രചന : രജീഷ് പി.✍
പ്രളയത്തിനൊടുവിൽ
ഒരു മരം
മൂകമായ വാനിൽ
ശിഖരങ്ങൾ നീട്ടി
നിശബ്ദമായി
നിലകൊണ്ടിരുന്നു..
സ്വയം ഒരു മലപോലെ.
അകം നിറയെ കാടായിരുന്നു.
പച്ചപ്പ് പോയ
ദൈന്യത അശേഷമില്ല.
ചില്ലകളിൽ
കിളികൾ കൂടു കൂട്ടിയിരുന്നു..
വർഷകാലമത്രയും നനയാതിരിക്കാൻ..
ഒലിച്ചു പോകാത്ത മണ്ണിലത്രയും
വേരുകൾ ആഴത്തിൽ
പടർന്നിരുന്നു…
ഒരു പ്രളയത്തിനുമുന്നിലും
തോൽക്കാതിരിക്കാൻ..
നെഞ്ചിലെ
ഉൽക്കാടുകളിലിപ്പൊഴും
മഴ നൃത്തമാടുന്നുണ്ടായിരുന്നു..
ഓർമ്മകളുടെ
താലോലമേറ്റ്
തളരാതെ…
കാട്ടു മൃഗങ്ങൾ
കരിയിലകളിൽ
പതിഞ്ഞ ശബ്ദത്തോടെ
നടന്നു നീങ്ങുന്നുണ്ട്..
നിശബ്ദതയുടെ
വനഭയമില്ലാതെ
പുൽപരപ്പിൽ
കാർമേഘം കണ്ടു
മയിലുകൾ
ചിറക് വിരിച്ചുനിന്നിരുന്നു..
ഇണയെതിരഞ്ഞു
പ്രണയാർദ്ര മായി.
തോരാതെ മഴ
പെയ്തൊലിക്കുംവരെ…
മോഹങ്ങൾ കുത്തൊഴുക്കിൽ
കടലെടുക്കുംവരെ…
മരം
ഒരു കാടായിരുന്നു..