രചന : ബാബുരാജ് കടുങ്ങല്ലൂർ✍

വയനാട്ടിലെ ആദിവാസികളുടെപഴയ ഗോത്രത്തിലെ ഒരു കാരണവരാണ് ഈ കഥാപാത്രം!

പണിയർക്കു ദോഷം വന്നാൽ
കരിന്തണ്ടൻ കാടു കേറും!
കന്മദത്തിൽ കാമ്പെടുത്ത്
കറുത്തോർക്ക് വിളമ്പുന്നേ………..
കടയുമ്പോൾ തെളിയുന്ന
കാളകൂടം വീണ്ടെടുത്ത്
ബലിക്കല്ലിൽ വീഴ്ത്തിയിട്ട്
കരിന്തണ്ടൻ ചിരിക്കുന്നു”
‘കാട്ടുമരം വേരെടുത്ത് കാട്ടു
നീതി കട്ടെടുത്ത് കള്ളു കൊണ്ട്
കൂട്ടരച്ച് കരിന്തണ്ടൻ തുള്ളു
ന്നുണ്ടേ………..
കരിക്കാടി കാട്ടുച്ചേറിൻ
കൂട്ടിയൂറ്റി കുടിക്കുമ്പോൾ
കരിന്തണ്ടൻ തൊണ്ട പൊട്ടി |
പണിയാൻ്റെ പാട്ടു പാടും!
മുളയരി കഞ്ഞി കൊണ്ടാ……..
മുളംമ്പാട്ടിൻ കുഴലുകൊണ്ടാ……..
കുറുകുഴൽ പാട്ടു കൊണ്ടാ…….
കരിമേഘം കലങ്ങും മുൻ-
കാരണോർക്കു പാട്ടു പാടാൻ |
(2)
കരിന്തണ്ടൻ കാടുകേറി
കരളിൻ്റെ നിറമെടുത്ത്
ചുവപ്പിൻ്റെ തീയുണ്ടാക്കി
മെഴുപ്പിച്ചു ചക്രവാളം |
ബലിക്കല്ലിൽ ചോരകൊണ്ട്
വരയ്ക്കുന്ന കോലങ്ങളിൽ
അടുപ്പത്ത് വെന്തിടുന്ന
ഇറച്ചിക്കോലങ്ങൾ സാക്ഷി!
കൊതിച്ചങ്ങ് വെള്ളമൂറും
കരിന്തണ്ടൻ നാവുകൾക്ക്
കനൽ കൂട്ടം പെരുത്തങ്ങ്
കരിങ്കോലം മഴ വീഴ്ത്തും!
വെളിച്ചത്ത് നടക്കില്ല ബലിയേതും
രാത്രികളിൽ നടുക്കുന്ന
ചിന്തകളിൽ ഉറക്കങ്ങൾ ദൂരമത്രേ!
(3)
കരിന്തണ്ടൻ കാടുകേറി
ചിതയുടെ തീയെടുത്ത്
ചിതൽ തിന്ന വഴിയിലൂടെ കുഴ-
ഞങ്ങു പോണ കണ്ടോ?
‘കരിന്തണ്ടനു കാത്തു വക്കാൻ
കള്ളു വേണം, പെണ്ണുവേണം.
കരിന്തണ്ടന് കോലമേറ്റാൻ
കരിമ്പോത്തിൻ ഊറ്റം വേണം!
കറുകപുൽ നാമ്പുകൊണ്ട്
തഴുകിയ മൃഗവും വേണം!
കറുപ്പിന്റെ വേദം കൊണ്ട്
കലക്കുന്ന പുഴ വേണം!
(4)
കാടുകേറും ബലിമൃഗങ്ങൾ
ചോര കൊണ്ട് വീർത്തു കെട്ടി
ചുവപ്പിൻ്റെ മുഖമുള്ള
കടലിൻ്റെ ചക്രവാളം !
കാലദോഷം മാറുമത്രേ കറുപ്പിൻ്റെ
വേഷം കെട്ടി കൊലമരത്തിൻ
ചോട്ടിലേക്ക് ബലിമൃഗത്തെ
മുന്നിൽ നിർത്ത്യാൽ……..
കരിന്തണ്ടാ വെയിലിൻ്റെ
വെന്തു നീറും സൂര്യനുണ്ടേ…….
കാടു കേറിവേഗം പോകൂ
കാട്ടരുവി വറ്റും മുമ്പേ……….

ബാബുരാജ് കടുങ്ങല്ലൂർ

By ivayana