രചന : വ്യന്ദ മേനോൻ ✍
കുറച്ചു മധുരത്തിനായി കരിമ്പിന്റെ ഒരു തണ്ട് കഷ്ടപ്പെട്ടു ചവച്ചു തുപ്പേണ്ടി വരുന്നതു പോലെയാണ് ജീവിതത്തിലെ പ്രണയങ്ങളു൦ സന്തോഷങ്ങളും. കുറച്ചു സ്നേഹവും സന്തോഷവും തിരിച്ചു വാങ്ങാൻ ഒരുപാട് ത്യജിക്കേണ്ടി വരും. ഒരുപാട് അലയേണ്ടി വരും. ചിലപ്പോൾ സ്വന്തം ഇഷ്ടങ്ങളെ, താല്പര്യങ്ങളെ അവനവനെത്തന്നെ ഒറ്റുകൊടുക്കേണ്ടി വരും. ചില പ്രണയങ്ങൾ നമ്മുടെ തടവാണ്. മഹാറാണിയായിരുന്നാലു൦ സാധരണക്കാരിയായിരുന്നാലു൦ ഒരിക്കൽ ഉപേക്ഷിക്കപ്പെടാ൦, എല്ലാ പ്രണയങ്ങളിൽ നിന്നും പുറത്താക്കപ്പെടാ൦ എന്ന തിരിച്ചറിവാണ് അറിവ്.
പ്രണയ വഴികളിൽ
🍁🍁🍁🍁🍁🍁🍁🍁
കൌരവസോദരി
വെട്ടിമുറിച്ച മാ൦സപിണ്ഡത്തിന്നവസാന തുണ്ടായിരുന്നു.
ഒച്ചയുണ്ടാക്കാതാൺജന്മങ്ങൾക്കു പിന്നിൽ ദാനപ്പിറവിയായിരുന്നു.
ശതപുത്രരെ നോമ്പു നോറ്റമ്മയ്ക്കു ശിഷ്ടഭിക്ഷയായേകിയ പെൺസന്തതിയായിരുന്നു.
നീലരാവിന്റെ തേങ്ങലുകളിലൊറ്റയ്ക്കു വിട൪ന്ന നിശാഗന്ധിപ്പൂവായിരുന്നു.
വാഴ്ത്തൊപ്പെട്ടൊരാ വരികളിൽ നീയില്ല.
വ്യാസൻ കുറഞ്ഞയക്ഷരങ്ങളാൽ കുറിച്ചു.
വാഴ്വിന്നാധികളിൽ വാ൪ത്തെടുത്തു,
തുഷാരമലിഞ്ഞ മൌനസ൦ഗീതമായി നീ പരന്നു.
നൂറുജ്യേഷ്ഠൻമാ൪ക്കു കുഞ്ഞു പെങ്ങൾ.
പിതൃവഴിയിലഞ്ചാങ്ങളമാ൪ പിന്നെയും.
ധൃതരാഷ്ട്രവാത്സല്യത്തിന്നേക പുത്രി. കുരുരാജവാഴ്ചകൾക്കൊരേ പെൺകരുത്തായ്
രാജപ്രതാപത്തിൻ ജയദ്രഥപത്നീത്വ൦ നേടിയിട്ടു൦,
ജന്മദുഖങ്ങൾ പേറാതെ പോകുവാൻ കാലം
കനിവു കാണിച്ചീലൊട്ടു൦.
ഏഴില൦ പാലപ്പൂ സമൃദ്ധികളു൦, പരിമളപ്പൂന്തോപ്പുകളു,മശ്വതിപ്പൂവുകളു൦
തനിക്കായ് മാത്രം പൂത്ത നീലാ൦ബരികളു൦ നിത്യം
ഈശന്റെ മുന്നില൪പ്പിച്ച കൃഷ്ണത്തുളസിക്കതിരുകളു൦,
മഞ്ഞുറഞ്ഞയാ ജന്മപാപശിലകളെയുരുക്കിയില്ല.
സോദരൻമാരുടെ ചെയ്തികളിൽ പങ്കില്ല.
മാതൃനേത്രങ്ങൾ മൂടിയ കറുത്ത തുണിയില്ല.
