രചന : മാഹിൻ കൊച്ചിൻ ✍️

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി എഴുതപെടേണ്ട വികാരം പ്രണയവും വിരഹവുമൊന്നുമല്ല… അത് ‘വിശപ്പാണ്..’ വിശപ്പിന് അപ്പുറത്തായി മറ്റൊന്നും തന്നെ ഇല്ല. മറവിയില്‍ കാലം മായ്ച്ചെടുക്കാത്ത വിരഹമില്ല. മരണം കഴിഞ്ഞാൽ പട്ടിണിയാണ് ഏറ്റവും വലിയ ജീവിത യാഥാർത്ഥ്യം ; ഏറ്റവും വലിയ സമര മുഘവും അതുതന്നെ. വീട്ടില്‍ അടിയുണ്ടാക്കി പട്ടിണി കിടന്നിട്ടുണ്ട്. ഇഷ്ട്ടമുള്ള വിഭവങ്ങൾക്ക് വേണ്ടി നിരാഹാരം കിടന്നിട്ടുണ്ട്. അതൊക്കെ വിശപ്പിന്‍റെ വിലയറിയാത്തവന് പറ്റിയ അബദ്ധങ്ങൾ എന്നല്ലാതെ എന്ത് പറയാൻ. നമുക്കൊക്കെ പലപ്പോഴും പലതും മനസ്സിലാക്കാന്‍ സമയം വേണ്ടി വരും… വിശപ്പ്‌ ഒരു മതത്തിന്റെ പേര് കൂടിയാണ്.

വിശപ്പ് അറിയാൻ പട്ടിണി കിടന്ന് പുണ്യം നേടുന്നവരെ. കാഴ്ചയില്ലാത്ത ആചാര അനുഷ്ഠാനങ്ങളിൽ മാത്രമല്ല. ജീവൻ നിലനിർത്താൻ നോട്ടോട്ടം അലയുന്ന ചിത്രത്തിൽ കാണുന്നവരുടെ കണ്ണുകളിലേ പ്രകാശത്തെ തിരിച്ചറിയുമ്പോളാണ് നിങ്ങൾ തിരയുന്ന യഥാർത്ഥ ദൈവത്തെ കണ്ടെത്താനും തിരിച്ചറിയാനും കഴിയുക…

ഒരു സംഭവ കഥപറയാം..
എറണാകുളം MG റോഡിലെ ഒരു റെസ്റ്റോറന്റിൽ ഞാനും സുഹൃത്തുകൂടി ഉച്ചയൂണ് കഴിക്കുന്ന സമയം. ഒരുസ്ത്രീ ഒരു കുട്ടിയെയുമായി ഹോട്ടലിലേക്ക് കയറിവരുന്നു. ഏതോ വലിയ കമ്പനിയുടെ ഉടമയോ , ഉദ്യോഗസ്ഥയോ ആണെന്ന് തോന്നി. ചൈനീസ് ഡിഷസ് ഒക്കെയാണ് അവര്‍ ചോദിച്ചത്. ഒന്നുമില്ലെന്ന് അറിഞ്ഞപ്പോള്‍ രണ്ടു ബിരിയാണി ഓര്‍ഡര്‍ ചെയ്തു. വെറുതെ സ്പൂണ്കൊണ്ട് രണ്ടു തവണയോ മറ്റോ കോരിക്കഴിച്ചു. ടിഷ്യൂ കൊണ്ട് കയ്യും ചുണ്ടും തുടച്ചു. അവരും ഒരു നാല് വയസ്സ് പ്രായം വരുന്ന കുഞ്ഞും ഇറങ്ങിപ്പോയി. കുഞ്ഞ് ആ ബിരിയാണി തോട്ടതായിപ്പോലും കണ്ടില്ല..
അത് കണ്ടപ്പോൾ എനിക്ക് ഓര്‍മ്മ വന്നത്, രത്തൻ ടാറ്റയെ കുറിച്ചാണ്.

ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ. ഓണ്‍ലൈനില്‍ എവിടെയോ വായിച്ചതാണ്. “ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ. അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ? കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി. ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം റസ്റ്റോറന്റില്‍ കയറി. അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി.
ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതു കാണുകയുണ്ടായി.

വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത്. ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്. മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു സ്ത്രീകള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഒരൊറ്റ വിഭവം മാത്രം ഓര്‍ഡര്‍ ചെയ്യുകയും, അത് കൊണ്ട് വന്ന വെയിറ്റര്‍ അതു മൂന്നു പേര്‍ക്ക് പങ്കുവച്ചു നല്‍കുകയും ചെയ്യുന്നത് കണ്ടു.

