രചന : കുറുങ്ങാടൻ ✍
ആകാശവാണി!
തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോഴിക്കോട്..
പ്രാദേശിക വാർത്തകൾ, വായിക്കുന്നത് കുറുങ്ങാടൻ..!
“ആൾ ഇന്ത്യ റേഡിയോ സ്ഥാപിതമായിട്ട് ഇന്നോക്ക് 86 വർഷം!1936 ജൂൺ 8 ന് കൽക്കട്ടയിലും ബോംബെയിലുമായിരുന്നു ആദ്യ സംപ്രേക്ഷണം! വാർത്താമാധ്യമരംഗത്തും വിനോദവിജ്ഞാനരംഗത്തും വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കം…”
ശ്രവണാസ്വാദനത്തിന്‍റെ ഓര്‍മ്മകള്‍ പുതുക്കുന്ന സുദിനം!
പിന്നിലേക്ക്, മനസ്സിന്റെ സ്റ്റേഷന്‍ തിരിച്ചുവച്ചാല്‍, മനസ്സില്‍ മായാതെ കിടക്കുന്ന ജീവനുള്ള ഒരുപാട് നല്ല ഓര്‍മ്മവീചികളുടെ ശബ്ദചാരുതയിലെത്തിച്ചേരും! ഗതകാലങ്ങളിലെ ശബ്ദവിസ്മയങ്ങള്. റേഡിയോ എന്ന വിനോദവിജ്ഞാനോപാധിയെ മലയാളിശ്രോതാക്കളെന്നല്ല ലോകത്തെമ്പാടുമുള്ള ശ്രോതാക്കള്‍ എന്നും വിടാതെ പിന്തുടര്‍ന്നിരുന്ന ശ്രവണസൗകുമാര്യസങ്കേതം! അറിവിനെ, വിനോദത്തെ, വിജ്ഞാനത്തെ, ആനന്ദത്തെ സ്വീകരണമുറിയിലേക്ക്, പഠനമുറിയിലേക്ക്, കുടപ്പുമുറിയിലേക്ക്, എന്തിനേറെ ചെവിക്കുതാഴെ തലയിണയിലേക്ക് ആവാഹിച്ചുകൊണ്ടുവരുന്ന വിസ്മയസങ്കേതം!
റേഡിയോ ശ്രവിക്കുമ്പോള്‍ കാലവും സ്ഥലികളും സംഭവങ്ങളും എത്രയോ അകലങ്ങളിലാണെങ്കിലും അടുത്താണെന്ന, വിളിപ്പാടടുത്താണെന്ന അനുഭൂതി! ഇന്നും ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ മാധ്യമമാണ് റേഡിയോ. ഏറ്റവും വ്യാപകമായി അത് ഉപയോഗപ്പെടുകയും ചെയ്യുന്നു. ഒരേ സമയം ഏറ്റവും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ കഴിയും എന്നതാണ് റേഡിയയുടെ പ്രത്യേകത. യാത്രകള്‍ക്കിടയിലും വിനോദവും വിജ്ഞാനവും ലഭിക്കുന്ന മാധ്യമായി റേഡിയോ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു!
റേഡിയോ എന്നുകേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് പാടിയെത്തുന്നത് പഴയകാലത്തെ വാല്‍വ് റേഡിയോ, ദീര്‍ഘചതുരാകൃതിയിലുള്ള തെക്കുംപലകകള്‍കൊണ്ടുണ്ടാക്കിയ ക്യാബിന്നകത്ത് വാല്‍വ് വച്ച് ഒപ്പറേറ്റുചെയ്തിരുന്ന, ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന രണ്ടുമൂന്നു നോബുകളുള്ള പാട്ടുപെട്ടി. അന്നൊക്കെ, റേഡിയോ വാങ്ങിച്ചാലും സൈക്കിള്‍ വാങ്ങിച്ചാലും പഞ്ചായത്തില്‍നിന്നു ലൈസന്‍സ് എടുക്കണമായിരുന്നു. വാല്‍വ് റേഡിയോക്കുശേഷം വന്നതാണ് വലുപ്പത്തില്‍ നന്നേ കുള്ളനായ ട്രാസിസ്റ്റര്‍ റേഡിയോ. വാല്‍വ് സിസ്റ്റത്തിലെ റേഡിയോ ഓണ്‍ചെയ്താല്‍ ആദ്യം ഒരു പച്ചലൈറ്റ് തെളിയും. പിന്നെ ചൂടായിവന്നിട്ട് ഏതാനും മിനുട്ടുകള്‍ കഴിഞ്ഞാലേ കക്ഷി ശബ്ദിച്ചുതുടങ്ങുകയുള്ളൂ!
