രചന : നിഷാ പായിപ്പാട്✍
2013 മെയ് 23 – അന്നാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് കേരളത്തിലും ,ലക്ഷദ്വീപിലും ,പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് ദ്രാവിഡഭാഷാകുടുംബത്തിൽപ്പെടുന്ന മലയാളഭാഷ. അമ്പത്തൊന്നക്ഷരങ്ങൾ, അതിൽ പതിനഞ്ചു സ്വരാക്ഷരങ്ങൾ, മുപ്പത്തിയാറു വ്യഞ്ജനാക്ഷരങ്ങൾ – ഇങ്ങനെയാണ് 51 അക്ഷരങ്ങൾ ഉണ്ടായത്.
ഹരിതവർണ്ണകേരനിരകൾ നിറഞ്ഞുനിൽക്കുന്ന മലയാളനാട്ടിൽ അക്ഷരക്കൂട്ടങ്ങളെക്കുറിച്ചെഴുതുവാൻ കൊതിക്കുന്ന മനസ്സുമായി ഞാൻ തൂലിക ചലിപ്പിക്കുമ്പോൾ 51 അക്ഷരങ്ങളിൽനിന്ന് എറ്റവും ശ്രേഷ്ഠമായ അ എന്ന അക്ഷരത്തിനാണ് കൂടുതൽ പ്രാധാന്യം എന്നു കരുതുന്ന ചിന്തയിൽ ഞാൻ തൂലിക തുടർന്ന് ചലിപ്പിക്കട്ടേ!
മലയാളിയുടെ ജീവിതവുമായി എറ്റവും കൂടുതലായി ഇഴുകിച്ചേര്‍ന്നുനിൽക്കുന്നത്, ബന്ധപ്പെട്ടിരിക്കുന്നത് വിലകല്പിക്കപ്പെടുന്നത് എന്നു ഞാൻ കരുതുന്ന അക്ഷരം “അ” മലയാളിയായ മനുഷ്യരുടെ ചുണ്ടുകളിൽ ,ഓർമ്മകളിൽ ഇതൾ വിരിയുന്ന മാതൃത്വത്തിന് നാമൊക്കെ വിശേഷണം ചാർത്തുന്നവാക്കാണല്ലോ അമ്മ, അതിരുകല്ലാത്ത, അതിർവരമ്പുകളില്ലാത്ത ആത്മാർത്ഥമായി നമ്മെ സ്നേഹിച്ച മറ്റുമൂല്യങ്ങൾകൊണ്ട് പകരംവയ്ക്കാനാവാത്ത സ്നേഹത്തിൻ്റെ ഉടമയായ അമ്മ അവിടെനിന്ന് ഞാൻ തുടങ്ങുകയാണ് ജീവിതഭാരം ചുമലിലേറ്റി മക്കൾക്കായി സുരക്ഷിതവലയമൊരുക്കുന്നഅച്ഛൻ്റെയും തണലിൽ വളരുന്നവരാണല്ലോ നമ്മൾ മനുഷ്യർ ….
ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രാഷട്രപിതാവ് സ്വീകരിച്ചത് ഹിംസയെ വെടിയാൻ പഠിപ്പിച്ച മഹാത്മാഗാന്ധി സ്വീകരിച്ച നയം അഹിംസയായിരുന്നുവല്ലോ. വ്യക്തിത്വമുള്ള ഒരു വ്യക്തിയുടെ വികാരങ്ങളിൽ എറ്റവും വലുതായി പരിഗണിക്കാവുന്നത് അയാളുടെ അഭിമാനം ഒപ്പം ചേരുന്ന അന്തസ്സ് എന്നിവതന്നെയാണ്. അതുപോലെ പ്രവർത്തനമേഖലയിൽ കാര്യക്ഷമതയുള്ളവരായിത്തീരണമെങ്കിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കാനുള്ള മനസ്സുണ്ടായിരിക്കണം.എങ്കിൽമാത്രമേ അംഗീകാരം എത് തൊഴിൽ ചെയ്യുന്നവരാണെങ്കിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളു.
മലയാളികൾ പ്രവാസലോകത്ത് മികച്ചവരായിത്തീർന്നിട്ടുണ്ടെങ്കിൽ തങ്ങൾക്കു ലഭിച്ച അവസരങ്ങൾ ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തിയതിനാലാണ് (എല്ലാവർക്കും അതു ലഭിച്ചു എന്നു പറയാനും കഴിയില്ലാ)
അവസരോചിതമായി പെരുമാറാൻ കഴിയുന്ന വ്യക്തിയെ ബുദ്ധിമാനെന്നോ ബോധമുള്ളവനെന്നോ ഉള്ള പരിവേഷം ചാർത്താം.
