രചന : ഗഗൻ വയോള✍️

ഒരു അദ്ധ്യാപകൻ ആരായിരിക്കണം എന്നുള്ളതിൻ്റെ കണിശവും യുക്തി സങ്കുലവും അതേസമയം ഭാവസാരള്യമാർന്നതുമായ വാങ്മയങ്ങളാണ് ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട് പ്രസിദ്ധീകരിച്ച രാജീവൻ.ടി.വി.യുടെ ചരിത്ര നിയോഗം എന്ന നോവൽ. ഏതാണ്ട് ഒരു വർഷത്തോളമുള്ള കാലയളവിൽ വടക്കൻ മലബാറിലെ ഒരു തീരദേശ ഗ്രാമത്തിലെ ഫിഷറീസ് സ്കൂളിൽ ജോലി നോക്കേണ്ടി വന്ന രമേശൻ എന്ന അദ്ധ്യാപകൻ്റെ ജീവിതവസ്ഥകളും അതുമായി ബന്ധപ്പെട്ട സംഭവ പരമ്പരകളുമാണ് ഈ നോവലിൻ്റെ ഇതിവൃത്തം.

ഒരു അദ്ധ്യാപകനും അദ്ദേഹത്തിൻ്റെ നൂതന പഠനസമ്പ്രദായങ്ങളും കേന്ദ്ര പ്രമേയമായി വരുന്ന,അദ്ധ്യാപകൻ ഇത്രമേൽ പ്രതിബദ്ധനായി നിറഞ്ഞാടുന്ന മറ്റൊരു നോവൽ മലയാളത്തിലുണ്ടെന്ന്തോന്നുന്നില്ല. അക്ഷരാർത്ഥത്തിൽ ഒരു അദ്ധ്യാപകൻ എന്തായിരിക്കണം എന്നതിൻ്റെ സുദൃഢവും സുധീരവുമായ ഒരു പ്രഖ്യാപനം തന്നെയാണ് ചരിത്ര നിയോഗം എന്ന നോവൽ.

പരമ്പരാഗത അദ്ധ്യാപന രീതികളെ പാടേ അവഗണിച്ചുകൊണ്ട് തീർത്തും സർഗ്ഗാത്മകവും പുരോഗമനപ്രദവുമായ പഠന പ്രക്രിയയിലൂടെ, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വ്യാജ ചരിത്ര ബോധത്തെയുമെല്ലാം വിട്ടുവീഴ്ചയില്ലാതെകടന്നാക്രമിച്ചു കൊണ്ടാണ് പുതിയൊരുലോക നിർമ്മിതിയ്ക്കായുള്ള ആശയധാരകൾരമേശൻ മാഷ് കുട്ടികളിലേയ്ക്കും ഗ്രാമീണരിലേയ്ക്കും സംപ്രേഷിക്കുന്നത്.

അയത്നലളിതമായ പഠന സമ്പ്രദായങ്ങളിലൂടെകുട്ടികളുമായി എളുപ്പം സൗഹൃദം സ്ഥാപിച്ച്അവരിലൂടെ രക്ഷിതാക്കളുടെ പ്രശ്‌നങ്ങൾപഠിച്ച്, ഒടുക്കം തീരദേശ വാസികളുടെ സങ്കീർണജീവിത പരിസരത്തിലേയ്ക്കുംഅതിൻ്റെകാര്യകാരണങ്ങളിലേയ്ക്കും പടർന്നു കയറി

അവരുടെ ബോധമണ്ഡലത്തിൽവിപ്ലവകരമായആശയങ്ങൾ വിതയ്ക്കുന്ന രമേശൻ എന്നഅദ്ധ്യാപകനെ ചടുലമായ ആഖ്യാനങ്ങളിലൂടെ ആവിഷ്കരിക്കാനാണ് ഏറെയും നോവലിസ്റ്റ്-ശ്രമിക്കുന്നത്.

ഋജുവും ലളിതവുമായ ഭാഷയിലൂടെ, പ്രാകൃതിക വൈവിധ്യങ്ങളുടെ, വിശേഷിച്ച്സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളിലൊക്കെ പുലർത്തുന്ന മോഹിപ്പിക്കുന്ന ആഖ്യാനസൗകുമാര്യങ്ങൾ കൃതഹസ്തനായ ഒരു നോവലിസ്റ്റിൻ്റെ കൈയ്യൊപ്പ് ചാർത്തും വിധത്തിലുള്ളതാണ്.സാമ്പ്രദായിക ഘടനയെ ഉല്ലംഘിക്കുന്ന ഒരു പ്രതേകതയും ഈ നോവൽ അവകാശപ്പെടില്ലെങ്കിലും അദ്ധ്യാപനമെന്നത് ഇത്രമേൽ ഛന്ദസ്സാർന്ന ഒരു കലയാണോ എന്ന് അനുവാചകനെ കൊതിപ്പിക്കും വിധം മാന്ത്രിക ശോഭ ഈ പറച്ചിലിനുണ്ട് ; ഏറെക്കുറെ അതിനിണങ്ങിയ ശില്പഭംഗിയും. ഏതായാലും അദ്ധ്യാപകർക്കും അദ്ധ്യാപക പഠിതാക്കൾക്കും തങ്ങളുടെ പ്രവർത്തന മേഖലയ്ക്കുതകുന്ന ഒരുവ്യാകരണ പുസ്തകമായിത്തന്നെ ചരിത്ര നിയോഗം എന്ന നോവലിനെ ഇരു കൈയും നീട്ടി സ്വീകരിക്കാമെന്ന് പറഞ്ഞു വെക്കുന്നു.

ഗഗൻ വയോള

By ivayana