രചന : നരേൻ പുലപ്പാറ്റ ✍

(വിഷം കുടിച്ച് ചത്ത ആകാശം)
നല്ല കനത്തമഴക്ക് കോപ്പുകൂട്ടുന്ന ആകാശംപോലെയാണ് മനസ്സ് ആകെ കറുത്തുമൂടി കനം തൂങ്ങി ഒന്നാര്‍ത്തു
പെയ്യാന്‍ മോഹിച്ച്……
ചിലപ്പോള്‍ തോന്നും അകവാതിലുകളെ ല്ലാമങ്ങ് തുറന്ന് ഇട്ടാലോന്ന്
കാറ്റും വെളിച്ചോം തട്ടാനായി…
ഉള്ളിലുള്ള വേദനകളുടെ മഷിഞ്ഞ ഗന്ധം ഒന്ന് പുറത്തേക്ക് കുടഞ്ഞെറിഞ്ഞ് പുറത്തെ നനുത്ത സുഗന്ധമുള്ള മണം ശ്വസിക്കാന്‍ വല്ലാത്തൊരു ദാഹം……
കേട്ടകാര്യങ്ങള്‍ ഒപ്പം അനുഭവിച്ച കാര്യങ്ങളത്രയുണ്ട്
ഹരിലാല്‍ അത് വരെ പറഞ്ഞ് കൊണ്ടിരുന്ന കാര്യം മറന്നപോലെ രണ്ടു നിമിഷം മൗനിയായി….
വീണ്ടും അയാളൊന്നൊച്ചയനക്കി തുടര്‍ന്നു..
തുറന്ന് പറച്ചിലുകൊണ്ടും തുറന്ന് വക്കല്‍കൊണ്ടും എന്ത് നേടാന്‍…
അല്ലേലും ആരോട് പറയാന്‍….
കഴിഞ്ഞുപോയ കാലം അതിന്‍റെ അനുഭവങ്ങള്‍ അത്ര ചെറുതല്ല എവിടെ തുടങ്ങും എങ്ങിനെ അവസാനിപ്പിക്കും..
ജീവിതത്തിന്‍റെ ഏറിയ പങ്കും മുഷിഞ്ഞ് പോയതാണ്…
കണ്ണീര് കുത്തിവീണ് തുളവീണ ഹൃദയം കൊണ്ടാണ് നടന്നത്..
പലതും ചെയ്തത് പലയിടത്തും എത്തിയത്….
കാലിലും മനസ്സിലും ഇട്ട ചങ്ങലകളപ്പോളും ബേദിക്കാനായില്ല
ഉരുകി തീരുകയായിരുന്നേറെ
കത്തിജ്വലിക്കാനാഗ്രഹിച്ച് കരിന്തിരികത്തി കറുത്തു കരുവാളിച്ച് കെട്ടുപൊവുന്ന വിളക്കിന് എന്തിനാണ് പൊന്നിന്‍റെ നിറം ചേര്‍ത്തത്…
തന്നതെല്ലാം കുറേയേറെതന്നു വേണ്ടത് മാത്രമില്ല അഥവാ ഉള്ളതിനെ മുഴുവനായി ഉപയോഗിക്കാനായില്ല……
ജരാനരകളിലേക്ക് കൂടുമാറുന്ന നേരത്ത് ഇങ്ങനെയൊരു യാത്ര….
എല്ലാം മതിയായിട്ടല്ല മടുത്തത് കൊണ്ട് മാത്രമാണ്…
എവിടെ
തീരും എന്നറിയാതെ…..
കടമകൊളൊന്നും ചെയ്യാതിരുന്നിട്ടില്ല കടപ്പാടുകളോര്‍ക്കാതിരുന്നിട്ടില്ല
മകനായി സഹോദരനായി ഭര്‍ത്താവായി അച്ഛനായി അമ്മായച്ഛനായി ഇനി വൈകാതെ മുത്തച്ഛനുമാവും..
പിന്നീട്
നല്ല സുഹൃത്തായി
നല്ല മനുഷ്യനായി
പേരറിയുന്നോനായി..
ഇനിയോ…
ഇത്രേം മതിയായിരുന്നോ.അതും പലമതിലും പൊളിച്ച് പുറം ലോകത്തിറങ്ങിയതോണ്ട് മാത്രം നേടിയത്….
