രചന : വിജിലേഷ് ചെറുവണ്ണൂർ✍

മഴയേയും കൂട്ടി സ്ക്കൂളിൽ വന്നതിന്
ദേഷ്യംപ്പെടും ക്ലാസ് മാഷ്.
പുത്തൻ മണത്തിൻ്റെയിടയിൽ
കരിമ്പൻ നിറം പല്ലിളിക്കുമ്പോൾ
പറയും എൻ്റെ കുപ്പായം
അടിച്ചു കിട്ടിയിട്ടില്ലെന്ന് .
ഇല്ലി പൊട്ടിയ കുട ചൂടി പോകുമ്പോൾ
പറയും, പുതിയ കുട
അമ്മോൻ്റെ പോരേല് വെച്ച് മറന്ന്.
ചെരുപ്പില്ലാത്ത കാലിൽ ചൂണ്ടി
കൂട്ടുകാർ ഉളുപ്പ്കെടുത്തുമ്പോൾ
മറ്റൊരു കള്ളം പറയും,
ഹവായ് ചെരിപ്പുകൊണ്ട്
മഴ പോയാലേ
ചവിട്ടുകയുള്ളൂ……..
ജൂൺ ഒന്ന് മുതലായിരിക്കും
കഞ്ഞിപ്പുര
അത്രയും പ്രതീക്ഷയുള്ള
പാഠപുസ്തകമാവുന്നത്
കഞ്ഞി വെക്കാൻ ബക്കറ്റിൽ
വെള്ളം നിറച്ചു വരുന്ന
ജാനകിയേടത്തിയെ കാണുമ്പോഴാണ്
ആശ്വാസത്തിൻ്റെ പരീക്ഷ
ജയിക്കുന്നത് ….
കുടുക്കില്ലാത്ത കുപ്പായത്തിന്
സ്ഥാനം തെറ്റിക്കുത്തിയ
പിന്നാണ് എനിക്ക്
‘ജൂൺ ഒന്ന് ‘

വാക്കനൽ

By ivayana