ഒരു സാധാരണൻ്റെ പെട്ടന്നുള്ള വളർച്ച കണ്ട് കൺമുമ്പിൽ നടക്കുന്ന ഒരു അപകടത്തിൽനിന്ന് ഒരാൾ രക്ഷപ്പെട്ടാൽ ഒരു മലയാളി മറ്റൊരു മലയാളിയോട് പറയുന്ന ഒരു വാക്ക് ഭയങ്കര അതിശയമായിപ്പോയി രക്ഷപ്പെട്ടത്, സാമ്പത്തികമായി രക്ഷപ്പെട്ട വ്യക്തി അയാളുടെ പ്രവർത്തനമേഖലയിൽ തിരക്കായിപ്പോയാൽ മലയാളി പറയും; കണ്ടിട്ട് മിണ്ടിയില്ലാ ഇപ്പോ അവന് കാശിൻ്റെ അഹങ്കാരമാണ്, ജാടയാണ് എന്നൊക്കെ.
ഒരു കാലഘട്ടത്തിൽ സർക്കസ്സിനെ കണ്ട മലയാളഗ്രാമീണവാസികൾ പറഞ്ഞത് അത്ഭുതം എന്നാണ്
ഇന്ന് ആരും ആരുടെയും അടിമകളല്ല. എല്ലാ തൊഴിലാളികളും എല്ലാ രാഷ്ട്രീയനേതാക്കൻമാരും ജാഥ നയിക്കുവാൻ ,അവകാശം നേടിയെടുക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായി അണിചേർക്കുവാൻ ബുദ്ധി കാട്ടുമ്പോൾ ഒപ്പം നിൽക്കുന്ന പ്രവർത്തകരാണ് ആ രാഷ്ട്രീയപ്പർട്ടിയുടെ മുന്നോട്ടുള്ള ജൈത്രയാത്രയുടെ ബലം.
ചലച്ചിത്രത്തിൻ്റെ ആസ്വാദനതലങ്ങളിലൂടെ സഞ്ചരിച്ച പ്രേക്ഷകർ ,മികച്ച ഗാനങ്ങൾ ആസ്വദിച്ച ശ്രോതാക്കളായ പുതുതലമുറ പറഞ്ഞ വാക്ക് അടിപൊളി
അനശ്വരകഥാപാത്രങ്ങളെ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ അഭിനയകലയിൽ അരങ്ങു വാണ കുലപതികൾ അവരെ വെള്ളിത്തിരയിലേക്കു സമന്വയിപ്പിച്ച, ആവിഷ്കരിച്ച മികവുറ്റ സംവിധായകർ രചയിതാക്കൾ ,സംഗീതലോകത്ത് മലയാളിയുടെ അഭിമാനമായ ദാസേട്ടൻ നടനകലയുടെ പരിശീലനക്കളരിയിൽനിന്ന് ദീപങ്ങളെ സാക്ഷിയാക്കി നൃത്തച്ചുവടിൽ അരങ്ങേറ്റം കുറിച്ച് മലയാളത്തിൻ്റെ നൃത്തസൗന്ദര്യം ലോകത്തിലേക്ക് എത്തിച്ച നർത്തകർ കിഴക്കുദിച്ച് വെളിച്ചം പകർന്ന സൂര്യകിരണത്തെക്കണ്ടുണരുന്ന മലയാളമനസ്സ് ഇടയ്ക്കെവിടെയോ ആത്മീയതിയിൽ അഭയം പ്രാപിക്കുന്നു.
സാഗരത്തിൽ വെളിച്ചം ലയിപ്പിച്ച് കേരളഭൂമിയിൽനിന്ന് അകലേക്കു മറയുന്ന സൂര്യൻ്റെ പ്രകാശമറവിന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് അസ്തമയമെങ്കിൽ നിദ്രയുടെ തീവ്രത തലച്ചോറിലേക്കും ശരീരത്തിലേക്കും പ്രവഹിക്കുന്ന സമയമല്ലോ അർദ്ധരാത്രി
ഒരുറക്കത്തിനൊടുവിലായി ഉണരുമ്പോൾ ബാല്യകാലത്തിൽ അരിമണിയിലും നാവിലുമായി നേടിയ ആ ആദ്യാക്ഷരം അ എല്ലാ വിവരങ്ങൾക്കും ഒന്നിച്ചുചേർത്തുവയ്ക്കാൻ കഴിയുന്ന അറിവ് എന്ന വലിയ മഹത്തരമായ വാക്ക് അതിലൂടെ ശ്രേഷ്ഠരായിത്തീരുന്ന മലയാളി .
എല്ലാ പ്രവൃത്തിയിലൂടെയും ലഭിക്കുന്ന അനുഭവം നൽകുന്ന വലിയ പാഠം മലയാളിയെ പലതും പഠിപ്പിച്ചുമനസ്സിലാക്കി മുന്നോട്ടുള്ള ജീവിതജൈത്രയാത്രയിൽ കൊണ്ടുപോകുമ്പോൾ അറിവ് അത് നൽകുന്ന പാഠം വലുതാണ് ഇവിടെ മലയാളി തൻ്റെ ശ്രേഷ്ഠഭാഷയായ മലയാളത്തിൻ്റെ “51 ” അക്ഷരങ്ങളിൽ ശ്രേഷ്ഠമായിത്തീരുന്നത് ‘അ’തന്നെയല്ലേ? വിവരണം പൂർണ്ണമെന്ന് അവകാശവാദമില്ല.