രചന : മൻസൂർ നൈന✍
ഒരു പ്രദേശത്തിന് എങ്ങനെ
‘ മരുന്നു കട ‘ എന്ന പേര് വന്നുവെന്ന അന്വേഷണത്തിൽ നിന്നും നമുക്ക് ഈ ചരിത്രം തുടങ്ങാം . തോപ്പുംപടിയിൽ നിന്നും പള്ളുരുത്തിയിലെ യാത്രയ്ക്കിടയിലാണ് ഈ ചരിത്രം മനസിലേക്ക് കടന്നു വരുന്നത് .
ഗോവയിൽ നിന്നും AD 1554 -ൽ കേരളത്തിലേക്ക് പലായനം ചെയ്തെത്തിയ കൊങ്ങിണികളിൽ വളരേ സമർത്ഥരായ വൈദ്യന്മാരുമുണ്ടായിരുന്നു .
കൊച്ചിയിലെ ഡച്ച് ആധിപത്യകാലത്ത് ഗവർണറായിരുന്ന ഹെൻഡ്രിക് അഡ്രിയാൻ വൻ റീഡ്‌ടോ ഡ്രാക്കെൻസ്റ്റീൻ (Hendrik Adriaan van Rheede tot Drakenstein ) ന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാണിക്കൽ ഗാർഡൺ ഫോർട്ട്ക്കൊച്ചി വെളിയിലെ ഓടത്ത എന്ന പ്രദേശത്ത് സ്ഥാപിച്ചു. ഗോവ മുതൽ കന്യാകുമാരി വരെയുള്ള വൈവിധ്യമാർന്ന കാലാവസ്ഥകളിലെ വ്യത്യസ്ഥ ഔഷധ സസ്യങ്ങളെ ഫോർട്ടുക്കൊച്ചി വെളിയിലെ 13 ഏക്കർ പ്രദേശത്ത് നട്ടു വളർത്തി. അന്നത്തെ ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള പ്രവേശന കവാടത്തിന്റെ കൽത്തൂണുകളിൽ ഒന്നിന്റെ ശേഷിപ്പ് ഫോർട്ടുക്കൊച്ചി വെളിയിൽ ഇന്നും കാണാം
' ഹോർത്തൂസ് മലബാറിക്കൂസ് '
അഥവാ മലബാറിന്റെ ഉദ്യാനം എന്ന പേരിൽ സ്ഥാപിച്ച ഈ ബൊട്ടാണിക്കൽ ഗാർഡന്റെ സസ്യശേഖരങ്ങളെ കുറിച്ച് ആധികാരികമായി രേഖപ്പെടുത്തി കൊണ്ടു ‘ ഹോർത്തൂസ് മലബാറിക്കൂസ് ‘ എന്ന പേരിൽ 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി ഒരു ബ്രഹ്ത് ഗ്രന്ഥം പ്രസിദ്ധീകരിച്ചു . കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം ഇതാണ് .
ഇന്ത്യയിലെ ആദ്യ ബൊട്ടാണിക്കൽ ഗാർഡന്റെ പിന്നിലെ കൊങ്ങിണി വൈദ്യന്മാരുടെ പങ്ക് അനിഷേധ്യമാണ് . ഡച്ച് ഗവർണറായ ഹെൻഡ്രിക് അഡ്രിയാൻ വൻ റീഡ്‌ടോവിന് ഒപ്പം ഈഴവ സമുദായക്കാരനായ ചേർത്തലക്കാരൻ നാട്ടുവൈദ്യൻ കടക്കരപ്പള്ളി ഇട്ടി അച്യുതൻ , ഗൗഡ സാരസ്വത വിഭാഗത്തിലെ പണ്ഡിതന്മാരും നാട്ടുവൈദ്യന്മാരുമായിരുന്ന അപ്പു ഭട്ട് , രംഗ ഭട്ട് , വിനായക പണ്ഡിറ്റ് എന്നിവർ ഡച്ച് ഗവർണ്ണർക്ക് മർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഒപ്പമുണ്ടായിരുന്നു. പണ്ഡിതനായ മത്തേവൂസ് എന്ന ഇറ്റാലിയൻ കർമ്മലീത്താ സന്യാസി തുടക്കത്തിൽ വളരേ കുറച്ച് നാൾ ഡച്ച് ഗവർണറെ സഹായിക്കാൻ ഉണ്ടായിരുന്നതായും കാണാം .