കടിഞ്ഞാണിട്ട് വാക്കുകൊണ്ട് ചാട്ടവാറടിച്ച്
കുത്തിനോവിച്ച്
സംശയിക്കപ്പെട്ട്
നോവിക്കപ്പെട്ട്…
അങ്ങനെയങ്ങിനെ വര്‍ഷങ്ങള്‍ തീര്‍ന്നുപോയി
ഇനിയുള്ളകാലം ഊക്കും ഉയിരും വാക്കും പ്രവര്‍ത്തിയും
കടവും കടപ്പാടും
ഒക്കെ ഏറെ വിലപ്പെട്ടതാണ്…
മറ്റാരുമില്ല
വീട്ടാന്‍
തഴുകാന്‍
സാന്ത്വനിപ്പിക്കാന്‍
സംരക്ഷിക്കാന്‍..
അപ്പൊ തനിച്ചൊരു യാത്ര അഭികാമ്യം..
അതെ യാത്ര തുടങ്ങി…..
ജീവിതത്തിലേക്കാണോ മരണത്തിലേക്കാണോ എന്നറിയാതെ…
അങ്ങോട്ട് ആല്‍മാര്‍ത്ഥമായി സ്നേഹിച്ചിട്ടുള്ളവരാരും തിരിഞ്ഞ് നോക്കില്ലിനി
എല്ലാം സ്വന്തം ബാധ്യതയാണ്…
അത് പങ്കുവക്കാനാരുമില്ല…..
പുതിയ ലോകം പുതിയമനുഷ്യര്‍ അങ്ങനെ ചുറ്റുപാടുകള്‍ മാറുകയാണ്…
അവസാനം ഈ വരികളും…
ഒന്നുണ്ട് ഇന്ന് വരെ ആരെയും ദ്രോഹിച്ചിട്ടില്ല
ആരുടേയും ഒന്നും തട്ടിപറിച്ചിട്ടില്ല
കട്ടിട്ടിട്ടില്ല മറ്റുള്ളോര്‍ക്ക് ദോഷം ചെയ്യുന്ന ഒരു നുണയും പറഞ്ഞിട്ടില്ല ആവശ്യമില്ലാതെ ആരേയും വേദനിപ്പിച്ചിട്ടില്ല ഉണ്ടങ്കില്‍ തന്നെ അത് സ്നേഹം മൂത്ത് സ്വാര്‍ത്ഥതയേറി പ്രാന്തായത് കൊണ്ട് മാത്രമാണ്..
ഒരു ജീവിയേയും അനാവശ്യമായി കൊന്നിട്ടില്ല ആവശ്യത്തിനുമില്ലന്നതാണ് സത്യം വീട്ടാവശ്യത്തിന് വേണ്ടി ഒരു കോഴികുഞ്ഞിന്‍റെ പോലും കഴുത്തറുത്തിട്ടില്ല
സ്വന്തം ആവശ്യം നേടാനായി ആരുടേയും കുടുംബവും തകര്‍ത്തിട്ടില്ല അഥവ ഇത്തിരി സ്നേഹവും അടുപ്പവും സ്വാതന്ത്ര്യവും കാട്ടി ആരോടെങ്കിലും കുറച്ച് കൂടുതല്‍ പെരുമാറിയാല്‍ അത് അവര്‍ക്ക് ശല്ല്യമാണന്ന് തിരിച്ചറിയണ സമയത്ത് അവിടുന്ന് മാറിപ്പോവും
സൗഹൃദങ്ങളെ പൊന്നുപോലെ സൂക്ഷിക്കാനാണിഷ്ടം അഥവാ അങ്ങനെ ഏറ്റവും അടുപ്പം ഉണ്ടായ സൗഹൃദങ്ങളില്‍ വിള്ളിച്ച വന്നെങ്കില്‍ അതൊവരുടെ കുറ്റം കൊണ്ട് മാത്രമാവും….
പണത്തിനെ സ്നേഹിച്ചിട്ടില്ലിതുവരെ സ്വന്തം കഴിവുകൊണ്ടല്ലാതെ ഒരു പേരും എടുക്കാന്‍ ശ്രമിച്ചിട്ടില്ല ചിലപ്പോള്‍ അതിന് തന്നെ സമയം കിട്ടാറില്ല
പിന്നെന്താണ് ചെയ്ത തെറ്റ് അതിന്നും അറിയില്ല എല്ലാവരോടും ആല്‍മാര്‍ത്ഥ കാണിച്ചതുകൊണ്ടാണോ.
