രചന : ഉണ്ണി കെ ടി ✍️
ഇത്തിരി നീങ്ങിയി രിക്കാമോ, നിന്നുനിന്ന് കാലുകഴയ്ക്കുന്നു. ആറുപേർ തിരക്കിപ്പിടിച്ചിരിക്കുന്ന സീറ്റിൽ ഞാനവർക്കും ഇത്തിരി സ്ഥലം ഒരുവിധം ഉണ്ടാക്കിയെടുത്തു.
വീക്കെൻഡ് അല്ലേ, അതാണ് ട്രെയിനിൽ ഇതയ്ക്കും തിരക്ക്. ഉള്ള സ്ഥലത്തിരുന്നുകൊണ്ടവർ പറഞ്ഞു.
സത്യത്തിൽ തിരക്കിൽ തൂങ്ങിപ്പിടിച്ചുനിന്ന അവരെ ഞാൻ വളറെനേരമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്ത്രീയായിട്ടു അവർ മാത്രമാണ് കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്നത്. ഏകദേശം അൻപത്തിരണ്ട് വയസ്സ് പിന്നിട്ടിട്ടുണ്ടാകും.
തിരക്കിൽ വല്ലാതെ പ്രയാസപ്പെടുന്ന അവരെ സീറ്റ് ഒഴിഞ്ഞുകൊടുത്ത് സഹായിക്കുക എന്നത് എന്നാലാകാത്ത കാര്യമായിരുന്നു. കൂടുതൽനേരം നിൽക്കുകയോ തല വശങ്ങളിലേക്ക് ചലിപ്പിക്കുകയോ ചെയ്താൽ ബാലൻസ് നഷ്ടപ്പെടുന്ന ഒരവസ്ഥ കുറച്ചുനാളായി എന്നെ അലട്ടുന്നു. വീടും താനുമടങ്ങുന്ന ചെറിയലോകത്ത് തന്നെ പ്രതീക്ഷിച്ചിരിക്കുന്നവരെ ഒറ്റയ്ക്കാക്കി തത്കാലം മടങ്ങാൻ വയ്യെന്നുണ്ട്. അസുഖം എന്താണെന്ന് ഒന്നറിയാമെന്ന ഉദ്ദേശത്തോടെയാണ് ഈ യാത്ര.
ന്യൂറോളജിസ്റ്റിനെ കാണാൻ എനിക്ക് അനുവാദം കിട്ടിയിരിക്കുന്നത് വൈകീട്ട് 6.30 നാണ്. രാവിലെ 10മുതൽ 12 വരെയും വൈകുന്നേരം 5.30 മുതൽ 8.30 വരെയുമാണ് അദ്ദേഹത്തിന്റെ ഓ പി.
വൈകുന്നേരം ഓഫീസിൽനിന്ന് ഒരു മണിക്കൂർ നേരത്തെ ഇറങ്ങിയാൽ കൃത്യസമയത്തു ഡിസ്പെൻസറിയിലെത്താം. ഒരു ലീവ് ലാഭിക്കാം. മാത്രമല്ല, അവിടെയുള്ള അനാവശ്യമായ കാത്തിരിപ്പും ഒഴിവാക്കാം. അധികം വൈകാതെ വീടെത്തിയാൽ അവിടെയും അനാവശ്യമായ ചോദ്യോത്തരങ്ങൾ ഒഴിവാക്കാം.
എങ്ങോട്ട് പോകുന്നു? അവരുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത്.
ഡോക്ടറെ കാണാനാണ്. തല തിരിക്കാതെ ഞാനവരോടുപറഞ്ഞു.
എന്തുപറ്റി, അസുഖം വല്ലതും? അതോ അമ്മയ്ക്കോ മറ്റോ വേണ്ടിയാണോ? ചോദ്യങ്ങളുടെ ഒരു നിരതന്നെ അവരിൽനിന്നുണ്ടായി.
ഞാൻ കാര്യങ്ങൾ അവരെ ചുരുക്കി ധരിപ്പിച്ചു. അപ്പുറവും ഇപ്പുറവും ഇരിക്കുന്നവരുടെ ശ്രദ്ധ ഞങ്ങളുടെ വർത്തമാനത്തിൽ പതിയുന്നുണ്ടെന്ന അറിവ് കൂടുതൽ സംസാരിക്കുന്നതിൽനിന്നും വിലക്കിയെങ്കിലും അവർ വീണ്ടും ജോലിയെക്കുറിച്ചും വീടിനെക്കുറിച്ചും മക്കളെപ്പറ്റിയുമെല്ലാം അന്വേഷിച്ചുകൊണ്ടിരുന്നു. കൂടെ അവരുടെ വിശേഷങ്ങളും പങ്കുവച്ചു. സ്‌കൂൾ അദ്ധ്യാപികയായ അവർ ഒരു വിധവയാണെന്നും ഓട്ടിസം ബാധിച്ച ഒരു മകൻ ഉണ്ടെന്നും താൻ ചോദിക്കാതെതന്നെ അവർ പറഞ്ഞു. കൂടുതൽ അന്വേഷണങ്ങളും വിശേഷം പറച്ചിലുകളും ഒഴിവാക്കുന്നതിനുവേണ്ടി ഞാൻ കണ്ണടച്ചിരുന്നു. താത്പര്യക്കുറവ് അവർക്കും മനസ്സിലായോ എന്തോ പിന്നീടവരും മൗനംപാലിച്ചു.
