രചന : അനിൽകുമാർ സി പി ✍

സത്യം പറയട്ടെ, ഇപ്പോൾ കാണുന്ന കാഴ്ചകൾ കണ്ടുമടുത്തിട്ടാണോന്നറിയില്ല എന്റെ കണ്ണടയും മങ്ങിത്തുടങ്ങിയിരിക്കുന്നു! ഏതായാലും ഈ ആഴ്ചത്തെ എന്റെ ഹീറോ ഇവനാണ്, മൊബൈൽ ഗയിം ഡിലീറ്റു ചെയ്തതിനു വീടുകത്തിക്കാനിറങ്ങിയ എട്ടാംക്ലാസ്സുകാരനാണെന്റെ ഹീറോ!!


എന്തേ?എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്നല്ലേ? ഉണ്ടാവും. ഉണ്ടാവണമല്ലോ. ഒരു എട്ടാംക്ലാസ്സുകാരനു വീടുകത്തിക്കാൻ തോന്നുന്നത്ര പ്രകോപനം സൃഷ്ടിക്കാൻ കഴിയുന്നതരത്തിലാണ് നമ്മുടെ സാമൂഹിക ചുറ്റുപാടെങ്കിൽ, എനിക്കുമാത്രമല്ല നമ്മൾ എല്ലാവർക്കും എന്തോ പ്രശ്നമുണ്ട്! നമുക്കുചുറ്റും വെറും മദ്യപാനികൾ ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഓടയിൽ വാളുവെച്ചുകിടക്കുന്ന, വഴിയരികിൽ ഉടുതുണി അഴിഞ്ഞു കിടന്നുറങ്ങുന്ന, പൊതുവഴിയിൽ ചീത്ത വിളിക്കുന്ന, പാട്ടുപാടുന്ന, വീട്ടിൽ ചെന്നാൽ ഭാര്യയേയും മക്കളേയും ഉപദ്രവിക്കുന്ന നല്ല ലക്ഷണമൊത്ത കുടിയൻമാർ. ഇതുപക്ഷേ, അങ്ങനെയല്ല. വെറും എട്ടാംക്ളാസ്സുകാരൻ, അവനാണ് വീടുകത്തിക്കാൻ നിൽക്കുന്നത്. ഭ്രാന്തുപിടിച്ചപോലെ പെരുമാറുന്നത്. എന്താണ് കാരണം?


മദ്യം? മയക്കുമരുന്ന്? അല്ല, വെറും മൊബൈൽ ഗെയിം!
അവിടെയാണു പ്രശ്നം. നമ്മൾക്കിപ്പോൾ എല്ലാം ഓൺലൈനാണ്, പഠനവും പ്രാർത്ഥനയും ഉൾപ്പെടെ. പക്ഷേ, അങ്ങനെ പഠനം നീണ്ടപ്പോൾ അതു കുട്ടികളെ എങ്ങനെ ബാധിക്കുമെന്നുമാത്രം നമ്മൾ അറിഞ്ഞില്ല. അറിയാത്തതല്ല. വിദ്യാഭ്യാസ വിചക്ഷണന്മാർക്ക് അതറിയാത്തതല്ലല്ലോ. കണ്ണടച്ചതാണ്. അതിന്റെ ഫലമായി തീരെ പക്വതയില്ലാത്ത കുഞ്ഞുങ്ങളുടെ കൈകളിലേക്ക് മുതിർന്നവരുടെ ഫോൺ എത്തിക്കിട്ടി. അത്രനാൾ കിട്ടാക്കനിപോലെ കണ്ടുകൊതിച്ചതാണ് ക്ലാസ്, പഠിപ്പ് എന്നപേരിൽ കൈയിൽ കിട്ടിയിരിക്കുന്നത്. ചിലർക്ക് സ്ക്കൂൾപാഠങ്ങൾക്കൊപ്പം അച്ഛന്റെയോ അമ്മയുടേയോ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സ്ആപ്പും തുറന്നുകിട്ടി.

നമ്മൾ വിചാരിക്കും അതിലെന്താണ് എന്ന്. പക്ഷേ, കുട്ടികളാണ്, എല്ലാറ്റിനോടും കടുത്ത ജിജ്ഞാസയാണ് അവർക്ക്. എന്താണത് എന്ന ചിന്തയാണ്. അവർ തുറന്നതും കണ്ടതും എന്തെന്ന് നമ്മൾ അറിയാനിരിക്കുന്നതേയുള്ളൂ. ഇതിനിടയിലേക്കാണ് ഗെയിം കടന്നുവന്നത്. ഇന്നു റമ്മികളിയുടെ പരസ്യം ടി വി യിൽ വരുന്നുണ്ട്. ഓൺലൈൻ റമ്മികളി. കാശ് പറന്നുവരും. ആ കുടുക്കിൽ മുതിർന്നവർ പെട്ടുകിടക്കുന്നു. അപ്പോൾ കുട്ടികൾ പെടില്ലേ? ആരുകാണുന്നു അവർ ഏതു ഗെയിം കളിക്കുന്നുവെന്ന്?