അവര്‍ അവസാനത്തെ ധാന്യവും സ്പൂണ്‍ കൊണ്ട് എടുത്തു ശ്രദ്ധയോടെ കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു. മുന്‍പ് ജര്‍മ്മനിയില്‍ വന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ അല്‍പ്പമധികം ഭക്ഷണങ്ങളും, പാനീയങ്ങളും ഓര്‍ഡര്‍ ചെയ്തു. ഞങ്ങള്‍ കഴിച്ചു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം പകുതിയോളം ആഹാര പദാര്‍ഥങ്ങള്‍ തീന്മേശയില്‍ ബാക്കിയുണ്ടായിരുന്നു. അത് എന്നെയും അല്‍പ്പം അസ്വസ്ഥനാക്കി. എങ്കിലും പ്രത്യേകിച്ച് പരിഹാരം ഒന്നുമില്ലാത്തതിനാലും, പ്രധാനപ്പെട്ട കുറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളതിനാലും ഞങ്ങള്‍ ഭക്ഷണശാല വിടാനൊരുങ്ങി…


ഞങ്ങള്‍ പണം നല്‍കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൃദ്ധസ്ത്രീകളില്‍ ഒരാള്‍ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നതുപോലെ തോന്നി. ഞങ്ങള്‍ക്ക് ജര്‍മ്മന്‍ മനസ്സിലാകുന്നില്ല എന്ന് കണ്ട മറ്റൊരു ലേഡി ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി. ഭക്ഷണം പാഴാക്കി ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതില്‍ അവര്‍ക്കുള്ള അതൃപ്തിയും രോഷവും , അവര്‍ വികാരഭരിതയായി പറഞ്ഞു. അവരുടെ കണ്ണുകള്‍ ജ്വലിക്കുന്നതും, ചുളിവു വീണ മുഖം ചുവന്നുതുടുക്കുന്നതും ഞങ്ങള്‍ കണ്ടു. “ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പണം നല്‍കിയിട്ടുണ്ട്.. അത് കഴിച്ചോ, കളഞ്ഞോ എന്ന് അന്വേഷിക്കുന്നത് നിങ്ങളുടെ ജോലിയല്ല ” ഞങ്ങളുടെ കൂട്ടത്തിലെ ഒരുദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കി.

വൃദ്ധ സ്ത്രീകള്‍ മൂന്ന് പേരും കോപാകുലരായി. ഒരാള്‍ പെട്ടെന്ന് ബാഗില്‍ നിന്ന് സെല്‍ഫോണ്‍ എടുത്തു ആരെയോ വിളിച്ചു നിലവിളിക്കുന്നത് പോലെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു. മിനിട്ടുകള്‍ക്കകം സാമൂഹ്യ സുരക്ഷാ വകുപ്പിലെ യൂണിഫോമിട്ട ഒരുദ്യോഗസ്ഥന്‍ ഒരു കാര്‍ ഡ്രൈവ് ചെയ്തു ഭക്ഷണശാലക്ക് മുന്നില്‍ വന്നിറങ്ങി…


വൃദ്ധകളോട് സംസാരിച്ച ആ യുവാവ് ഞങ്ങളുടെ അടുക്കല്‍ വന്നു 50 യൂറോ ഫൈന്‍ ചുമത്തുന്നതായി പറഞ്ഞു. ഞങ്ങള്‍ ശാന്തരായി അയാളെ കേട്ടുനിന്നു. ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അയാള്‍ പറഞ്ഞു. “നിങ്ങള്‍ക്ക് കഴിക്കാന്‍ കഴിയുന്നത് മാത്രം ഓര്‍ഡര്‍ ചെയ്യുക. നിങ്ങള്‍ സമ്പന്നരാകാം, ധാരാളം പണമുണ്ടാകാം, പക്ഷേ ഇതിനുള്ള വിഭവ ശേഷി ഈ സമൂഹത്തിന്റേത് കൂടിയാണ്. സമ്പന്നരായ നിങ്ങളുടേത് മാത്രമല്ല. ഒരു നേരത്തെ ആഹാരം യാചിച്ചു കഴിക്കേണ്ട , അല്ലെങ്കില്‍ അതിനും കഴിയാത്ത കോടാനു കോടികള്‍ ലോകത്തുണ്ട് എന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ഒരു തരി ധാന്യമെങ്കിലും പാഴാക്കി കളയാന്‍ നിങ്ങള്‍ക്ക് എന്തവകാശം ?!”


ഞാന്‍ എന്റെ ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തല താഴ്ത്തിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു. ആ ചെറുപ്പക്കാരന്റെ മുന്നില്‍ ശരിക്കും ഞങ്ങള്‍ ശിരസ്സുകുനിച്ചു. ഇന്ത്യയിലെ ചേരികളിലും , പൊതു ഇടങ്ങളിലും , ആഫ്രിക്കന്‍ യാത്രകള്‍ക്കിടയില്‍ കണ്ടതുമായ പട്ടിണിക്കോലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. അത്തരം ദരിദ്ര ജന്മങ്ങള്‍ ഇല്ലാത്ത രാജ്യമായിട്ടു കൂടി ജര്‍മ്മനി ഇത്തരം കാര്യങ്ങളില്‍ ഭരണകൂട തലത്തില്‍ തന്നെ കാണിക്കുന്ന ജാഗ്രത സമാനതകളില്ലാത്തതാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പൊങ്ങച്ചം കാണിക്കുവാനും , മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനും ദുരഭിമാനികളായ നമ്മള്‍ ഭക്ഷണശാലകളില്‍ പോലും കാണിക്കുന്ന ധൂര്‍ത്തുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കും ലജ്ജ തോന്നി…
തിരിച്ചു ഓഫീസിലേക്ക് പോകാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അയാളുടെ വാക്കുകള്‍ എന്റെ ചെവിയില്‍ തുടരെത്തുടരെ മുഴങ്ങി- “Money is yours, But resources belong to the society..!!” രത്തന്‍ ടാറ്റ ആത്മകഥാപരമായ കുറിപ്പ് അവസാനിപ്പിക്കുന്നു!