സൗഹൃദങ്ങളെ ജീവനായ് കണ്ടതോ…
അവര്‍ തന്ന സഹായങ്ങള്‍ മറക്കാതിരുന്നത് കൊണ്ടോ…
കടപ്പാടും കടമകളും മറക്കാതെ എല്ലാവരേയും മുറുക്കെപിടിച്ചതോ
കുടുംബത്തെ സ്നേഹിച്ചത് കൊണ്ടോ…
അറിയില്ല ഒന്നും അറിയില്ല..
വേദനകള്‍ കഷ്ടപ്പാടുകള്‍ മനോ വെഥകള്‍
പ്രശനങ്ങള്‍
വാങ്ങിയ കടങ്ങള്‍ ചെയ്യേണ്ട കടമകള്‍ അതിന്ന് വരെ കുടുംബത്തിന്‍റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിച്ചിട്ടില്ല തന്നത്താന്‍ എല്ലാം ചുമക്കാന്‍ ശ്രമിച്ചു.
ഒരു ജോലി ആവശ്യമായിരുന്നു നാള്‍ക്ക് നാള്‍ കടം കൂടി വരുമ്പോള്‍ അത് വീട്ടാനുള്ള മാര്‍ഗം നാട്ടില്‍ കിട്ടുന്ന തുച്ഛവരുമാനം
മാത്രം പോരാതെ വന്നത് നാടുവിടാനുള്ള തീരുമാനത്തിന് ആക്കം കൂട്ടി.
അതുപോലെ വേണ്ടപ്പെട്ടവരുടെ അവഗണന കുത്തുവാക്കുകള്‍
ശാപവാക്കുകള്‍
അതെല്ലാം നെഞ്ചില്‍ കൊണ്ടു
ആര്‍ക്ക്‌ വേണ്ടി എന്തിന് വേണ്ടി ഒരധികപറ്റാവണം
മറ്റുള്ളവര്‍ക്ക് മടുപ്പും ദേഷ്യവും
ശല്ല്യവുമാവണം..
തടയാനാരുമുണ്ടായില്ല അതാണേറെ സങ്കടം…
ഇന്നുവരെ കുടുംബത്തെ പിരിഞ്ഞ് ജീവിച്ചിട്ടില്ല……
രണ്ടുദിവസത്തിലേറെ അവരെ കാണാതിരിക്കാന്‍ വയ്യ പിന്നെങ്ങനെ കുറെ കാലം അവരെ പിരിഞ്ഞിരിക്കും..
ചിലരുടെ പിടിവാശികള്‍ അവരുടെ ആവശ്യമില്ലാത്ത സംശയങ്ങള്‍..
എന്തു ചെയ്താലും ദേഷ്യം മുഖം കറുപ്പിക്കല്‍ വന്നാകുറ്റംപോയാകുറ്റം സമയംവൈകിയാല്‍ കുറ്റം നേരത്തെയായാല്‍ കുറ്റം അങ്ങനെയങ്ങിനെ കുറ്റങ്ങളുടെ ഘോഷയാത്രകള്‍
എല്ലാം മടുക്കുകയായിരുന്നു….അവരുടെ ബി.പി കൂട്ടണ്ട്ന്ന് കരുതി മാസങ്ങളായി മനസ്സില്‍ കൂട്ടിയും കിഴിച്ചും വച്ച ആ യാത്രക്ക് തയ്യാറായീ……
അതെ ആര്‍ക്കും ശല്ല്യമാവാതെ ആര്‍ക്കും അധികപറ്റാവാതെ
ആര്‍ക്കും ഒരു മുഷിപ്പാവാതെ അങ്ങട് മാറികൊടുക്കുക തന്നെ……
അയാളത് പറഞ്ഞ് നിര്‍ത്തി.
എന്‍റെ മുഖത്തേക്കൊന്ന് നോക്കി
എന്ത് മറുപടി കൊടുക്കണം എന്നറിയാതെ എങ്ങിനെ സമാധാനിക്കണമെന്നറിയാതെ വാക്കുകളില്ലാതെ ഞാനയാള്‍ക്ക് മുന്നില്‍ നിസഹായനായി…
അറിയാതെ എന്‍റെ ഇപ്പോഴത്തെ അവസ്ഥ ഓര്‍ത്തു ഞാനനുഭവിക്കുന്ന അതെ അവസഥ എനിക്ക് മാത്രമല്ല പലര്‍ക്കുമുണ്ടന്ന് തിരിച്ചറിയുകയായിരുന്നു.
