രചന : രാജു വാകയാട് ✍

മറവി ഒരു അനുഗ്രഹമാണ് –
എന്നാൽ മറവിരോഗം ( അൾസിമേഴ്സ് ) അങ്ങനെയല്ല – ഇതു വരെ മരുന്ന് കണ്ടു പിടിക്കാത്ത അതി മാരക രോഗമാണ് ഇത് –
പതിയെ തുടങ്ങി വർത്തമാനകാലത്തിലുള്ള എല്ലാം മറന്ന് പരസ്പര സഹായമില്ലാതെ ഒരടി മുന്നോട്ട് വെക്കാൻ സാധിക്കാത്ത അവസ്ഥയിൽ നരകതുല്യമായ ജീവിതം –
-രോഗത്തിൻ്റെ മുർദ്ധന്യാവസ്ഥയിൽ പഴയ കാലത്തുള്ളവരെ മാത്രമെ അവർക്ക് ഓർമ്മ കാണുകയുള്ളു
മേജർ രവിശങ്കർ മേനോന് കടുത്ത മറവിരോഗമാണ് – സമീപകാലത്ത് നടന്ന തെല്ലാം ഓർമ്മയിൽ നിന്ന് അകന്നു – പഴയ കാര്യങ്ങളാണ് സംസാരത്തിൽ മുഴുവനും –
ആയ കാലത്ത് ഒരു ഒന്നൊന്നര മൊതലായിരുന്നു മൂപ്പർ –
മിലിട്ടറിയിൽ നിന്നും കിട്ടുന്ന കോട്ട മറിച്ചുവിറ്റ് ആ പൈസക്ക് – നിൽപ്പൻ ബാറുകളിൽ കയറി സാധാരണ കൂതറ സാധനങ്ങൾ അടിച്ച് മറ്റുള്ളവർക്ക് വാങ്ങിക്കൊടുത്ത് സർവ്വീസിലെ വിരക്യത്യങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് എല്ലും തോലുമായ പാവം കുടിയാൻമ്മാരെ ഭീഷണിപ്പെടുത്തി പറഞ്ഞു കേൾപ്പിക്കലാണ് മൂപ്പരുടെ മുഖ്യ ഹോബി —
ഇദ്ദേഹം നല്ല കാലത്ത് തൻ്റെ ഭാര്യയെ പൊന്ന് പോലെ സ്നേഹിച്ചിരുന്നു – അത് കണ്ട് വളർന്ന രണ്ട് ആൺമക്കളും അവരുടെ ഭാര്യമാരും മേനോനെ ഈ മറവിരോഗം ബാധിച്ച സമയത്ത് തങ്ങളുടെ ഉള്ളം കയ്യിൽ കൊണ്ട് നടന്നതാണ് പരിചരിക്കുന്നത്- (രക്ഷിതാക്കളായാലും മക്കളായാലും ഭാര്യ ആയാലും അങ്ങോ കൊടുത്താലെ ഇങ്ങോട്ടു കിട്ടുകയുള്ളൂ) അത് ഈ അവസ്ഥയിൽ മോനോന് അനുഗ്രഹമായി–
മേനോൻ്റെ പെങ്ങളുടെ മകൾ ഷീലക്ക് രാവിലെ ഉടുത്തൊരുങ്ങി പോയി BSNL ഓഫിസിലെ നാലാമത്തെ കസേരയിലിരുന്നു ഉറങ്ങുന്ന ജോലിയാണ് —
ഇതിനിടക്ക് – പതിനൊന്നിന് ചായ – പന്ത്രണ്ട് മുപ്പതിന് ഊണ് – നാലിന് വീണ്ടും ചായ അങ്ങനെ കൃത്യം അഞ്ച് മണിക്ക് മുയലിൻ്റെ മുഖമുള്ള ബേഗും തൂക്കി സ്കൂട്ടിയിൽ വിട്ടിലെക്ക് യാത്രയാകും —
അമ്മാവൻ്റെ നല്ല കാലത്ത് ഷീല അമ്മാവനെ കാണാൻ വരുമായിരുന്നു – വരുമ്പോ പലഹാരങ്ങൾക്ക് പകരം പാൻപരാഗും പുകയിലയും കൊടുത്ത് സോപ്പിട്ട് അമ്മാവൻ പറയുന്ന കള്ള കഥകൾ കേട്ട് ഈ കഥകൾക്കൊക്കെ ചിരിക്കുന്നതായി തെറ്റിദ്ധരിപ്പിച്ച് നല്ല ഒരു തുക മൂപ്പരെ കയ്യിൽ നിന്നും അടിച്ചു മാറ്റും —
അമ്മാവന് ഏറ്റവും ഇഷ്ടം തന്നെ ആണെന്ന് അമ്മാവൻ്റ മക്കളോട് എപ്പോഴും ഷീല പറഞ്ഞു കൊണ്ടിരിക്കും —
മേനോൻ ഇപ്പോ തീർത്തും കിടപ്പിലാണ് – ബന്ധുക്കളെല്ലാം വന്ന് അറിയുമോ എന്ന് ചോദിച്ചാൽ വിഷമത്തോടെ ഒന്ന് ചിരിക്കും – സ്വന്തം ഭാര്യയെയും മക്കളെയും പേരക്കുട്ടികളെയും വരെ അദ്ദേഹം മറന്നു പോയി –
അപ്പോഴാണ് BSNL ഓഫിസിൽ നിന്നും ഞെട്ടിയുണർന്ന് ഷില അമ്മാവനെ കാണാൻ പുറപ്പെട്ടത് -ചെന്നപാടെ അമ്മാവൻ്റെ കൈ പിടിച്ച് പറഞ്ഞു – ഞാൻ ഷീലയാണമ്മാവാ? – അത്ഭുതം അമ്മാവൻ്റെ മുഖം സന്തോഷം കൊണ്ടു നിറ നിറഞ്ഞു – ഷീല അഹങ്കാരത്തോടും അതിലേറെ അഭിമാനത്തോടും മേനോൻ്റെ ഭാര്യയെയും മക്കളെയും നോക്കി എന്നിട്ടിങ്ങനെ പറഞ്ഞു – ചുമ്മാ നോക്കിയാ പോര സ്നേഹം വേണം- കണ്ടോ അമ്മാവൻ എന്നെ തിരിച്ചറിഞ്ഞത് –
ഷീലയുടെ കയ്യ് അമ്മാവൻ നിർത്താതെ തടവിക്കൊണ്ടിരിക്കയാണ് – ഇതിനിടക്ക് അമ്മാവൻ സന്തോഷത്തോടെ ചോദിച്ചു –
നസീറെവിടെ- നിങ്ങൾ ഒറ്റക്കാണോ വന്നത്.

By ivayana