രചന : ശിവരാജൻ കോവിലാഴികം,മയ്യനാട്✍
ചെമ്പട്ടുചേല ഞൊറിഞ്ഞുടുത്തും ചെമ്മെ
ചാന്ദ്രായണം നോറ്റും വന്നസന്ധ്യേ
ചിത്രാർപ്പിതയാമൊരപ്‌സരസോ,വശ്യേ
ചിത്രരഥൻതന്റെ പ്രേയസിയോ!
നിസ്തുലേ നിന്നുടെ നീലവേണിക്കെട്ടിൽ
നിവൃതം പുതയ്ക്കുന്നതാരു സന്ധ്യേ
തേജസ്വിനി തുഷ്‌ടിദായികേ മോഹിനി
തുംഗീശനോടു നീ പിണക്കമാണോ
പകലിരവു,മദ്ധ്യാഹ്നമൊക്കെയും കണ്ടിട്ടും
അത്താഴപ്പൂജയ്ക്കു മുന്നേ മറഞ്ഞതോ .
തമസ്സും നിശീഥവും യെത്തുന്നതിൻമുന്നേ
യാത്രാമൊഴിചൊല്ലിയെന്തേ മറഞ്ഞുനീ .
വാനത്തെയമ്പിളിയ്ക്കുമ്മ കൊടുത്തവൾ
താരകക്കുഞ്ഞുങ്ങളെപ്പെറ്റെടുത്തവൾ.
ശാസിച്ചുശാസിച്ചു പക്ഷികൾക്കൊക്കെയും
കൂടണയാൻ കൂടെയെന്നും നടന്നവൾ.
ആരെയും കൂസാതെ പോകുന്ന സൂര്യന്റെ
താഡനമേറ്റുചെമന്നതോ നിൻമുഖം?
രാത്രിക്കുറങ്ങുവാൻ പായ നീർത്തീടുമ്പോൾ
നാണത്താൽ ചോന്നുതുടുത്തതോ നിൻ മുഖം ?
രാത്രിവന്നെന്തെന്തുകാര്യങ്ങൾ ചൊല്ലിനിൻ
കാതിലെൻ സന്ധ്യേ വേഗം മടങ്ങിടാൻ?
മൗനാനുവാദം നിനക്കായ് ചൊരിഞ്ഞുവോ
വിണ്ണിലെ മേഘക്കളിത്തോഴികൾ ?
പകലിൻചിതാഭസ്മധൂളിയുംകൊണ്ടു നീ
പോയതാണോ,മടിപൂണ്ടതാണോ ?
നിന്നിൽപ്പിറക്കുന്ന പുലരിക്കു പാഥേയ-
മേകുവാനായ് നീയുണർന്നിടില്ലേ ?
നീ ദുഃഖപുത്രിയോ, ജ്ഞാനദ ശ്രേഷ്‌ഠയോ
തണ്ഡക മാത്രമോ മോഹസന്ധ്യേ!
നീ ഭൂതലത്തിന്റെ ഭൂതിയോ,ഭൂഷയോ
കാലമോ,കാലദോഷങ്ങളോ സന്ധ്യേ!
നിന്നെപ്പുണരുവാൻ നീണ്ടുനീണ്ടെത്തുന്ന
നിഴലൊക്കെയും നിന്റെ മക്കളെന്നോ!
ആരംഭവും നിന്നിലവസാനവും നിന്നിൽ
കാലരഥ തേരാളി നീതന്നെ സന്ധ്യേ .