രചന : ചാക്കോ ഡി അന്തിക്കാട് ✍

സിഗ്നൽ സമയം
അറുപത് സെക്കന്റ്‌
കാത്തിരിപ്പ്.
വിവാഹ മോചിതർ
ബെൻസ് കാറുകളിൽ.
അവന്റെ കൂടെ
ഒരു സീരിയൽ നടി.
അവളുടെ കൂടെ
ഒരു റിയൽഎസ്റ്റേറ്റ് ഡീലർ…
ഇരുവരും
ഇടത്തോട്ടും വലത്തോട്ടും
ഒന്നു പാളിനോക്കി.
പിന്നെ
നോട്ടം മുന്നോട്ട്…
സ്വപ്നങ്ങളുടെ…
സ്വപ്നനിരാസത്തിന്റെ
സീബ്രാവരകൾ,
ദേശീയ പാത,
എന്നും
വിവാഹമോചനംനേടിയ നവവധുവിനെപ്പോലെ…
രാത്രികളിൽ
തെരുവുവേശ്യയെപ്പോലെ…
പെട്ടെന്നാണത്
സംഭവിച്ചത്!
വെറും മുപ്പത്
സെക്കണ്ടുകൾക്കുള്ളിൽ…
കീറിയ സാരിയിൽ
ഒരു സ്ത്രീ…
കൈയ്യിൽ ഒരു കുഞ്ഞ്…
ഭാര്യയും ഭർത്താവും
കണ്ണുകളടച്ചു..
സെക്കണ്ടുകൾ
പുറകോട്ടെണ്ണി.
കണ്ണുകൾ
തുറന്നു പിടിച്ചാലല്ലേ
സത്യം തിരിച്ചറിയുക!
ഭാര്യ,
വീട്ടിലില്ലാത്ത സമയത്ത്,
ഇങ്ങനെയൊരു
യാചകിയ്ക്ക്,
അന്നവും വസ്ത്രവും
ഭർത്താവ്
കൊടുത്തതിനാണ്,
അവർ തമ്മിലുള്ള
ആദ്യത്തെ വഴക്ക്.
പൂന്തോട്ടം
വെടിപ്പാക്കാൻ
വന്നവനെ നോക്കി
ഭാര്യ പുഞ്ചിരിച്ചത്രെ!
അപ്പോൾ
അൾസേഷ്യൻ
കുരയ്ക്കാതിരുന്നത്,
ഭാര്യയുടെ സ്പെഷ്യൽ പരിശീലനമാണത്രെ!
രണ്ടാമത്തെ വഴക്ക്!
സീരിയലിൽ
അഭിനയിപ്പിക്കാമെന്ന
വ്യാമോഹത്തിനുള്ള
മോചനദ്രവ്യം-
ആ കൈക്കുഞ്ഞ്!
കിടപ്പാടം
പണയംവെച്ചത്
തിരിച്ചെടുക്കാത്തതിനാണ്,
റിയൽഎസ്റ്റേറ്റ്കാർ
തെരുവു ചൂണ്ടി…
തെണ്ടുന്നതിന്റെ
അനന്തസാധ്യത
പഠിപ്പിച്ചത്!
സിഗ്നലിൽ
പച്ച തെളിഞ്ഞപ്പോൾ,
ബെൻസ് കാറുകളിലെ
ചുംബനമുദ്രകൾ
മുന്നോട്ട്…
തെരുവുസ്ത്രീയും
കുഞ്ഞും
വിശപ്പും പിന്നോട്ട്!
അപ്പോൾ
വന്നുനിന്ന
വിവാഹപ്പാർട്ടികളുടെ ‘ഫൊർച്യുണി’നടുത്തേയ്ക്ക്…
മാനവ മോചനം
സ്വപ്നം കാണുന്ന
തെരുവുകളിൽ
തെണ്ടുന്നവരുടെയെണ്ണം
മുന്നോട്ടോ…പുറകോട്ടോ?
ടോൾപ്പിരിവിനൊപ്പം
ഒരു ദേശീയക്കണക്ക്
ആരു പ്രസിദ്ധീകരിക്കും?
എല്ലാവരും വഴിമാറുക…
എസ്ക്കോർട്ട് മുന്നിൽ…
റവന്യൂ മന്ത്രിയുടെ
‘ഇന്നോവ’
തൊട്ടു പുറകിൽ…
തെരുവിന്റെ
ഒത്ത നടുക്ക്,
ആ യാചകിയും
കുഞ്ഞും…
കാഷ്മീർ വരെ നീളുന്ന
സീബ്രാവരകളോ,
ഹൈവേയിൽ
നിർത്തിയിട്ടിരിക്കുന്ന
ആധുനിക കാറിന്റെ
ഗ്ലാസ്സിലേയ്ക്ക് നീളുന്ന
കൈകളോ
വികസനത്തിന്റെ
ഉത്തമ മാനദണ്ഡം?
എല്ലാം
പതിവുകാഴ്ച്ചകൾ…
മനസ്സ് മന്ത്രിച്ചു.
💖✍️💖

ചാക്കോ ഡി അന്തിക്കാട്

By ivayana