രചന : ജയരാജ്‌ പുതുമഠം. ✍

മറ്റെല്ലാ തൊഴിലുംപോലെ വേശ്യാവൃത്തിയും ഒരു തൊഴിൽ എന്ന നിലക്ക് നിയമവിധേയമാണ് എന്ന സുപ്രീം കോടതി വിധി ആശ്ചര്യത്തോടെ മാത്രമേ വായിക്കാനാകൂ.


ഇതുകേട്ടാൽ തോന്നും ചങ്ങലക്കെട്ടിനാൽ ബന്ധിതമാക്കപ്പെട്ട ലൈംഗികത്വര കൾക്ക് ഇനിമുതൽ എവിടെയും ഒരു പോലീസുകാരന്റെയും ഭീഷണി കൂടാതെ അനസ്യൂതം ഇഴഞ്ഞെത്താനുള്ള സുപ്രീം കോടതിയുടെ പുരോഗമന മുന്നേറ്റമാണെന്ന്, ഒരിക്കലുമല്ല.
മനുഷ്യ സമൂഹങ്ങളിലൊക്കെത്തന്നെ എല്ലാക്കാലത്തും മലമൂത്രവിസർജ്ജനംപോലെ രതി പങ്കിടലിന്റെയും നൈസർഗിക വിക്ഷേപണങ്ങൾ നടന്നുകൊണ്ടേയിരുന്നു.


അധികാരം കയ്യാളിയിരുന്ന ലോകത്തിലെ എല്ലാവരുംതന്നെ (സ്ത്രീ-പുരുഷ-ഇതരലിംഗ ഭേദമെന്യേ ) തലച്ചോറിന്റെ ആനന്ദദായകമായ രാസികങ്ങൾക്കുവേണ്ടി സൃഷ്ടാവിന്റെ സൃഷ്ടിനിർദ്ദേശ പ്രകാരം സമൂഹങ്ങളുടെ സാംസ്കാരിക മൂടുപടങ്ങൾ ക്കിടയിലൂടെ ഈ അന്വേഷണങ്ങൾ ക്ക് സായൂജ്യം കണ്ടെത്തിയിരുന്നു.
ദേവദാസി സമ്പ്രദായവും, രാജകൊട്ടാരങ്ങളിലെ അരമനദാസിമാരും ഒരനുഷ്ടാനം പോലെ കർമ്മസജീവരായതിന്റെയും ജൈവിക രഹസ്യം ഇതുതന്നെ.
ഇന്ന് സമൂഹങ്ങളിൽ ആത്മീയന്വേഷണകേന്ദ്രങ്ങൾ എന്ന പേരിൽ നിലനിൽക്കുന്ന മിക്കവാറും സ്ഥാപനങ്ങൾ രതിസമാന സ്വത്വങ്ങളെ തേടിയുള്ള അന്വേഷകരുടെ ഇടങ്ങൾ തന്നെയാണ്.


ഈയിടെ പ്രസിദ്ധ നാടകക്കാരനായ ടി. വി. ബാലകൃഷ്ണൻ സംവിധാനം നിർവ്വഹിച്ച ‘മുംബൈയിലെ ഒരു ഉഷ്ണരാത്രിയിൽ’ എന്ന പേരിലുള്ള ശക്തമായ ഒരു നാടകം തൃശ്ശൂർ റീജിയണൽ തിയറ്ററിൽ കാണാനിടയായി. 58 ഇനം ലൈംഗിക സ്വത്വവൈവിധ്യ കോശങ്ങളാൽ നിർമ്മിതമാണ് ഇന്നത്തെ മനുഷ്യശരീരങ്ങൾ എന്ന ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്ന വിഷയത്തെ അധികരിച്ചുള്ള പ്രമേയമായിരുന്നു കഥാതന്തു.


പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർക്ക് ഉഭയസമ്മതപ്രകാരം ഇണചേരുന്നതിന് തടസ്സമില്ലെന്നിരിക്കെ, ദാരിദ്ര്യം തിന്ന് ജീവിക്കുന്ന ഭാരതസ്ത്രീകളെ പണലഭ്യത എന്ന ഒരൊറ്റ ഉന്നംവെച്ച് അഭിനയിക്കുന്ന ഈ കർമ്മരംഗത്തേക്ക് ഉത്സുകരാക്കാൻ നിയമസംരക്ഷണം കൊടുക്കേണ്ട വല്ല കാര്യമുണ്ടോ? ഈ ലൈസൻസ് സമൂഹങ്ങളിൽ അരക്ഷിതാവസ്ഥകളെ വർദ്ധിപ്പിക്കാനേ ഉപകരിക്കൂ.


വയറിന്റെ വിശപ്പ് മാറ്റാനുള്ള വഴികൾക്ക്‌വേണ്ടി ഉചിതമായ മാർഗ്ഗങ്ങൾ തിരയാതെ മുണ്ടഴിപ്പിക്കുന്ന മോചനവഴികൾക്ക് പരവതാനി വിരിക്കുന്ന ഈ സംരക്ഷണവാതിൽ വികലംതന്നെ.


മുല്ലനേഴി മാഷുടെ ഒരു കവിതയിൽ പറയുമ്പോലെ,
“ആളിക്കത്തുന്ന ജഠരാഗ്നിയിൽ
സദാചാരം സദാ ചാരമാകും
മുണ്ടഴിപ്പിക്കുന്നത് ആഹാരം
മുണ്ഡനം ചെയ്യിപ്പിക്കുന്നത് ആചാരം
മുണ്ടഴിപ്പിക്കുന്നതും മുണ്ഡനം ചെയ്യിക്കുന്നതും
ഒറ്റകുറുകണ്ണനായ ഒരാൾ തന്നെയാണെന്നറിയുമ്പോൾ..
വ്യഭിചാരികളാരാണ്?”.

ജയരാജ്‌ പുതുമഠം.

By ivayana