രചന : അശോകൻ പുത്തൂർ ✍
കുഴിനഖംകുത്തി
പമ്പരം തിരിയുമ്പോൾ
നിന്റെ പുഞ്ചിരി കിനാക്കാണും
പല്ലുകുത്തി
നട്ടപ്രാന്തെടുക്കുമ്പോൾ
നിന്റെ പ്രണയം അരച്ചിടും
ചെവിടുകുത്തി
ചൂളംവിളിക്കുമ്പോൾ
നെഞ്ചിൽനിന്നൊരു തീവണ്ടി
വേദനയുടെ കുന്നേറി
സങ്കടങ്ങളുടെ
ഏറുമാടവും ഞാറ്റടിയും കടന്ന്
കതിരാടും വരമ്പുചുറ്റി
കല്ലുവെട്ടാംകുഴിക്കരികിലൂടെ
നിന്റെ മാടത്തിൻ മുറ്റമെത്തുമ്പോൾ
പൂണ്ടടക്കം ചേർത്തുനിന്റെ
ചുണ്ടുകൊണ്ടൊരു കിഴിയുണ്ട്
പുന്നാരംചൊല്ലി മിഴിയാലൊരു ധാര.
നിശ്വാസം തിരിമ്മിപിഴിഞ്ഞ്
നിറുകയിൽ ഒരു ഒറ്റമൂലിയും………..
ഓരോ വേദനയിലുമിന്ന്
ഓർമ്മകളിലാകെ തേങ്ങിപ്പിടയുന്നുണ്ട്
നീ സ്നേഹം ചതച്ചിട്ടുണക്കിയ
നോവുകളുടെ ആ ഒറ്റമൂലിക്കാലം.