രചന : രഘു നന്ദൻ ✍
ഗുലാം അലിയുടെ ഗാനം തെരുവിന്റെ കോണിൽ നിന്നും തെരുവ് ഗായകൻ മനോഹരമായി ആലപിക്കുന്നു…..
ഒറ്റ മുറിയിലെ ഇരുട്ട് എൻറെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ പതിയെ പുറത്തേക്കിറങ്ങി. താപനില നന്നേ കുറവാണ്…
വഴിയരികിലെ നിയോൺ ബൾബുകൾ രാത്രിയെ വരവേൽക്കാനായി കാത്തിരിക്കുന്നു.
ഒറ്റ മുറിയിലെ അരണ്ട വെളിച്ചത്തിൽ നിന്ന് സന്ധ്യയുടെ കുളിർകാറ്റേറ്റപ്പോൾ മനസ്സിലെ പിരിമുറക്കത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ചിന്തകൾ മുഴുവൻ പുറത്തേക്ക് ലക്ഷ്യമില്ലാതെ ഒഴുകുകയാണ് ഇപ്പോൾ.
വെളിച്ചത്തോട് ഇപ്പോൾ ഒരു തരം ഭയമാണ് അതുകൊണ്ട് തന്നെ സന്ധ്യ മയങ്ങും മുന്നേ ഡാൻസ് ബാറിൻറെ അരണ്ട വെളിച്ചത്തിലേക്ക് കടന്നു ചെന്നു. ചുറ്റിലും നിരവധി പേരുണ്ടെങ്കിലും ആൾക്കൂട്ടത്തിൽ ഒറ്റപെടുന്നവന് അതല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല ഈ നഗരത്തിൽ.
ഇരുട്ടിനെ കീറിമുറിച് ഇടയ്ക്കിടയ്ക്ക് കണ്ണിലേക്ക് കടന്നുവരുന്ന നിറമുള്ള വെളിച്ചം ലഹരിയായി മാറി, പാട്ടുകളുടെ താളം ചടുലമായി.
ഈ ചെറു പട്ടണം മുഴുവന്‍ ഈ മുറിക്കുള്ളില്‍ ഉണ്ടെന്ന് തോന്നി. മഞ്ഞയും, പച്ചയും, ചുകപ്പും കലര്‍ന്ന വെളിച്ചവും, ചൂട് പിടിപ്പിക്കുന്ന സംഗീതവും , യുവത്വത്തിന്റെ ലഹരിയും ഒരു ഒഴിവ് ദിനത്തിന്റെ രാത്രിയെക്കൂടി ആഘോഷഭരിതമാക്കുന്നു.
ആരുടേയും സഹായമില്ലാതെ ഞാൻ തന്നെ ക്യാബിനിൽ ചെന്ന് ഗ്ലാസും മുഴു ബോട്ടിൽ വിസ്കിയും എടുത്ത് മേശയ്ക്കരികിൽ ചെന്നിരുന്നു.
പിന്നീടങ്ങോട്ട് മൽപിടുത്തമായിരുന്നു, ലഹരിയും ചിന്തകളും തമ്മിൽ. ഒടുവിൽ ചിന്തകൾ ലഹരിക്ക് കീഴടങ്ങി. നാല് പെഗ് കട്ടിക്ക് അകത്തു ചെന്നത് ഓർമയുണ്ട്. തുണിയഴിച് സംഗീതത്തിനു നൃത്ത ചുവടുകൾ വയ്ക്കുന്ന, മൂന്നാം ക്ലാസ് വേശികളുടെ കൂടെ ബലമില്ലാത കാലുകൾ കൊണ്ട് നൃത്ത ചുവടുകൾ വയ്ക്കാൻ ശ്രമിച്ചുവെങ്കിലും വിഫലമായിരുന്നു. കാലിന്റെ ബലമില്ലായ്മ അപ്പോൾ തന്നെ വീണ്ടും എന്നെ ഇരിപ്പിടത്തിൽ തന്നെ സ്ഥാനമുറപ്പിക്കാൻ പ്രേരിപ്പിച്ചിരുന്നു.
പെട്ടെന്ന് തന്നെ മുഖം കാണിക്കാതൊരുവൾ കഴുത്തിൽ ശക്തിയായി പിടിച്ചു, അവൾ എൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി, അതെൻറെ സിരകളിലെ രക്തയോട്ടം വർധിപ്പിച്ചു, എൻറെ കൈകൾ പിടിച്ചു വലിച്ചു ബാറിലെ പൂർണ വെളിച്ചം കടന്നു വരാത്ത ഇരുട്ട് നിറഞ്ഞ മൂലയിലെ സോഫയിലേക്ക് അവൾ എന്നെയും കൊണ്ട് ചെന്നു.
അവളുടെ ചേഷ്ടകളിൽ എതിർക്കാനോ, ആസ്വധിക്കാനോയുള്ള ബോധം എന്നിൽ ഉണ്ടായിരുന്നില്ല. അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു, പക്ഷെ അതെല്ലാം ബാറിൽ നിന്ന് വരുന്ന പോപ്പ് സംഗീതത്തിന്റെ ഇടയിൽ പെട്ട് തട്ടി തെറിച്ചു പോവുകയാണ്. ഒടുവിൽ എന്റെ കാതുകൾക്ക് അതൊന്നും കേൾക്കാനുള്ള ശക്തിയോ തലച്ചോറിന് ഉൾക്കൊള്ളാനുള്ള ബോധമോ ഇല്ലെന്ന് അവൾ തിരിച്ചറിഞ്ഞു.
