രചന : അബ്രാമിന്റെ പെണ്ണ് ✍

മെസേജ് റിക്വസ്റ്റ് അധികമൊന്നും നോക്കാതിരുന്ന ഞാൻ…
ഒരു സുപ്രഭാതത്തിൽ ഈ റിക്വസ്റ്റുകൾ തൊറന്നു നോക്കുന്നു..
അപ്പൊ അതിലൊരു ചേട്ടന്റെ മെസേജ് വന്ന് കെടക്കുന്നു …
“ഹെലോ sis.. എന്റെയൊരു ബുക്കിറങ്ങിയിട്ടുണ്ട്.. വിരോധമില്ലെങ്കിൽ ഒന്ന് വാങ്ങുമോ…വില 120 രൂപയെയുള്ളു..താല്പര്യമുണ്ടെങ്കിൽ അഡ്രെസ്സ് ഇട്ടാൽ ബുക്ക് അയച്ചു തരാം..നിർബന്ധിക്കുന്നില്ല കേട്ടോ…
ആദ്യമായിട്ടാണ് ഒരാളിങ്ങനെ വിനയത്തോടെ പറയുന്നത്..120 രൂപയല്ലേയുള്ളു.. ചുമ്മായിരിക്കുമ്പം നമ്മക്ക് വായിക്കുകയും ചെയ്യാം,, ആ ചേട്ടനത് സന്തോഷമാവുകയും ചെയ്യും..
ഒട്ടും താമസിയ്‌ക്കാതെ ഞാൻ റിപ്ലൈ കൊടുത്തു..
“അതിനെന്താ ഏട്ടാ,,, ഒരു ബുക്ക് വാങ്ങുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല,, ഞാൻ അഡ്രസ് ഇട്ടേക്കാം… ഏട്ടൻ gpay നമ്പർ പറ…
പുള്ളി ഓൺലൈനിൽ വരുന്ന്..മെസേജ് സീനാകുന്നു.. അടുത്ത നിമിഷം പുള്ളിയൊരു മെസേജ് ഇങ്ങോട്ടിടുന്നു..
“വാങ്ങിയില്ലെന്നതോ പോട്ടെ,, ഇങ്ങനെ മറ്റൊരാളെ അപമാനിക്കരുത്,, നിങ്ങളൊക്കെ വലിയ ആൾക്കാരാ,, എന്ന് കരുതി മറ്റുള്ളവരെ വില കുറച്ചു കാണുന്നത് മോശമാ,, നിങ്ങൾ വ്യക്തിത്വമുള്ളൊരു സ്ത്രീയാണെന്നാ ഞാൻ വിചാരിച്ചത്… എനിക്ക് ലജ്ജ തോന്നുന്നു..
മെസേജ് വായിച്ച ഞാൻ ഞെട്ടിപ്പോയി.. ഇങ്ങേരെന്തൊരു വെണ്ടയ്ക്കയാണ് പറയുന്നത്.. ബുക്ക് വേണോന്ന് ചോദിച്ചതോണ്ടല്ലേ വേണംന്ന് പറഞ്ഞേ… അതിലിത്ര കുറ്റം എന്തുവാ..
“നിങ്ങളെന്തുവാ പറയുന്നേ,,എനിക്ക് മനസിലായില്ല.. ഞാൻ നിങ്ങളെ എങ്ങനെ അപമാനിച്ചുവെന്നാ,, അതൊന്ന് പറഞ്ഞാൽ കൊള്ളാരുന്നു..
എനിക്കും ദേഷ്യം വന്ന്…
“പിന്നല്ലാതെ,, രണ്ടായിരത്തി ഇരുപതിൽ ബുക്ക് വേണോന്ന് ചോദിച്ചു ഞാനിട്ട മെസേജിന് രണ്ടായിരത്തി ഇരുപത്തി രണ്ടിൽ വന്ന് ബുക്ക് അയച്ചു തരാൻ പറയുന്നത് അപമാനിക്കലല്ലേ… ഇതിന് ഞാൻ പിന്നെങ്ങനെ മറുപടി പറയണം…
ഒന്നും പറയാനില്ലാതെ ആ മെസേജ് തന്നെ ഞാൻ വീണ്ടും വീണ്ടും വായിച്ചു.. എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അത് മോശമായിപ്പോകത്തില്ലേ..
“അല്ലേട്ടാ,, അന്നത്തെ ബുക്കിന്റെ ഒരു കോപ്പി പോലുമില്ലേ കയ്യിൽ.. ഉണ്ടെങ്കിൽ അതയച്ചു തന്നാൽ മതി.. അറുപതു രൂപ ഞാൻ തരാം..
ഞാൻ ശരിക്കും താണു തൊഴുതു പറഞ്ഞു..
“നിങ്ങൾക്ക് തരാൻ എന്റേൽ ബുക്കില്ല..ഒന്നല്ല ഒരുപാട് ബുക്കുകൾ ഇവിടിരിപ്പോണ്ട്.. കൂട്ടിയിട്ട് കഴിച്ചാലും ഞാൻ തരത്തില്ല…
ഹല്ലേ ,,, ഇതെന്തൊരു പാട്.. ഞാനേതാണ്ട് കുറ്റം ചെയ്ത പോലെ..
“നിങ്ങള് കൂട്ടിയിട്ട് കത്തിക്കുവോ പൊകച്ചു വലിക്കുവോ എന്താണെന്ന് വെച്ചാ ചെയ്യ്.. ഇനി ചുമ്മാതെ തരാമെന്ന് പറഞ്ഞാലും ഇങ്ങേര്ടെ ബുക്ക് എനിക്ക് വേണ്ട..
ദേഷ്യം കൂടുമ്പോ എനിക്ക് വിരലിൽ കൂടെ ശ്വാസംമുട്ടും.. അന്നേരം നല്ലോണം ടൈപ്പ് ചെയ്യാനൊക്കത്തില്ല..
“പോ പെണ്ണുമ്പിള്ളേ.. ഇനിയെനിക്ക് മെസേജയച്ചാൽ ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്യും…
എന്നെ ബ്ലോക്കിയിട്ട് ആ ഏട്ടൻ ഒറ്റ ഓട്ടം..
വേറെന്തും ഞാൻ സഹിക്കും.. പെണ്ണുമ്പിള്ളേ എന്നുള്ള ആ വിളി മറക്കാൻ പറ്റുന്നില്ല…
ലോകത്ത് എന്ത് ദുരന്തം നടന്നാലും അത് ചൈനക്കാരു ചെയ്യുന്നതാണെന്ന് പറയുന്ന പോലെ വരുന്ന വള്ളിക്കെട്ട് മൊത്തം എന്റെ തലേലോട്ടാണല്ലോ ദൈവമേ 😭

By ivayana