രചന : പള്ളിയിൽ മണികണ്ഠൻ✍
എത്ര കൈത്തലങ്ങളുടെ
സ്പർശമേറ്റതാണീ മുലകൾ
എത്ര ചുണ്ടുകളുടെ
ചൂടറിഞ്ഞതാണീ മുലക്കണ്ണുകൾ…
നിയോഗതാപത്തിൽ
നിശബ്ദമാക്കപ്പെട്ടവളുടെ
കണ്ണ് കലങ്ങിയതും കനവുരുകിയതുമൊന്നും
കാലം കുറിച്ചുവയ്ക്കാറില്ല.
സ്വാതന്ത്ര്യം നഷ്ടമായവളുടെ സ്വപ്നങ്ങളിൽ
വിശന്നുകരയുന്നൊരു കുഞ്ഞും
വിശപ്പൂട്ടുന്നൊരു പെണ്ണുമുണ്ടെന്ന്
കംസഹൃദയങ്ങളെങ്ങനെ തിരിച്ചറിയാനാണ്.?
ശാപവചനങ്ങളുടെ തീക്കാറ്റിൽ
ഉടലുരുകി, ഉയിരുരുകിയിട്ടും
മിടിപ്പ് നിലക്കാത്തവളുടെ മുലകളിലിപ്പോഴും
യൗവനം ബാക്കിയുണ്ട്.
കൊതിയോടെയെന്റെ
മാറിടങ്ങളിലേക്ക് നോക്കരുത്..
പിടഞ്ഞുതീർന്ന ചുണ്ടുകൾ നുണഞ്ഞുണക്കിയ
വെറും മാംസകുന്നുകൾ മാത്രമാണവ.
ആജ്ഞകളുടെ വാൾമുനകളിൽ
വഴിനടത്തപ്പെടുന്നവൾക്ക്
നിഷേധിക്കപ്പെട്ടുപോയ
ഒരു ജീവിതംകൂടിയുണ്ടെന്നറിയുക..
വിലാപങ്ങളുടെ മഴക്കരുത്തിലും
പിറക്കാതെപോയവരുടെ
ഇളംചുണ്ടുകൾ മരിയ്ക്കാതെ പിടയുന്നത്
എനിക്ക് കാണാനാകുന്നുണ്ട്.
പുറംതിരിഞ്ഞുകൊണ്ട്
കാഴ്ചകൾ മറയ്ക്കാനും
ശാപബാണങ്ങളേറ്റുവാങ്ങിക്കൊണ്ട്
ഇനിയൊരു പാലൂട്ടലിനും ഞാനശക്തയാണ്.
ഒരിക്കൽകൂടി ഞാനെന്റെ
മുലകൾ പുറത്തെടുക്കുകയാണ്.
ചുരത്താനാവാതെ വിങ്ങിനിൽക്കുന്ന
മാതൃത്വത്തിന്റെ നനവ് നീ കാണുന്നില്ലേ.?
ഈ മുലകൾ എനിക്കിനി
ഭാരമാകാതിരിക്കാൻ..
കണ്ണാ നീയെന്റെ മുലകൾ
നുണഞ്ഞുകൊണ്ടേയിരിക്കുക.
ഇടക്കെന്റെ കണ്ണുകളിലേക്ക് നോക്കൂ…
അവിടെയൊരു നീലക്കടലും
തുടിക്കുന്നൊരു മാതൃഹൃദയവും
നിനക്ക് കാണാനാകുന്നില്ലേ?
കണ്ണാ… എന്റെ കണ്ണാ…
നീയെന്റെ മുലക്കണ്ണ് വലിച്ചുകുടിക്കുമ്പോൾ
മാതൃത്വത്തിന്റെ സംതൃപ്തിയുണ്ടുകൊണ്ട്
ഞാനിപ്പോഴെന്റെ പ്രാണനിതാ
സ്വയം വെടിയുകയാണ്.