രചന : വാസുദേവൻ കെ. വി✍️
പരിസ്ഥിതിദിന കൊട്ടിഘോഷങ്ങളിൽ മുഴുകി
സരസ്വതീയങ്കണങ്ങൾ പച്ച പുതയ്ക്കുമ്പോൾ
മകൾ വര വായ്പ വാങ്ങുന്നു
പച്ച പുതപ്പിച്ചിടാൻ
ഭൂവൃത്തചിത്രണം തീർക്കുമ്പോൾ
ചാറ്റ് പരിഭവം മൂക്കുചീറ്റലുകൾ
ആറിഞ്ച് പ്രതലത്തിൽ.
പരിഭവങ്ങൾക്ക് കാവ്യ ഭാഷയിൽ മറുകുറി
വൃത്തപ്രിയൻ വൃത്തം കുറിക്കുന്നു..
ശൂന്യബിന്ദുവിൽ തുടങ്ങി വട്ടംചുറ്റിയെത്തും
ക്ഷണിക ജീവിതം പോൽ സഖീ
നമ്മുടെ പ്രണയവൃത്തവും.
ഡിജിറ്റൽ യുഗത്തിൽ
ഡിജിറ്റൽ വേഗത്തിൽ
നിറരൂപ ഭേദങ്ങളോടെ പ്രണയവും
പച്ചവെളിച്ചം മിന്നാതെ
പോയാൽ അസ്വസ്ഥമാകും
പ്രണയമനസ്സുകൾ
അക്ഷര മാല്യത്താൽ കോർത്തിടുന്ന
പ്രണയ കിന്നാരങ്ങൾ
ശബ്ദാസ്ത്രങ്ങളാൽ
പരസ്പരം എയ്യപ്പെടുന്ന
പ്രണയാകുലതകൾ
ദൃശ്യവിഷ്‌കാരക്കുളിരിൽ
മുങ്ങിക്കയറി മേവുന്ന
രതിരാഗകുസൃതികൾ
ക്ഷണികവേഗത്തിൽ
പൂത്തുലഞ്ഞു കൊഴിയുന്ന
ഡിജിറ്റൽ പ്രണയപ്പൂക്കൾ
കാമ്പില്ലാ വ്യതിഥ
ജല്പനങ്ങൾ അകറ്റും നമ്മുടെ
ഏകാന്ത വേട്ടയാടലുകൾ
വൃത്തം വരയ്ക്കുക നാം
പാഴ്ശ്രമം എങ്കിലും
വട്ടപ്പൂജ്യം കണക്കേ..
ബിന്ദുവിൽ നിന്ന്
ബിന്ദുവിലേക്ക് പടർന്നു
തീരുന്ന വൃത്തങ്ങൾ.