രചന : ബാബുഡാനിയല്‍ ✍
പിച്ചവെച്ചൊരാക്കാലം മുതലെന്നെ
ചേര്‍ത്തുപിടിച്ചു നടന്നോള്‍
കടലോളമാഴത്തില്‍ വാല്‍സല്യം
മിഴികളില്‍ എന്നും നിറച്ചുനടന്നോള്‍
അമ്മയെപ്പോലെന്നെ ഊട്ടിയുറക്കിയും
കഥകള്‍ പറഞ്ഞും നടന്നോള്‍
വിദ്യാലയപ്പടിയെത്തുംവരെയെന്‍റെ
പുസ്തകസഞ്ചി ചുമന്നോള്‍
കുഞ്ഞായിരുന്നനാള്‍ ഈറനുടുത്തിട്ട്
അമ്മയെപ്പോലേ നടന്നോള്‍
കുഞ്ഞേച്ചിയല്ലവള്‍ ,അമ്മയാണെപ്പോഴും
അമ്മതന്‍ വാല്‍സല്ല്യം തന്നോള്‍
ചേര്‍ത്തുപിടിച്ചിന്നു മൂര്‍ദ്ധാവില്‍
ചുംബിച്ചു യാത്രപറയുന്നനേരം
മെയ് തളരുന്നെന്‍റെ പാദമിടറുന്നു
കണ്‍കള്‍ നിറഞ്ഞൊഴുകുന്നൂ..
കുഞ്ഞേച്ചിയിന്നു പോകയാണവളുടെ
കാന്തനോടൊപ്പം പുതുവീട്ടില്‍
മംഗല്യവതിയായീ മധുരസ്വപ്നംപേറി
പോകുവാന്‍ നേരവുമായി.