പ്രഭാതഭേരി, ഉദയഗീതം, വന്ദേമാതരം, പ്രഭാതഗീതം, സുഭാഷിതം, യുവവാണി, ബാലലോകം, നാടകവാരം, കഥകളിപ്പദങ്ങള്‍, ശബ്ദരേഖ, വാദ്യസംഗീതം, കേളികൊട്ട്, പാഠകം, കണ്ടതും കേട്ടതും, രൂപകം, ഇന്നത്തെ ചിന്താവിഷയം, കമ്പോളനിലവാരം, ലളിതഗാനം, കത്തുകള്‍ക്ക് മറുപടി, റേഡിയോനാടകം, തുടര്‍നാടകം, ചലച്ചിത്രശബ്ദരേഖ, നാടകഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍, ലളിതഗാനങ്ങള്‍, വയലും വീടും, ശിശുലോകം, മഹിളാലയം, വിവിധഭാരതി, ‘രഞ്ജിനി’ ശ്രോതാക്കള്‍ക്കിഷ്ടപ്പെട്ട ചലച്ചിത്രഗാനങ്ങള്‍, പ്രാദേശികവാര്‍ത്ത, സംസ്കൃതവാര്‍ത്ത, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി, ലളിതസംഗീതപാഠം, കര്‍ണ്ണാടകസംഗീതപാഠം, വനിതാലോകം, ലക്ഷദ്വീപുപരിപാടി, മഹല്‍വാര്‍ത്തകള്‍, ഭക്തിഗാനങ്ങള്‍, അദ്ധ്യാപപകര്‍ക്കുവേണ്ടി, വഴിവിളക്ക്, നിങ്ങളാവശ്യപ്പെട്ടത്, ശാസ്ത്രീയസംഗീതം, ഡല്‍ഹിന്യൂസ് റിലേ, രശ്മി, കൗതുകവാര്‍ത്തകള്‍, സാക്ഷി, വള്ളംകളി തത്സമയ കമന്ട്രി, സന്തോഷ്‌ട്രോഫി തത്സമയ കമന്ട്രി, ക്രിക്കറ്റ് കമന്ട്രി, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍,
പ്രത്യകവാര്‍ത്തബുള്ളറ്റിന്‍ എന്നുവേണ്ടാ ജീവിതത്തിലെ സമസ്തമേഖലയിലുള്ള എത്രയെത്ര പരിപാടികള്‍കൊണ്ട് സമ്പുഷ്ടമായ റേഡിയോ ആസ്വാദനകാലം!
സര്‍വ്വശ്രീ നാഗവള്ളി ആര്‍ എസ് കുറുപ്പ്, ജഗതി എന്‍ കെ ആചാരി, ഓംചേരി, ടി.എന്‍ ഗോപിനാഥന്‍ നായര്‍, ത്രിശ്ശൂര്‍ പി.രാധാകൃഷ്ണന്‍, വെണ്മണി വിഷ്ണു, ഖാന്‍ കാവില്‍, ഹക്കീം കോട്ടായി, ബലദേവാനന്ദസാഗര്‍, രാമചന്ദ്രന്‍, ഗോപന്‍, ശങ്കരനാരായണന്‍, കനകാംബരന്‍, ഗോപിനാഥ് പനങ്ങാട്, നരേന്ദ്രപ്രസാദ് കൂടാതെ ശ്രീമതിമാരായ ടി.പി. രാധാമണി, സി.എസ്. രാധാദേവി, രാധാമണി ഗോപന്‍, രാജേശ്വരി, സുഷമ, സരോജിനി ശിവലിംഗം തുടങ്ങിയ എത്രയെത്ര വ്യക്തിത്വങ്ങള്‍, കലാകാരന്മാര്‍, കലാകാരികള്‍ അവരുടെ ശബ്ദമനോഹാരിതകള്‍, ശബ്ദവിസ്മയങ്ങള്‍!