കമ്പനിയില്‍ സൈറണ്‍ മുഴങ്ങി.
അടുത്ത ഷിഫ്റ്റിനുള്ളതാണത് ഹരിലാല്‍ എന്‍റെടുത്ത് നിന്ന് എണീച്ചു ഒന്നും മിണ്ടാതെ അയാള്‍ തിരിഞ്ഞു നടന്നു അയാള്‍ കമ്പനിക്കുള്ളിലേക്ക് ഞാന്‍ മുറിയിലേക്കും
ആറുമണിക്ക് ഗയിറ്റിലെത്തണം..
ഇന്ന് രാത്രി രണ്ട്മൂന്ന് കണ്ടൈനറില്‍ ലോഡ് കേറ്റണം
കുറച്ച് ചില്ലറ തടയും….
ഒന്നാം തീയ്യതി ഫോണിന്‍റെ അടവ് ഉണ്ട് ….
ഹരിലാല്‍ പോയ വഴിയെ ഞാനൊന്ന് നോക്കി അയാള്‍ നടന്ന് അകന്ന് കഴിഞ്ഞിരുന്നൂ….
മനസ്സ് വെന്ത് പുകയുന്നതറിയാം ഇനി ചിന്തിക്കാനും വേദനിക്കാനും നേരമില്ല ഫോണിന്‍റെ ഡിസ്പ്ലയില്‍ 5.30pm എന്ന് കണ്ടു അരമണിക്കൂര്‍കൊണ്ട് കുളിച്ച് ഫ്രഷായി ഇറങ്ങണം….
ദൃതിയില്‍ മുറിയിലേക്ക് നടക്കുമ്പോള്‍
എതിരെ കൃഷ്ണവേണി നടന്ന് വരണു കണ്ടു അപ്പുറവും ഇപ്പുറവുമുള്ള രണ്ട് തൊഴിലാളികളുടെ റൂമിന്‍റെ ഭിത്തിക്കിടയിലെ ചെറിയ ഗ്യാപ്പിലേക്ക് മെല്ലെ കയറി നിന്നു താഴെയുള്ള കാണാത്ത ഉറുമ്പിനെപോലും ചവിട്ടി വേദനിപ്പികിക്കാതെ ആ പെണ്‍കുട്ടി എന്നെ മറികടന്ന് പോയി…അവള്‍ എന്നെ കണ്ടിട്ടില്ലന്ന ഉറച്ച വിശ്വോത്തോടെ
ഞാന്‍ നിന്നിടത്ത് നിന്ന് ഇറങ്ങി ഇടനാഴിയില്‍ കാലെടുത്ത് വച്ച് കൃഷ്ണവേണിപോയ ഭാഗത്തേക്ക് നോക്കുമ്പോള്‍ ഞെട്ടിപ്പോയി ആ കുട്ടി അവിടെ നില്‍ക്കുന്നു അവളുടെ നോട്ടം എന്നിലേക്കാണന്നറിഞ്ഞപ്പോള്‍ ചൂളിപ്പോയി….
നനുത്തൊരു പുഞ്ചിരി സമ്മാനിച്ച് മെല്ല അവള്‍ തിരിഞ്ഞ് നടന്നു.
അവളുടെ ചിരിയില്‍ അപ്പോള്‍ കണ്ടത് നിന്ദയായിരുന്നു എന്നോടോ അതീ ലോകത്തോടോ എന്നറിയാതെ ഞാനൊരു നിമിഷം അന്തം വിട്ട് നിന്നു.
ദൂരെ ആകാശം
വിഷം കുടിച്ച് ചത്തപോലെ കരുവാളിച്ച് തിണര്‍ത്ത് കിടക്കുന്നത് ആ നോട്ടത്തിലൂടെ ഞാന്‍ കണ്ടു.
ഉള്ള് പഴുത്ത് വേവുന്നതിന്‍റെ ചൂട് മൂക്കിലടിച്ചപ്പോള്‍ ശക്തമായി മൂക്ക് പിഴിഞ്ഞ് ഉടുമുണ്ടിന്‍റെ കോന്തലകൊണ്ട് മുഖമൊന്നമര്‍ത്തി തുടച്ചു.
പിന്നെ ശക്തി സംഭരിച്ച് തളര്‍ന്ന് പോയ കാലുകളെ നീട്ടിവച്ച് മുന്നോട്ട് നടന്നു

By ivayana