വിശെപ്പെന്നാൽ നമുക്കെല്ലാം
ഭക്ഷണം കിട്ടുന്നതിനിടയിലെ
ഒരു വയറ് കാളിച്ചയാണ് …….!
എന്നാൽ ഇരുണ്ട കുറേ
ഭൂഖണ്ഡങ്ങളുണ്ട്‌
വെളിച്ചം കടന്നു വരാത്ത
വിശപ്പിന്റെ ലോകത്ത്.
ദൈവം ,മതം ഇതൊന്നും
അവിടെ വികാരങ്ങളല്ല
അവരറിഞ്ഞ ഏക വികാരം വിശപ്പാണ്..!
അവിടെ പെറ്റുവീണ കുഞ്ഞിന്റെ
വായിൽ തിരുകുന്ന മുലകണ്ണിന്
മുലപാലിന്റെ കഥയൊന്നും
വിളബാനുണ്ടാവില്ല അവിടെ. ആകെയുള്ളത്
നിറം വറ്റിയ ചോരചാലിന്റെ രക്ത ഗന്ധം മാത്രം..!
പത്തുമാസം ചുമന്ന് പെറ്റ പെണ്ണിന്
വയറൊഴിയുമ്പോൾ
ആകാശപക്ഷികൾ എറിഞ്ഞ് കൊടുത്ത
റൊട്ടി കഷ്ണം പോലും വായിൽ
കൊടുക്കാനില്ലാതെ
പെറ്റ പാപത്തിന് ചത്തു പോകുന്ന
കുറെ കറുത്ത ജന്മങ്ങളുണ്ട്..!
ശരീരത്തിന് ആകാര വടിവില്ലാത്തതിനാൽ
തലയും ,മുലയും പീഡന വിഷയമായിരുന്നില്ല.

അവിടെ പെണ്ണ് ഒരു വിഷയമല്ലായിരുന്നു.
ആണ്‍ വർഗ്ഗത്തിന്റെ ഉദ്ധാരണ പരബര
കൂട്ടാനല്ല മറിച്ച് അതെന്തിനാണെന്ന്
അറിവില്ലായിരുന്നു അവർക്ക്..!
അവിടെ വിശക്കുന്നവന്റെ അടിവയറ്റിലെ
നിലവിളി കൊണ്ട് പാട്ട് പാടിയാൽ
ഇഴഞ്ഞ് ചാവുന്നവന്റെ നിസ്സഹായത
കൊണ്ട് നിലവിളിച്ചാൽ വിശപ്പിന്പ്പുറം ഒന്നും ഒന്നും ഒന്നുമറിയാതെ ചാവും മുൻപ് മാനം നോക്കി കൈ ഉയർത്തി രക്ഷിക്കാൻ ചങ്കുപൊട്ടി കണ്ണടക്കുമ്പോളും
ദൈവമത് കാണില്ല കേൾക്കില്ല അവിടെ അവതരിക്കില്ല..!


അവിടെ അബലവും പള്ളിയും പണിഞ്ഞ്
അവനെ ഊട്ടാൻ കറുത്ത ദരിദ്രന്റെ കൈയിൽ
കടം വാങ്ങിയ കാൽകാശില്ല…!
ദൈവമേമേ നീ അവിടെ ചെന്ന്
അവരെയൊന്ന് കാണണം
നിന്നെ വിശന്ന് തളർന്ന
ആ കണ്ണുകൾ കാണില്ല..!
ദൈവമേ നീ തളരരുത്
അവരോട് നീ പറയണം ഞാനാണ്
ദൈവമെന്ന്. അവർ വിശ്വസിക്കില്ല
കാരണം അവർ നിന്നെ അറിയാത്തവരാണ്..!
അവിടെ ചെന്ന് അവരെ കാണുമ്പോൾ
പിടഞ്ഞ് ചാവുന്ന ഒരുത്തന്റെ വായിൽ
ഒരു ഉരുള ചോറ് നീ കൊടുക്കണം.
ചാവും മുൻപ് ഭക്ഷണം
എന്ന വസ്തു അവൻ ഒന്നറിയട്ടെ…!


വിഷരഹിതമായ, വിശപ്പു രഹിതമായ, അപകട രഹിതമായ, മാനവികതയുടെ, മനുഷ്യത്വത്തിന്റെ, മതേതര മൂല്യങ്ങളുടെ, ഉണ്മയും, ഉപ്പും നിറഞ്ഞ.ശുഭദിനം നേരുന്നു.

By ivayana