മുൻ തലമുറകളിലെ അമ്മമാർക്ക് ഉമ്മമാർക്ക് ചെറിയ
മക്കളൊന്ന് നിർത്താതെ കരഞ്ഞാൽ എന്താണ് അസുഖം എങ്ങനെയാണ് പ്രതിവിധി എന്ന് നല്ല നിശ്ചയമുണ്ടായിരുന്നു . ഒറ്റമൂലികളും പൊടികൈകളും പ്രയോഗിച്ച് രോഗം ഭേദമാക്കുന്ന വീട്ട് വൈദ്യന്മാരായിരുന്നു പഴയ തലമുറയിലെ അമ്മമാരും ഉമ്മമാരും . പുതിയ തലമുറയിലെ മാതാക്കൾ മക്കൾക്ക് അസുഖം വന്നാൽ ട്രാക്കിൽ ഓടാൻ നിൽക്കുന്ന ഓട്ടക്കാരികളെ പോലെ ഡോക്ടർക്ക് അരികിലേക്ക് ഓടാൻ തയ്യാറായി നിൽക്കുകയാണ് .
കൊച്ചിയിലെ കൊങ്ങിണി വൈശ്യ വിഭാഗത്തിലെ രാമൻ ഷെട്ടി നല്ലൊരു നാട്ടുവൈദ്യനായിരുന്നു . ഒന്നര നൂറ്റാണ്ട് മുൻപ് അദ്ദേഹം പള്ളുരുത്തിയിൽ ഒരു പച്ചമരുന്നു കട തുടങ്ങി . പള്ളുരുത്തി , കുമ്പളങ്ങി , ഇടക്കൊച്ചി , കണ്ണമാലി , ചെല്ലാനം , മറുവക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അസുഖ ബാധിതരരുമായി ആളുകൾ വള്ളത്തിലും , കാളവണ്ടിയിലും മറ്റുമായി രാമൻ വൈദ്യരുടെ അരികിലേക്കെത്തും . ഓല മേഞ്ഞ , ചുറ്റും ഓല കൊണ്ടു തന്നെ മറച്ച , ഓല കൊണ്ടു തന്നെ വാതിലും തീർത്ത , അക്കാലത്തെ ഒരു സൂപ്പർ സ്പഷ്യാലിറ്റി ഹോസ്പിറ്റൽ അതായിരുന്നു രാമൻ വൈദ്യരുടെ പള്ളുരുത്തിയിലെ മരുന്നു കട .
പള്ളിവിരുത്തി എന്ന പള്ളുരുത്തി ….
മലപ്പുറം ജില്ലയിലെ പൊന്നാനി പെരുമ്പടപ്പ് സ്വരൂപത്തിലെ രാജകുടുംബാംഗങ്ങൾ താമസിച്ചിരുന്നത് കൊണ്ടാകണം പള്ളി വിരുത്തി എന്ന പേരു കിട്ടിയത് പിന്നീട് ലോപിച്ച് അത് പള്ളുരുത്തിയായി . പള്ളുരുത്തിക്ക് അൽപ്പം തെക്ക് മാറി പെരുമ്പടപ്പ് സ്ഥിതി ചെയ്യുന്നു . പൊന്നാനിയിൽ നിന്നെത്തിയ പെരുമ്പടപ്പ് കുടുംബക്കാരിൽ നിന്നാണ് ഇവിടെ ഈ പേര് വന്നത് . മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഇപ്പോഴും പെരുമ്പടപ്പുണ്ട് . പോർച്ചുഗീസുകാർ പള്ളുരുത്തിയെ ‘”പള്ളുർട്ട്” എന്നാണ് വിളിച്ചിരുന്നത് . പള്ളുരുത്തിയുടെ വലിയൊരു പ്രദേശം വെള്ളി പോലെ വെളുത്ത കുഴമണ്ണായിരുന്നു . പള്ളുരുത്തി വെളിയുടെ ഒരംശം മാത്രമാണ് ഇന്നിവിടെ കാണുന്നത്. ഏറനാട് പള്ളുരുത്തി മുതൽ അഴകിയകാവ് ക്ഷേത്രം വരെ വളരേ വിസ്തൃതമായ ഒരു പ്രദേശമായിരുന്നു പള്ളുരുത്തി വെളി. പൊന്നാനിയിലെ ഏറനാട് കുടുംബക്കാർ താമസിച്ചിരുന്ന പ്രദേശമാണ് പള്ളുരുത്തിയിലെ ഏറനാട് . പള്ളുരുത്തിയിലെ ഇന്നത്തെ കച്ചേരിപ്പടിയുടെ കിഴക്കേ ഭാഗമാണ് ഏറനാട് .
