രചന : സുമോദ് പരുമല ✍

വാർദ്ധക്യത്തിന്റെ
ത്രിമാനദൃശ്യങ്ങൾ …
പൂമുഖത്ത്
ചന്ദനം മണക്കുന്ന ചാരുകസേരയിൽ
ഉള്ളംകൈയ്യിൽ
കമിഴ്ത്തിപ്പിടിച്ച തളിർവെറ്റിലയിൽ
ഞരമ്പുകളുരച്ച്,നൂറുതേക്കുന്നുണ്ട്
തങ്കമോതിരങ്ങളിട്ട വിരലുകൾ .
ഇടംകാലും വലംകാലും
മാറിമാറിയുഴിഞ്ഞ്
വെൺചാമരം വീശുന്നുണ്ട്
പരിചാരകർ ..
സ്വർണ്ണക്കോളാമ്പിയിലേക്ക്
അടർന്നു വീഴുന്നു ..
സുവർണ്ണദന്തങ്ങൾ .
മലയിടിഞ്ഞ് വീണ്
അനാഥരായിത്തീർന്ന
പേരക്കുട്ടികളുടെ വിശപ്പിലേയ്ക്ക്
കൂനിത്തൂങ്ങിയ ചുമലിൽ
കൈക്കോട്ടുതാങ്ങി
മലകയറിപ്പോകുന്നുണ്ട്
ജരാനരകൾ .
തുരന്നമലകളുടെ മാളങ്ങളിൽ
നിറഞ്ഞവേർപ്പുകുളത്തിൽ
അന്നം തിളയ്ക്കുന്നുണ്ട് .
ബീഡിപ്പുകയുടെ മറപുതച്ച്
ആളൊഴിഞ്ഞ കടവരാന്തയിൽ
തൂവാനപ്പൊടിയിൽ മുങ്ങി
തണുത്തു വിറച്ചുകിടക്കുന്നു ..
വയറൊട്ടിവലിഞ്ഞ
വാർദ്ധക്യത്തിന്റെ അനാഥത്വം .
നരനിറഞ്ഞ മൂക്കിൻതുളകളിലൂടെ
വലിച്ചുവലിച്ചുകയറ്റുന്നു ..
സ്വയമുതിർത്തെറിഞ്ഞ
നെടുവീർപ്പുകൾ .

സുമോദ് പരുമല

By ivayana