രചന : അശ്വതി ശ്രീകാന്ത്✍

മഞ്ഞവെളിച്ചം കൊണ്ട്
നര മറച്ച
നഗരത്തിന്റെ വൈകുന്നേരങ്ങളിൽ
തനിയെ നടക്കുമ്പോഴല്ലാതെ,
ഇരുമ്പുചട്ടിയിൽ നൂറ്റാണ്ടുകളായി
കടല വറുക്കുന്ന
വൃദ്ധനെ കാണുമ്പോഴല്ലാതെ,
ഉടലുരുമ്മാനൊരു വിളക്കുകാൽ തേടുന്ന
വയറു വീർത്ത പൂച്ചകളെ കാണുമ്പോഴല്ലാതെ,
കൗതുകവസ്തുവിന് വിലപേശുന്ന
വിനോദസഞ്ചാരിയെ കാണുമ്പോഴല്ലാതെ,
അയാളെ ചേർന്നുനിൽക്കുന്ന
പിൻകഴുത്തിൽ പച്ചകുത്തിയ കൂട്ടുകാരിയെ
കാണുമ്പോഴല്ലാതെ,
കല്ലുമാലകൾ വച്ചുനീട്ടുന്ന
വഴിവാണിഭക്കാരെ
കടന്നു പോകുമ്പോഴല്ലാതെ,
നഗരത്തേക്കാൾ പഴകിയ സിനിമാശാലയുടെ
പുറംചുമരിലെ പോസ്റ്ററുകൾ
കണ്ടില്ലെന്നു നടിക്കുമ്പോഴല്ലാതെ,
കണ്ണട മറന്നുവച്ച
കോഫിഷോപ്പിന്റെ
പേരോർത്തെടുക്കാൻ ശ്രമിക്കുമ്പോഴല്ലാതെ,
ദൈവത്തിന്റെ സമ്മാനമെന്നു
മുന്നിൽ എഴുതിയ
ഓട്ടോറിക്ഷയ്ക്ക് കൈനീട്ടുമ്പോഴല്ലാതെ,
അറുപഴഞ്ചനൊരു സൂര്യനെ നോക്കി
ഈ ദിവസം എങ്ങനെയാവും അവസാനിക്കുകയെന്ന്
അതിശയിക്കുമ്പോഴല്ലാതെ,
കഴിഞ്ഞ ജന്മത്തിലെങ്ങോ ഞാനും നീയും മാത്രം ജീവിച്ചിരുന്ന
ഈ നഗരത്തിൽ നിൽക്കുമ്പോൾ
ഞാനെന്തിന് നിന്നെയോർക്കണം ?

വാക്കനൽ

By ivayana