എം ജി രാജൻ ✍

വിവാഹധൂര്‍ത്ത് അവസാനിപ്പിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന വനിതാകമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നു. നല്ല കാര്യം… രോഗം എതുമായിക്കൊള്ളട്ടെ രോഗലക്ഷണത്തിന് ചികിത്സിക്കുന്നതാണല്ലോ ഇപ്പോഴത്തെ നാട്ടുനടപ്പ്.


ലാളിത്യം ഒരു ശീലമാണ്. ബഹുഭൂരിപക്ഷം മലയാളികളും ഉപേക്ഷിച്ച ഒരു “ദു:ശീലം”.
വീട്, കാര്‍, ടി വി തുടങ്ങിയവയുടെ വലിപ്പം: വസ്ത്രം, ചെരുപ്പ് മുതലായവയുടെ വില; ഇതൊക്കെയാണ് ഒരു നാട്ടില്‍ ഒരാളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡം എന്ന് വരുമ്പോള്‍ മുകളിലേയ്ക്ക് മാത്രം നോക്കി താരതമ്യം ചെയ്ത്, അനുകരിച്ച് പൊയ്ക്കാലുകളില്‍ നടക്കുന്ന മദ്ധ്യവര്‍ഗ്ഗത്തിന് ചെറുതും ലളിതവുമായിട്ടുള്ളതെല്ലാം അവജ്ഞയോടെ മാത്രമേ കാണാനാവൂ.
ആവശ്യവും ആര്‍ഭാടവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ പൊങ്ങച്ചവും അല്‍പ്പത്വവും ജീവിതചര്യയാക്കുന്നത് മനോരോഗത്തിന്‍റെ ലക്ഷണമാണ്.
അതുകൊണ്ടാണ്,


മൂന്നോ നാലോ അംഗങ്ങള്‍ മാത്രമുള്ള ഒരു കുടുംബത്തിന് ജീവിക്കാന്‍ അഞ്ചും ആറും കിടപ്പുമുറികളോട് കൂടിയ കൊട്ടാരം പണിയുന്നതും…
നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി കോടികള്‍ വിലയുള്ള കാറ് വാങ്ങുന്നതും ആറു മാസം കൂടുമ്പോള്‍ അത് മാറ്റി പുതിയത് വാങ്ങുന്നതും…
ആ കാറിന് ഇഷ്ടപ്പെട്ട നമ്പര്‍ കിട്ടാന്‍ പിന്നെയും കുറെ ലക്ഷങ്ങള്‍ മുടക്കുന്നതും…
സയന്‍സിനും കണക്കിനും മുപ്പത്തഞ്ചു മാര്‍ക്ക് പോലും കിട്ടാത്ത കുട്ടിയെ അമ്പതും അറുപതും ലക്ഷങ്ങള്‍ മുടക്കി ഡോക്ടറും എന്‍ജിനീയറും ആക്കാന്‍ ശ്രമിക്കുന്നതും…
ആ മക്കള്‍ക്ക്‌ ഇരുപത്തഞ്ചു ലക്ഷം വിലയുള്ള ബൈക്ക് വാങ്ങി നല്‍കുന്നതും…
ഒന്നും അശ്ലീലമായി തോന്നാത്തത്.


ഇതൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ വന്‍തുക മുടക്കി നടത്തപ്പെടുന്ന വിവാഹങ്ങള്‍ എത്ര ഭേദം.
ചുരുങ്ങിയ പക്ഷം ആ പണം പന്തല്‍ പണിക്കാര്‍, പാചകക്കാര്‍, വിളമ്പുകാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ള സാധാരണ മനുഷ്യരുടെ ഇടയിലേയ്ക്കു വിതരണം ചെയ്യപ്പെടുകയെങ്കിലും ചെയ്യുന്നുണ്ട്.

By ivayana