ഈ വെള്ളി വെളുത്ത കുഴമൺ പ്രദേശത്ത് അങ്കം വെട്ടുക പതിവായിരുന്നു . രണ്ടിലൊരാൾ കൊല്ലപ്പെടുന്നത് വരെയാണ് അങ്കം വെട്ടുക . ഈ ദ്വന്ദയുദ്ധം കാണാൻ ആളുകൾ തടിച്ചു കൂടുമായിരുന്നു . പോർച്ചുഗീസുകാരുടെ കാലത്ത് അങ്കം കാണാൻ പോർച്ചുഗീസ് സേനാനായകൻ വന്നതായും അങ്കത്തിന്റെ ആവേശത്താൽ സേനാനായകൻ ചാടി വീണ് കുഴപ്പങ്ങളുണ്ടായതായും .കെ.പി. പദ്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തിൽ വിവരിക്കുന്നു .
ഒന്നര നൂറ്റാണ്ട് മുൻപ് ശ്രീ ഭവാനീശ്വര ക്ഷേത്രം ( SDPY സ്ക്കൂളിന് സമീപം ) ഇപ്പോൾ സ്ഥിതി ചെയ്യുന്ന പ്രദേശം മുതൽ അഴകിയകാവ് ഭഗവതി ക്ഷേത്രം വരെ പരന്ന് കിടക്കുന്ന സ്ഥലം വെളുത്ത കുഴമണ്ണുള്ള ഒരു തുറന്ന പ്രദേശമായിരുന്നു . ഓല മേഞ്ഞ കുറെ കുടിലുകൾ അങ്ങിങ്ങ് കാണാം . ഇടയ്ക്കിടെ കാളവണ്ടികൾ അത് വഴിയെ കടന്നു പോകും. കൊച്ചി ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കാലത്ത് പള്ളുരുത്തിയിലെ ഈ കുഴമൺ പ്രദേശത്ത് ബ്രിട്ടീഷ് പട്ടാളക്കാർ ടെന്റുകൾ കെട്ടി താമസിച്ചിരുന്നു . ഒരിക്കൽ വസൂരി ( Small Pox) വ്യാപകമായി പടർന്നു പിടിച്ചു. രോഗത്തെ ഭയപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാർ ടെന്റുകൾ ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെട്ടുവെന്ന് ചരിത്രം .
ചരിത്രമുണർത്തുന്ന പള്ളുരുത്തിയിലെ പുലയ വാണിഭം………..
നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് പള്ളുരുത്തിയിലെ പുലയ വാണിഭത്തിന് . മണ്ണിന്റെ മണമുള്ളവരാണ് പുലയ വിഭാഗം . അവർ മണ്ണിൽ പണിയെടുക്കുന്നവരാണ് . അവരുടെ വിയർപ്പ് പോലും മണ്ണിന്റെ കഥ പറയും . കൊച്ചി രാജ്യം പോലുള്ള സാമ്രാജ്യങ്ങൾ അടക്കി ഭരിച്ചിരുന്നവരാണ് ചേരമക്കളുടെ പിന്തുടർച്ചക്കാരായ ചെറുമർ അഥവാ പുലയർ . പക്ഷെ എഴുന്നൂറുകളോടെ ജാതിയത ഇവരുടെ മേൽ കരിനിഴൽ വീഴ്ത്തി . അവർ ചാതുർവർണ്ണ്യ വിശ്വാസത്തിന്റെ ഇരകളായി . ‘തൊട്ടുകൂടാത്തവർ തീണ്ടി കൂടാത്തവർ ദൃഷ്ടിയിൽ കണ്ടാലും ദോശമുള്ളോർ ‘ എന്ന നിലയിൽ ഇവർക്ക് ക്ഷേത്ര പ്രവേശനം തടയപ്പെട്ടിരുന്നു . 19 -20 നൂറ്റാണ്ടുകളിൽ കെ.പി. അപ്പൻ , അയ്യങ്കാളി , സഹോദരൻ അയ്യപ്പൻ , കെ.പി. വള്ളോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങളുടെ ഫലമായി കുറച്ചൊക്കെ ജാതിയുടെ വേലിക്കെട്ടുകൾ തകർത്തെറിയാൻ സാധിച്ചു . അങ്ങിനെ നേടിയെടുത്തതാണ് പുലയർക്ക് ക്ഷേത്ര പ്രവേശനത്തിനുള്ള അനുമതി .
പള്ളുരുത്തിയിലെ അഴകിയ കാവ് ക്ഷേത്രത്തിലെ ഈ ഉത്സവത്തിന് ചില ചരിത്രങ്ങൾ പറയാനുണ്ട് . 1936 – ൽ തിരുവതാംകൂർ മഹാരാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമ്മ തന്റെ പുലയ പ്രജകൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശനാനുമതി നൽകിയെങ്കിലും കൊച്ചിയിൽ അത് നടപ്പിലായിരുന്നില്ല . എന്നാൽ കൊച്ചിയിൽ പുലയ വിഭാഗത്തിന് ക്ഷേത്രത്തിൽ പ്രവേശനാനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരു കഥ പറഞ്ഞ് കേൾക്കാറുണ്ട് . തീണ്ടൽ / അശുദ്ധി മുതലായ കാരണങ്ങളാൽ അമ്പല പരിസരങ്ങളിൽ നിന്ന് കുറേ അകലെ പാർപ്പിക്കപ്പെട്ട പുലയരുടെ ഒരു ഗ്രാമം കൊച്ചിയിലുണ്ടായിരുന്നു . ഒരു നാൾ ആ ഗ്രാമമാകെ പകർച്ചവ്യാധി പടർന്ന് പിടിക്കുകയും നിരവധി മരണം സംഭവിക്കുകയും ചെയ്തു . ഇത് ദേവിയുടെ കോപമാണെന്നും കോപത്തിന് ശമനം വരാൻ നേർച്ച കാഴ്ചകളും വഴിപാടുകളൂം അത്യാവശ്യമാണെന്നും അഭിപ്രായം ഉയർന്നു വന്നതോടെ പുലയ വിഭാഗത്തിന് ക്ഷേത്ര പ്രവേശനത്തിന് കൊച്ചി രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു എന്നാണ് കഥ .
