രചന : മാധവ് കെ വാസുദേവ് ✍

പെണ്ണാണിവൾ, രഘുരാമ
ശാപശിലയാണിവൾ പ്രിയരാമാ.
മഞ്ഞിലുംമഴയിലും സൂര്യതാപത്തിലും
നിന്നെ തപം ചെയ്ത പെണ്ണാണിവൾ,
രഘുരാമ
ശാപശിലയാണിവൾ പ്രിയരാമാ.
മുദ്ഗലപുത്രി ആശ്രമ വധുവായി
ഗൗതമ പർണ്ണശാലയിലെത്തിയ നാൾമുതൽ
പിന്തുടർന്നെത്തിയാ ദേവ ദേവാധിപൻ
തരം പാർത്തുനിന്നു പലവട്ടമെങ്ങിനെ
ഒരുനാളൊരു വൈശാഖപൗർണ്ണമിരാവിൽ
ചതിയിൽപ്പെടുത്തി, പ്രാപിച്ചവൻ
പിന്നെ മാഞ്ഞുപോയി ആയിരം കണ്ണുമായി.
രുധിരകണങ്ങളിൽ ആയിരം രൂപത്തിൽ
പുനർജനിക്കുന്നവൻ ജന്മജന്മങ്ങളായി….
രാപ്പകലേറെ കൊഴിഞ്ഞുപോയി
കാലങ്ങളൊത്തിരി കടന്നുപോയി
ശരത്ക്കാലം വന്നു മറഞ്ഞുപോയി
നിന്നെയും കാത്തുകിടന്നിവൾ പിന്നെയും
ഋതുഭേദ താലങ്ങൾ കൈകളിലേന്തി
കാലം പലവട്ടം, പിന്നെയും വന്നുപോയി
പെണ്ണാണിവൾ, രഘുരാമ
ശാപശിലയാണിവൾ പ്രിയരാമാ.
കത്തുന്ന വേനലിലുരുകി തളർന്നും
കോച്ചുന്നമഞ്ഞിൽ തണുത്തുറഞ്ഞും.
നിന്നെ കാത്ത പെണ്ണാണിവൾ,
രഘുരാമ ശാപശിലയാണിവൾ പ്രിയ രാമാ..

മാധവ് കെ വാസുദേവ്

By ivayana