രചന : വൈഗ ക്രിസ്റ്റി✍

വേനൽ ഇട്ടു വച്ചിരുന്ന പാത്രം
ചോർന്നു തുടങ്ങുന്നു.
മലമുകളിലേയ്ക്കുള്ള തദേവൂസ്
പഴികളുടെ തമ്പുരാനെ
വഴിയിൽ കണ്ടെത്തുന്നു .
ദൈവത്തിൻ്റെ കരച്ചിൽ
വഴിയിൽ
വളഞ്ഞു വീഴുന്നു
പെയ്തു കഴിഞ്ഞ
മഴകൾ
തദേവൂസ് പെറുക്കിക്കൂട്ടുന്നു
എവിടെ വയ്ക്കും ?
എവിടെ വയ്ക്കും ?
പാത്രത്തിൽ ബാക്കി വന്ന
വേനൽ
തദേവൂസ്
ദൈവത്തിൻ്റെ
കാൽപാദങ്ങളിൽ വരച്ചുവയ്ക്കുന്നു
പൊട്ടിത്തുറന്ന ചുമയടക്കി
ദൈവം പഴിപ്പാത്രം തുറക്കുന്നു
വഴിയിലിരുന്ന് ,
വിശ്രമിക്കാമല്ലോ
പഴി കൂട്ടി
ഒന്നു മുറുക്കാമല്ലോ
കാലിൽ വീണ വേനൽ തുടച്ച്
ദൈവമൊന്ന് ചിരിക്കുന്നു
മുറുക്കി ചുവന്നു തുപ്പുന്നു
മലമുകളിലേക്കുള്ള
വഴി ചുവക്കുന്നു
മലമുകളിലേക്കുള്ള തദേവൂസ് ,
മഴയോടൊപ്പം പഴിത്തുപ്പൽ
പെറുക്കുന്നു
വെയിൽപ്പാത്രത്തിൽ അടയ്ക്കുന്നു
തദേവൂസ്
അടിമുടി ചുവക്കുന്നു
ചുവന്ന മല
ചുവന്ന തദേവൂസിനെ വിഴുങ്ങുന്നു
മലമുകളിലെ ദൈവം
പഴിപ്പാത്രമടച്ച് ,
പഴിയൊഴിച്ച് ചിരിയ്ക്കുന്നു
ഇപ്പോൾ ,
ചുവന്ന തദേവൂസില്ല
തദേവൂസിൻ്റെ മഴപ്പാത്രം
മലമുകളിലേക്കുള്ള വഴിയിൽ
ഒഴിഞ്ഞുകിടക്കുന്നു
പഴി നീങ്ങി ,
വെളുത്തദൈവം ,
ചിരിയ്ക്കുന്നു…
വീണ്ടും ചിരിയ്ക്കുന്നു.

വൈഗ ക്രിസ്റ്റി

By ivayana