അല്ലെങ്കിലും ഇവിടെ അവൾക്ക് എന്നോട് എന്ത് ചോദിക്കാൻ ഉണ്ടാകും?
കൂടിപ്പോയാൽ കണക്ക് പറഞ്ഞു ശരീരത്തിൻറെ വില നിർണയിക്കുക എന്നല്ലാതെ മറ്റൊരു സംഭാഷണങ്ങൾക്കും ഇവിടെ പ്രസക്തിയില്ല.
ബോധത്തിന്റെ അവസാന കണികയും എന്നിൽ നിന്ന് മാഞ്ഞു പോകുന്നതിനു മുൻപേ ഞാൻ അവളെ ശ്രദ്ധിച്ചു. വശ്യമനോഹരമായ കവിളുകളില്‍ നിന്നും ചൂണ്ടുകളിലേക്ക് വശ്യമായൊരു പുഞ്ചിരി പടര്‍ന്നിറങ്ങുന്നത് കാണാം. വെള്ള ഷര്‍ടും, കറുത്ത പ്ളീറ്റും ധരിച്ച അവരുടെ കണ്ണുകള്‍ ആഴമുള്ളവയായിരുന്നു. സ്വര്‍ണ്ണ തലമുടി ഇഴകള്‍ അവളുടെ ചെവിക്ക് പിന്നിലൂടെ ചുമലിന്റെ മുന്‍ഭാഗത്തേക് വീണു കിടന്നിരുന്നു. അവളുടെ ഇടത്ത് മാറില്‍ വെളുത്ത ഷര്‍ട്ടില്‍ അവൾ കുത്തി വച്ചിരുന്ന, രണ്ട് വലിയ റോസാപ്പൂവിതളുകള്‍.
അൽപ്പ സമയം എൻറെ അടയുന്ന കണ്ണുകളിലേക്ക് നോക്കി അവളിരുന്നു, അനുവാദം കൂടാതെ എൻറെ ചുണ്ടുകളെ അവൾ ചുംബിക്കുവാൻ തുടങ്ങി.
അതേ…. ഞാനിപ്പോൾ ഒരു യാത്രയിൽ ആണ്..
വല്ലാത്ത ഹരം പിടിപ്പിക്കുന്ന യാത്ര.. കലുഷിതമായ മനസിന് വേലിയേറ്റങ്ങൾ സംഭവിക്കുന്നു, ഉള്ളിലെ ലഹരിയും, ചിന്തകളും സിരകളിൽ മത്തു പിടിപ്പിക്കുന്നു….
പുറപ്പെടുമ്പോൾ എന്നെ പൊതിഞ്ഞ ഉഷ്ണകാറ്റിനു പകരം പ്രണയത്തിന്റെ നേർത്ത മഴ നൂലുകളാൽ എന്റെ ഹൃദയം നിറയുകയാണ് ഇപ്പോൾ.
വരി വരിയായ് നീണ്ട പുഞ്ച പാടങ്ങളും, ഇളം കതിരുകൾ തഴുകിയെത്തുന്ന അലസമായ ഇളം കാറ്റു പതിയെ കവിളിൽ തലോടി കടന്നു പോകുന്നു, തഴുകി പോയ കാറ്റിനും പറയാൻ ആയിരം പ്രണയ കഥകൾ മാത്രം….
കിനിഞ്ഞിറങ്ങുന്ന വിയർപ്പു തുള്ളികളിൽ കാമത്തിന്റെ ഭാവമോ, അതോ പ്രണയത്തിന്റെ താളമോ….?
അവളുടെ ചുംബനം ആർജവം നിറഞ്ഞതായിരുന്നു…..
ഇപ്പോഴിതാ ഞാൻ നീണ്ടു കിടക്കുന്ന സഹ്യന്റെ മാറിലൂടെ യാത്ര തുടങ്ങിയിരിക്കുന്നു..
കുന്നുകളും മലകളും താണ്ടി, നീണ്ട അരുവികൾ മുറിച്ചു കടന്ന്, അവളെ അറിഞ്ഞു കൊണ്ടൊരു യാത്ര….!!
മഴയുടെ വരവറിയിച്ചു വീശിയടിച്ച തണുത്ത കാറ്റു എന്റെ വേഗതയെ പിന്നോട്ട് വലിച്ചു.. പക്ഷെ ഞാനാ കാറ്റിനോടും പറഞ്ഞിരുന്നു ഈ ഒരു യാത്ര പിന്തിരിയാനുള്ളതല്ല,
പകരം എന്നിലെ എന്നെ അറിയാനുള്ള ഒരു ശ്രമമാണ് …
എനിക്ക് മതിയാകുന്നില്ല ഇനിയും കൂടുതൽ ആഴത്തിൽ അലിയണം….
ആസ്വാദ്യകരമായ നിമിഷങ്ങൾ; ഞാൻ മാത്രമാണല്ലോ ദൈവമേ ഇത് കാണുന്നുള്ളൂ.
അവളുടെ ചുംബനമായിരുന്നുവോ അത്!
അതേ അതവളുടെ ദീർഘമായൊരു ചുംബനമായിരുന്നു…..!!!