ടെക്സാവികളായ മാതാപിതാക്കളുടെ മക്കളെ അവർ ഗെയിംലോക്കും ആപ്പ് ലോക്കും ഉപയോഗിച്ചു സംരക്ഷിച്ചുകാണും. എന്നാൽ സ്വന്തം മൊബൈലിൽ ഒരു ആപ്പ് സ്വയം ഡൗൺലോഡ് ചെയ്യാനറിയാത്ത, കമ്പ്യൂട്ടർസാക്ഷരത കുറഞ്ഞ ആളുകൾ എന്തുചെയ്യും? അവരുടെ കുഞ്ഞുങ്ങളെ, ഫോൺ പഠനസാമഗ്രിയാക്കി മാറ്റിയപ്പോൾ ഇത്തരം ചതിക്കുഴികളിൽ നിന്നും രക്ഷിക്കാൻ നമുക്കെന്താണു ചെയ്യാൻ സാധിച്ചത്?
ഇതിന്റെയൊക്കെ ഒരുത്തരമാണ് വീടു കത്തിക്കാനിറങ്ങിയ കുഞ്ഞ്. ഒറ്റപ്പെട്ട സംഭവം എന്നു തള്ളിക്കളയല്ലേ, അതിനും കുറച്ചു ദിവസം മുമ്പ് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു, അമ്മ മൊബൈൽ കൊടുക്കാത്തതിന്.

ഒന്നു മനസ്സിലാക്കണം, വീട്ടുകാരിൽനിന്ന് കിട്ടുന്നതിനേക്കാൾ ആശ്വാസം കുട്ടികൾക്ക് മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുമ്പോൾ കിട്ടുന്നുണ്ട് എന്നതൊരു യാഥാർത്ഥ്യം മാത്രമാണ്. മെസഞ്ചറിൽ വരുന്ന ചേട്ടന് / ചേച്ചിക്ക് എന്തൊരു സ്നേഹം! ആ സ്റ്റൈൽബൈക്ക് ഡി പി ആക്കിയ ചേട്ടൻ എനിക്കു ലൗ സിംബൽ അയച്ചു!
ഇങ്ങനെയൊക്കെയുള്ള മധുരമനോജ്ഞകെണികൾ ടൺകണക്കിനുള്ള സോഷ്യൽ മീഡിയയിലേക്ക് ഒരു പതിനാറുകാരി കടന്നുചെന്നാൽ അവൾ ‘ആലിസ് ഇൻ വണ്ടർലാൻഡിൽ’ ചെന്നുപെട്ടപോലാകും. അവൾ സ്വയം സിൻഡ്രലയാകും! അവൾ രാജകുമാരനായി കാത്തിരിക്കും! ചെന്നുപെടുന്ന കെണികൾ ഇനി വിശദീകരിക്കണോ?


തെറ്റുപറ്റിയതു നമുക്കാണ്. കുട്ടികളുടെ കൈയിലേക്കു മൊബൈൽ നൽകാൻ ദുരിശപ്പെട്ടപ്പോൾ അത് എപ്രകാരം നൽകണമെന്നു സേഫ്ഗാർഡ് ചെയ്യാൻ മാതാപിതാക്കൾക്ക് അവബോധം നൽകാൻ നമുക്കായില്ല. നമുക്കു പറ്റിയ പിഴയാണത്. കോവിഡ്കൊണ്ടുണ്ടായ ഏറ്റവും വലിയ അപകടം ഇതു തന്നെയാണ്. ഒരുനിമിഷത്തെ വാശിക്കു ജീവിതം നഷ്ടമാക്കിയവരെക്കുറിച്ചിനി സങ്കടം പറഞ്ഞിട്ടു കാര്യമില്ല. വീട്ടിൽ കുട്ടികൾ ഫോണിൽ പഠിക്കുന്നു എന്ന വ്യാജേന കളിക്കുമ്പോൾ ശ്രദ്ധ വയ്ക്കണം. ആവശ്യമുള്ള ഘട്ടത്തിൽ കൗൺസിലിങ്ങും വൈദ്യസഹായവും തേടാൻ മടിക്കാതിരിക്കുക. ഇനി അത്രയൊക്കെയേ ചെയ്യാൻ നമുക്കു സാധിക്കു. അതാണ് സത്യം.

By ivayana