രാവിലെ ലളിതസംഗീതപാഠം കേള്‍ക്കാത്ത ദിവസങ്ങളുണ്ടായിരുന്നോ? “ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും ഒരു ദ്വാപരയുഗസന്ധ്യയില്‍” മറക്കുമോ നമ്മള്‍? അത്തരമെത്രയെത്ര ലളിതഗാനങ്ങള്‍! എം.ജി രാധാകൃഷ്ണനും പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥും ഒക്കെ അവതരിപ്പിച്ചിരുന്ന ലളിതഗാനപാഠങ്ങള്‍ എല്ലാം ഇന്നലത്തെപ്പോലെ ഇന്നും നാവിന്‍തുമ്പില്‍!
നാടകഗാനങ്ങളുടെ മാധുര്യം മനസ്സില്‍ പതിഞ്ഞുപോയത് അക്കാലത്തു തന്നെയായിരുന്നല്ലേ? അവധിക്കാലത്താണ് ദേശീയ നാടകോത്സവങ്ങളുടെ ഭാഗമായി സംപ്രക്ഷേപണം ചെയ്തിരുന്ന നാടകങ്ങള്‍. എല്ലാവര്‍ഷവും പത്തുദിവസംനീളുന്ന നാടകോത്സവം രാത്രി പത്തുമണിക്ക്. കൂടാതെ രാത്രി ഒമ്പതുപതിനാറിന് പ്രക്ഷേപണംചെയ്യുന്ന തുടര്‍നാടകം. ശ്രീ ഗോപിനാഥ് പനങ്ങാട് എന്നയാളെപ്പറ്റി കേള്‍ക്കുന്നത് റേഡിയോ നാടകങ്ങളിലൂടെയാണ്. പച്ചയായ ജീവിതമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി എഴുതപ്പെട്ടിരുന്ന മനോഹരചനകളായിരുന്നവ!
പാതിരാത്രികളില്‍ കേള്‍പ്പിച്ചിരുന്ന ചലച്ചിത്രഗാനങ്ങളിലെ മറക്കാനാവാത്ത ഗാനങ്ങള്‍ “ആഷാഢമാസം ആത്മാവില്‍ മോഹം അനുരാഗമധുരമാമന്തരീക്ഷം”! ”നീയും നിന്റെ കിളിക്കൊഞ്ചലും നാണംകൊണ്ട രതിഭാവവും”! “താമസമെന്തേ വരുവാൻ പ്രാണസഖീ എന്റെ മുന്നിൽ”! നാടകഗാനങ്ങളിലെ ലീഡിഗ് ഐറ്റംസ് ”ചക്കരപന്തലില്‍ തേന്‍മഴചൊരിയും ചക്രവര്‍ത്തിക്കുമാരാ..!” ”മാരിവില്ലിന്‍ തേന്‍മലരേ…!” ”തലയ്ക്കുമീതെ ശുന്യാകാശം…!”
”വാര്‍ത്തകള്‍ വായിക്കുന്നത് വെണ്മണി വിഷ്ണു”, ”വാര്‍ത്തകള്‍ വായിക്കുന്നത് ശങ്കരനാരായണന്‍”, ”വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍”, ”വാര്‍ത്തകള്‍ വായിക്കുന്നത് പ്രതാപന്‍”, ”വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍”, എന്നിങ്ങനെയുള്ള എത്രയെത്ര വാര്‍ത്തവായനക്കാരുടെ ശബ്ദതരംഗമേളനങ്ങള്‍. വാര്‍ത്തകള്‍ വായിച്ചിരുന്ന വെണ്മണി വിഷ്ണു, വേറിട്ടൊരു ശബ്ദത്തിന്റെ ഉടമ. അദ്ദേഹം പല സിനിമകളിലും അഭിനയിക്കുകയും ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. കൗതുകവാര്‍ത്തകള്‍(ഞായറാഴ്ച ഉച്ചക്കുമാത്രം) വായിച്ചിരുന്ന രാമചന്ദ്രന്‍, മാസ്മരമായ, പൌരുഷംതികഞ്ഞ ശബ്ദത്തോടെ ചിരിക്കാനും ചിന്തിക്കുവാനുമുള്ള വക നല്‍കിയിരുന്നു. ഓരോ കൗതുകവാര്‍ത്തയുടേയും അവസാനവാചകം, ”പോരേ പൂരം” എന്നൊരു പഞ്ചും!
