ദംകേട്ട് അകത്തെ ബഞ്ചിൽ റേഡിയോ കേട്ടു കിടന്നിരുന്ന രാഘവൻ പുറത്തെത്തി. വന്നയാളെ രാഘവൻ തിരിച്ചറിഞ്ഞു. പെട്ടന്ന് ആ മൂവന്തി നേരവും ,കേവുവള്ളവും, വടിവാളും, യാത്രാബോട്ടും ആലപ്പുഴ പോലീസ് സ്റ്റേഷനും ജയിലഴികളും, നഷ്ടപ്പെട്ട കുടുംബവും, ഒളിച്ചോടിപ്പോയ മകളും, ദീനം വന്ന് ചികിത്സ ലഭിക്കാതെ മരിച്ച അയാളുടെ ഭാര്യയും അയാളുടെ പ്രജ്ഞയിലെത്തി. ഉലഞ്ഞുപോയ കൈലി മാടിക്കുത്തി അയാൾ പുറത്തേക്കു വന്നു….


oപ്പേ….
ആഗതൻ്റെ കരണക്കുറ്റിക്കു നേരെ രാഘവൻ്റെ കൈ ഉയർന്നുതാണു. കൂടെവന്നവർ അയാളെ വരിഞ്ഞുമുറുക്കി. എങ്കിലും പ്രായം തളർത്താത്ത ശൗര്യത്തോടെ അയാൾ കുതറി.
എന്നാൽ തല്ലുകൊണ്ടയാൾ നിശ്ചേഷ്ടനായി നിന്നു. അത് മന്ത്രി ദിവാകരനായിരുന്നു. തനിക്ക് രക്ഷപ്പെടാൻ കാരണക്കാരനായ രാഘവനെ കാണാൻ അയാളെത്തിയതായിരുന്നു. മഫ്ടിയിലുള്ള പോലീസിനോട് രാഘവനെ വിടാൻ അയാൾ ആജ്ഞാപിച്ചു. ശേഷം കുനിഞ്ഞ് രാഘവൻ്റെ കാലിൽ തൊട്ട് അയാൾ പറഞ്ഞു, മാപ്പ്!
കുട്ടനാടിൻ്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ വെടിയേറ്റു പാടത്തിൻ്റെ ബണ്ടിലുറങ്ങുന്ന വിപ്ലവകാരികൾക്കൊപ്പമായി രാഘവനേപ്പോലെ പലരുമുണ്ട്. നേരിട്ടും അല്ലാതെയും വിപ്ലവങ്ങളെ തുണച്ചവരും ഇരയാക്കപ്പെട്ടവരുമായി. അവരുടെ ഓർമ്മകൾക്കു മുന്നിൽ പ്രണമിച്ചു കൊണ്ട് …..

By ivayana