രചന : ജയൻ മണ്ണൂർകോഡ് ✍

കാത്തിരിപ്പിന്റെ നോക്കറ്റത്തിൽ
അന്തിക്കാറ്റേറ്റ് അവൾ വരുന്നു
പ്രണയമുദ്രകളുടെ തൊട്ടനുഭൂതിയിൽ
പ്രണയനീരൊഴുകുന്നു,കവിതയാകുന്നു..
ഒഴുകുന്ന പുഴയിലെന്തു പുതുമ
ഒഴുകാത്ത നീർത്തടങ്ങളിലാണു കവിത
അതിവേഗികളുടെ അർമാദങ്ങളിലെന്തു പുതുമ
വഴിയിൽ പകച്ച മിതവേഗികളിലാണു കവിത
വെയിലും, മഴയും, കാറ്റുമെന്തു പുതുമ
ഇവയെ കൂസാത്ത നടത്തക്കാരിലാണു കവിത
നഗരത്തിലെ അതിവെളിച്ചങ്ങളിലെന്തു പുതുമ
അകലെ ഗ്രാമക്കുടിയിലെ തിരിവെട്ടങ്ങളിലാണു കവിത
പറഞ്ഞുകഴിഞ്ഞവയുടെ ആവർത്തനത്തിലെന്തു പുതുമ
പറയാത്തവയുടെ നൂതനതയിലാണു കവിത
കാഴചയുടെ മോദവർണ്ണനകളിലെന്തു പുതുമ
കാണാത്തവരുടെ ഉൾക്കാഴ്ചകളിലാണു കവിത
കേൾവിയുടെ സുഖസ്വരങ്ങളിലെന്തു പുതുമ
കേൾക്കാത്തവരുടെ ബഹളങ്ങളിലാണു കവിത
പ്രണയം മനോഹരമാണെന്നതിലെന്തു പുതുമ
പ്രണയത്തിലെല്ലാം മനോഹരമല്ലെന്നതിലാണു കവിത
നഗരസൂര്യനു താഴെ നിഴൽ തിരഞ്ഞു നടക്കെ
ഗ്രാമത്തിന്റെ ഓർമ്മനിഴലിൽ ഒന്നിരിക്കുന്നതാണു കവിത
നിങ്ങളിൽ എത്രപേർ ഇങ്ങനെയാകുന്നുവോ
അവരിൽ ഞാനുമൊരാളാകുന്നതിലാണു കവിത..

ജയൻ മണ്ണൂർകോഡ്

By ivayana