ക്രിക്കറ്റ് കമന്ട്രി, ഇന്ത്യ-പാക്കിസ്ഥാന്‍, ഓസ്ത്രേലിയ-ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്-ന്യൂസിലാന്‍ഡ് തുടങ്ങിയ കളികളെല്ലാം പാതിരാത്രികളില്‍ റേഡിയോ ട്യൂണ്‍ചെയ്ത് കേട്ടിരുന്ന കാലം! ഓരോ പന്തും നേരിട്ടുകാണുന്നതിനേക്കാള്‍ വ്യക്തവും ആവേശകരവുമായി വിവരണങ്ങള്‍. മൈതാനത്തെ മനസ്സിലേക്ക് ആവാഹിച്ചുകൊണ്ടുവരുന്ന വിവരണങ്ങള്‍!
ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ശ്രീലങ്കയില്‍നിന്നുള്ള (സിലോണ്‍) പരിപാടികള്‍ മലയാളികള്‍ മുടക്കമില്ലാതെ കേള്‍ക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. “വണക്കം പെരിയോര്‍ഹളേ, ഇത് ഇളങ്കൈ …. ” മനോഹരശബ്ദത്തിന്നുടമയായ സരോജിനി ശിവലിംഗത്തെ പെട്ടെന്നൊന്നും ആരും മറക്കാന്‍വഴിയില്ല. മലയാളചലച്ചിത്രഗാനങ്ങളാണ് മുഖ്യം. കയറിയിറങ്ങിക്കയറിയിറങ്ങിയുള്ള(ഡോപ്ലര്‍ ഇഫക്ട്) ശബ്ദത്തിലായിരുന്നു. ശ്രീലങ്കാ പ്രക്ഷേപണനിലയത്തിലെ മലയാളം സംപ്രേഷണം ഇന്നില്ല. പണ്ട്, വിവാഹത്തിന് സിലോണ്‍ നിലയത്തിലറിയിച്ചാല്‍ അവര്‍ ആശംസയായിട്ട് “വധൂവരന്മാരേ” എന്നുതുടങ്ങുന്ന ചലച്ചിത്രഗാനം കേള്‍പ്പിക്കുമായിരുന്നു!
പ്രഭാതഭേരി, ഉദയഗീതം മുതല്‍ പ്രാദേശികവാര്‍ത്തകള്‍വരെ ആചാരംപോലെ സ്ഥിരമായി ഉറക്കക്കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ കേള്‍ക്കുമായിരുന്നു. ഞായറാഴ്ചകളില്‍ പ്രക്ഷേപണം ചെയ്തിരുന്ന ബാലലോകം, അവതരിപ്പിച്ചിരുന്നത് അമ്മാവന്. നിങ്ങളുടെ കത്തുകള്‍, ശ്രോതാക്കളുടെ അഭിപ്രായങ്ങളും അവയ്ക്കുള്ള മറുപടിയും, ആകാശവാണിയിലെ ചേട്ടനും ചേച്ചിയും രസകരമായി കൈകാര്യം ചെയ്തിരുന്ന പരിപാടിയാണത്!
വയലും വീടും പരിപാടിയുടെ അവതരണപിന്നണിഗാനത്തിന് എന്തോ ഒരു ആകര്‍ഷണീയത ഉണ്ടായിരുന്നു. ഹിറ്റായ സിനിമകളുടെ ശബ്ദരേഖകള്‍ ശ്രോതാക്കള്‍ക്കായി പ്രക്ഷേപണം ചെയ്തിരുന്നു. കണ്ടിട്ടുള്ള സിനിമകളുടെ ശബ്ദരേഖയാണെങ്കില്‍ വളരെയധികം താത്പര്യമുണ്ടാവും. രാവിലെ എട്ടുമണിക്കുള്ള “ഇയമാകാശവാണീ. സമ്പ്രതി വാര്‍ത്താഃ ശ്രൂയന്താം. പ്രവാചകോ ബലദേവാനന്ദസാഗരഃ” യിലൂടെ കുറെ സംസ്കൃതവാക്കുകള്‍ പഠിക്കാന്‍ കാരണമായി!
എന്നും കൗതുകകരമായ ഒരു കാര്യമുണ്ട്. റേഡിയോ സ്റ്റേഷന്‍ തുറക്കുന്ന സമയത്തെ “പൂൂൂ”എന്ന നിലയ്ക്കാത്ത കൂവലും അടയ്ക്കുന്ന സമയത്തെ “റങ്ങ് റീറിറീ എന്ന റിങ്ങിങ്ങും!
ഇദി റേഡിയോപുരാണം സമാപ്തം! ശുക്രിയാ…