രചന :സജി കണ്ണമംഗലം ✍️
സത്യവും മിഥ്യയും വ്യക്തമാക്കാത്ത
,പൊയ്തട്ടകം മാത്രമായ് മാദ്ധ്യമങ്ങൾ
വസ്തുതാനിഷ്ഠമായൊന്നു ചൊല്ലാൻ
മടിച്ചെന്തിനാണിത്തരം പാഴ്ശ്രമങ്ങൾ?
സന്ധ്യ വന്നെത്തുമന്നേരത്തു ചാനലിൽ
പൊന്തിവന്നീടുമിത്തീവ്രയുദ്ധം
തള്ളപോലും സഹിക്കാത്ത കള്ളങ്ങളാൽ
പള്ള വീർപ്പിക്കുന്നുവോ വിചിത്രം
ജാതിയും ഭീതിയും യുദ്ധമുണ്ടാക്കുവാൻ
വായ് തുറക്കുന്നതോ പത്രധർമ്മം
പാതിയും കൈവിട്ടു പോകും സദാചാര
ഘാതകന്മാരിവർക്കെന്തു ധർമ്മം
ചത്തവർ പോലും തിരിച്ചുവന്നക്രമ-
പത്തലാൽതല്ലുമിപ്രക്രിയക്കാരെയും
വിത്തമാളാൻ ശ്രമിച്ചിത്തരം കുത്സിതം
ചിത്തിലാളുന്നവർക്കില്ല മര്യാദകൾ
എത്രയും വ്യക്തമായുത്തരം നൽകുവാനെ-
ത്രയും സാദ്ധ്യമാമീയുഗത്തിൽ
കള്ളവും സത്യവും വേർതിരിച്ചന്തരം
കൊള്ളുവാനാകുമെന്നോർത്തുകൊണ്ടാൽ
കഞ്ഞിയിൽ മണ്ണുവീഴാതെ നിസ്സംശയം
പഞ്ഞമില്ലാതെ മണ്ണെത്തിനിൽക്കാം
അന്യമായ്പോകുമല്ലെങ്കിലീ മണ്ണിലെ
തുല്യതയ്ക്കേ ജയം വന്നുചേരൂ ദൃഢം