രാജാവിന്റെ സ്നേഹപൂർണ്ണമായ സമീപനത്തിന് നന്ദിയായി പള്ളുരുത്തിയിൽ നിന്ന് 4.5 കിലോമീറ്റർ താണ്ടി എഴുന്നുള്ളിപ്പോടെ മട്ടാഞ്ചേരിയിലെത്തും . പള്ളുരുത്തിയിലെ അഴകിയകാവ് ഭഗവതിയുടെ സഹോദരിമാരാണ് മട്ടാഞ്ചേരി ഡച്ച് പാലസിന് സമീപമുള്ള പഴയന്നൂർ ഭഗവതിയും , മട്ടാഞ്ചേരിയിലെ പള്ളിയറക്കാവ് ഭഗവതിയും എന്നാണ് വിശ്വാസം അവരെ ക്ഷണിക്കുകയും , പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപത്തെ അരിയിട്ടു വാഴ്ച കോവിലകത്ത് രാജാവിനെ കണ്ട് അനുമതി വാങ്ങിയ ശേഷവുമാണ് പള്ളുരുത്തി നടയിലെ അഴകിയ കാവ് ക്ഷേത്രത്തിൽ ഉൽസവം ആരംഭിക്കുക . രാജാവും രാജഭരണവും അവസാനിച്ചു എങ്കിലും നൂറ്റാണ്ടുകളുടെ ചരിത്രം ആവർത്തിച്ച് കൊണ്ട് അനുവാദത്തിനായി പള്ളുരുത്തിയിൽ നിന്ന് മട്ടാഞ്ചേരിയിലേക്ക് വരുന്ന കാഴ്ച ഇന്നും കാണാം . അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടുതാലപ്പൊലിയുടെ ഭാഗമായുള്ള ദേശ പറയെടുപ്പ് ആരംഭിക്കുന്നത് ദേവസ്വം കൊട്ടാരത്തിൽ നിന്നാണ് . അക്കാലത്ത് കൊച്ചി രാജാവോ രാജപ്രതിനിധിയൊ ആണ് പറ നിറച്ചു നൽകിയിരുന്നത് .
പുലയർക്ക് ക്ഷേത്ര ദർശനം നടത്താൻ കൊച്ചി മഹാരാജാവ് അനുമതി നൽകിയതിന്റെ ഓർമ്മ പുതുക്കലാണ് ധനുമാസത്തിലെ പള്ളുരുത്തിയിൽ നടക്കുന്ന പുലയ വാണിഭം. പള്ളുരുത്തിക്കാർക്ക് പുലയ വാണിഭം ഒരു ട്രേഡ് ഫെയറാണ് . ധനു മാസത്തിലെ അവസാന ആഴ്ചകളിൽ പള്ളുരുത്തിയിലെ നട പ്രദേശത്ത് തെരുവോരങ്ങൾ വർണ്ണാഭവും പ്രകാശ പൂരിതവുമായ ദിനരാത്രങ്ങളാണ് . പണ്ട് കാലങ്ങളിൽ പുലയ വിഭാഗം നിർമ്മിച്ചുണ്ടാക്കുന്നവയാണ് ഇവിടെ വിൽപ്പനക്കുണ്ടാവുക . അതിനാലാണ് ‘ പുലയ വാണിഭം ‘ എന്ന് വിളിക്കുന്നത് . മൺകലങ്ങൾ , കാർഷിക ഉൽപ്പന്നങ്ങൾ , കുട്ടകൾ , വട്ടികൾ , ഓലപ്പായകൾ , മുറം , ചവിട്ടി , ചട്ടികൾ , ആട്ട് കല്ല് , ഉരക്കല്ല് എന്നിവ ഇവിടെ വിൽപ്പനക്കുണ്ടാകും .
പുലയ വാണിഭം ലോപിച്ച് പിന്നീടത് പുല വാണിഭമായി മാറി .
കൊങ്ങിണി വൈശ്യ വിഭാഗത്തിന്റെ ‘ വെങ്കിടാചലപതി ക്ഷേത്രവും ‘ , ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ‘പത്തും തിരുമല ദേവസ്വം ക്ഷേത്രവും ‘ , ‘ധന്വന്തരി ക്ഷേത്രവും’ ഇവിടെ അടുത്തുണ്ട് .
പള്ളുരുത്തിയിലെ ഒരു പ്രദേശത്തിന് മരുന്നു കട എന്ന പേര് സമ്മാനിച്ച ഒന്നരനൂറ്റാണ്ട് മുൻപ് തുടങ്ങിയ ഈ മരുന്നു കട ഇന്നും ഇവിടെ പ്രവർത്തിക്കുന്നു . രാമൻ വൈദ്യരുടെ മകൻ സുബ്രഹ്മണ്യൻ , അദ്ദേഹത്തിന്റെ മകൻ ശ്രീനിവാസൻ , ശ്രീനിവാസന്റെ മകളായ നാലാം തലമുറയിലെ ആശാലതയാണ് ഇന്ന് ഈ കട നടത്തി പോരുന്നത് .
പള്ളുരുത്തിയുടെ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല ……