രചന : തോമസ് കാവാലം ✍
മേഘങ്ങളെന്തേ വിയത്തിലോടി
ഭയത്തിൽതുള്ളികളുതിർത്തിടുന്നു
ലാഘവത്തോടെ മയത്തോടെയും
ആഴിയെപുൽകാനൊരുങ്ങുകയോ?
മരത്തിൽനിന്നേറെ നീർമണികൾ
ഈറനായ് വീണുപടർന്നു മണ്ണിൽ
ഒരു മാത്ര ജലമാത്ര വീണപാടെ
തരുക്കളും ധരണിയും കുളിരുകോരി
ധരണിയിൽസൂനങ്ങൾ ഭ്രരങ്ങളു മാ
ധാരാ പ്രവാഹത്തിൽ കുളിച്ചുനിന്നു
ധനുസ്സുപോലകലെ ചാരുവർണ്ണരാജി
വനജ്യോത്സ്നപോലെ വിടർന്നുനിന്നു.
മധുതേടിയണഞ്ഞൊരു പതംഗമപ്പോൾ
മലരിൻ ദളങ്ങളിൽചേർന്നമർന്നു
മതിപോലെ മധു മോന്തിയാമകാന്ദം
മതിഭ്രമത്തിൽ സ്വയം മറന്നുപോയി.
പൊത്തിലിരുന്നൊരു പക്ഷിയപ്പോൾ
മുത്തിച്ചുവപ്പിച്ചു ചെറ്റുചെമ്പരത്തി
കദനപ്പെരുമഴ വീഴ്ത്തി വീഴ്ത്തി
കടൽത്തിരകൾമെല്ലെ തലയലച്ചുതല്ലി.
അംബരം ഉല്ലാസ്സക്രീഡ തുള്ളി
അംബുധിതൻ മൃദുമേനി പുണർന്നു
സൂരൻ കാശ്മീരകം തൂകിനിൽക്കെ
സ്വയംവരംചെയ്തവൾ മതി മറന്നു.