പിന്നെപ്പോഴോ അവർ പതിയെ ഉറക്കത്തിലേക്ക് വീണു. അവരറിയാതെ അവരുടെ തല എന്റെ ചുമലിൽ വിശ്രമിച്ചു. ശരി, ഉറങ്ങട്ടെ…, എനിക്ക് ഇറങ്ങാറാകുമ്പോൾ വിളിക്കാം. ഞാൻ വീണ്ടും എന്തൊക്കെയോ ചിന്തകളിൽമുഴുകി.
എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ അടുക്കാറായി. ഈ തിരക്കിനിടയിലൂടെ ഡോറിനരികിലെത്താൻ താനേറേ പണിപ്പെടേണ്ടിവരുമല്ലോ എന്നൊരു വേവലാതിയോടെ ഞാനവരെ പതിയെ വിളിച്ചു, ചേച്ചീ, എനിക്കിറങ്ങേണ്ട സ്റേറഷനാകുന്നു.
ഗാഢനിദ്രയിലാണവരെന്നു തോന്നുന്നു. ഒരു പ്രതികരണവുമില്ല. ഞാൻ പതിയെ ചുമലിൽനിന്നും അവരുടെ തല ഉയർത്താനൊരു ശ്രമം നടത്തിനോക്കി.
ഇല്ല, അവരുണരുന്നില്ല. എനിക്കെന്തോ പന്തികേടുതോന്നി. ഞാൻ അടുത്തിരുന്ന യാത്രക്കാരനോട് അത് പങ്കുവച്ചു. അയാൾ
ചെറുതായി കുലുക്കുവിളിക്കാൻ ശ്രമിച്ചപ്പോൾ അവരൂർന്ന് ആളുകൾക്കിടയിലേക്ക് വീണു!
അടിവയറ്റില്നിന്ന് ഒരാളൽ മേലോട്ടുരുണ്ടുകയറി. ഈശ്വരാ, ഇവർ…!
സഹയാത്രികരിൽ ആരോ അപായച്ചങ്ങല വലിച്ചു. ഒട്ടുദൂരംനിരങ്ങി ട്രെയിൻനിന്നു.
ഞാൻ സീറ്റിൽനിന്നെഴുന്നേറ്റപ്പോൾ വേച്ചുവീഴാൻപോയി. സഹയമാത്രി കരിലാരോ ഞാൻ ലഹരിയിലാണെന്ന് തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. നല്ല ഫോമിലാണല്ലോ, തിരക്കിനിടയിൽനിന്ന് ഒരുശബ്ദം കളിയാക്കി. അതേറ്റുപിടിച്ച് സന്ദർഭത്തിനു ചേരാത്തവിധമുള്ള ചിരിയും കളിയാക്കലുകളും ഉയരുന്നുണ്ടായിരുന്നു. ഞാനെന്നെ ഒരുവിധം നിയന്ത്രിച്ചു. ആരെയും കുറ്റംപറഞ്ഞിട്ടും കാര്യമില്ല, ഇന്നത്തെ പ്രബുദ്ധകേരളം ലഹരിയുടെ ചിറകിലാണല്ലോ….!?!
നിലത്തുവീണു നിശ്‌ചലമായിക്കിടക്കുന്ന അവരെ പിടിച്ചുയർത്താൻ ഒരു ശ്രമംനടത്തി. സഹയാത്രികരാരൊക്കെയോ സഹായിച്ചു. എല്ലാവരും എഴുന്നേറ്റ സീറ്റിലേക്ക് അവരെ കിടത്തി.
അപ്പോഴേക്കും ഗാർഡ് തിക്കിതിരക്കിയെത്തി. ഒരു നിമിഷം നോക്കിനിന്നശേഷം അയാൾ തുടർനടപടികളിലേക്ക് നീങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന റയിൽവെപോലീസെത്തി ഞങ്ങൾ യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. അവരുടെ ചോദ്യങ്ങൾക്ക് മറുപടിപറയുമ്പോഴും അങ്കലാപ്പ് എന്നെ വിട്ടൊഴിഞ്ഞിരുന്നില്ല.
ട്രെയിൻ നീങ്ങാൻ പിന്നെയും സമയമെടുത്തു. ഞാനിറങ്ങിയ സ്റ്റേഷനിൽ നിർജ്ജീവമായ അവരുടെ ശരീരവും ഇറക്കി.
മുന്നോട്ടുനടക്കുമ്പോൾ എന്റെ ബാലൻസ് പതിവിലധികം നഷ്ടപ്പെട്ട്, ലഹരിക്കടിമപ്പെട്ടതുപോലെ ഇടറുന്നുണ്ടായിരുന്നു. ഒരുവിധം സ്റ്റേഷന്റെ പുറത്തുകടന്നു ഓരോട്ടോയിൽ കയറി. ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ഒരു വല്ലാത്ത കുറ്റബോധം എന്നിൽ നിറഞ്ഞുകൊണ്ടിരുന്നു.
ഒരുപക്ഷേ ഞാനവരുമായി സംസാരിച്ചുകൊണ്ടിരുന്നെങ്കിലോ, എന്തെല്ലാം മിണ്ടാനും പറയാനും ബാക്കിവച്ചായിരിക്കും അവർ പാതിവഴിയിൽ….?!!
ഒരു പരിചയവും ഇല്ലാത്ത എന്നോട് അവർ സംസാരിച്ചതും പങ്കുവച്ചതുമായ കാര്യങ്ങൾ എന്റെ കാതിലപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
നിർദ്ദോഷമായ സഹജീവിയുടെ കുശാലാന്വേഷണങ്ങൾക്കുപോലും സഹാനുഭൂതിയോടെ ചെവിയോർക്കാൻ കഴിയാത്ത അസഹിഷ്ണുവായ എന്നോട് എനിക്കെന്തെന്നില്ലാത്ത ഘൃണതോന്നി.