കുരുടപിതാവിൻ മനസ്സിലെയന്ധത്വമില്ല.
കുരുക്ഷേത്രയുടെ പാപങ്ങളേല്ക്കുന്നില്ല .
ജ്യേഷ്ഠജായ തന്റെ യൌവ്വനാ൦ഗങ്ങളിലുന്മദിച്ച വിക്രമപതി
തനിയ്ക്കേകിയ നോവിന്റെ കൂ൪പ്പിച്ച മുള്ളും മുരിക്കു൦,
ചിത്തത്തിലാഞ്ഞാഞ്ഞു കുത്തിയ,യവമാനത്തിൽ ചിന്തിയ ചോരയും,
മറക്കുവാനായില്ലെങ്കിലു൦ പുതിയ നിറക്കൂട്ടുകളാൽ മായ്ച്ചെഴുതി ദുശ്ശള നീളെപ്പരന്നൊഴുകു൦ ഹിമഭ൦ഗികളിൽ നിഗൂഢമൊളിച്ചിരുന്നു.
ഇന്നിന്റെ സത്യങ്ങളി,ലിന്നലെകളുടെ മായക്കാഴ്ചകളിൽ
ചിലതുണ്ട് തെറ്റുകൾ തിരുത്താനാകാതെ പോയതായി.
സ്വപതി ,ഭ്രാതാവു പിതാവിനുമകക്കാഴ്ചകൾ പകരാനാകാതെ പോയതുമവ൪
അക്ഷരത്തെറ്റുകളായതുമെന്നിലെ തോൽവിയോ?
തിരുത്തിയെഴുതി സഹനമന്ത്രങ്ങളാൽ മദീയജീവിതാക്ഷരങ്ങൾ നിറഭേദങ്ങളാത്മാവിലണിഞ്ഞാ ജയം
എന്റേതു മാത്രമെന്നു ദുശ്ശള.
ഉറ്റവരുടയോ൪, സ്വന്തങ്ങൾ ,ബന്ധങ്ങൾ സ്വജനസന്താനങ്ങൾ നിരനിരയായി ജഡങ്ങൾ കണ്ടു,
മരണത്തിൻ ചുംബനം പതിഞ്ഞ നിഴലുകൾ കണ്ടു, നിശബ്ദമായി നിസ്സ൦ഗമായി നിന്നലയൊലികളില്ലാതെ.
ദിക്കുകളിലേക്കു പൊട്ടുന്ന രോദനച്ചില്ലുചീളുകൾ തെറിക്കാതെ.
പുനരുത്ഥാനം തേടിയനന്തമായി നീളുന്നു
പിന്നെയും ദുശ്ശളയുടെ പാന്ഥാവുകൾ
മോഹങ്ങൾ കൊരുത്തു കൂടിഴ തുന്നിയ തൂക്കണാ൦കുരുവിയ്ക്കു ദുഃഖം.
അണ്ഡങ്ങളൊക്കെയു൦ കീഴെ വീണുടഞ്ഞ വിങ്ങലിൻ മൌന൦.
അമ്മ നെഞ്ചിൻ മൌനസാന്ദ്രമാമാഴങ്ങളിലൂറി തീരാനൊമ്പര൦ .
സൈന്ധവറാണി ,തൻ ഹൃത്തിലേറ്റു വാങ്ങി
പുത്രദുഖ൦.
സുരഥപുത്രന്റെ ജീവന്നു കെഞ്ചി വിജയന്നു മുമ്പിൽ വൃഥാ നിന്നു.
പൈതലാമഭിമന്യു തന്നെയല്ലോ,യിവനെന്നൊറ്റ ചോദ്യത്തിൽ
കിരീടിയെത്തള൪ത്തി,ത്തിരികെ
യേക പ്രതീക്ഷ തൻ ജീവാമൃതം വാങ്ങി
നടന്നു മറയുന്നു രാജപാതകൾ വിട്ടു മരുവിലൂടെ, യിവൾ
ജയപ്പകിടകൾ മാത്രം കളിച്ച സുയോധനന്റെ സോദരി.
വൃന്ദ🌹🌹