ന്യൂയോർക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികർക്ക് അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന അനുശോചന യോഗം ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു.
വീരമൃത്യു വരിച്ച സൈനികരുടെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങൾക്കും രാജ്യത്തിനു മൊപ്പം പ്രവാസി സമൂഹവും പങ്കു ചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മാറുന്ന ലോക ക്രമത്തിൽ ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളരുന്നതിലും ഇന്ത്യ- അമേരിക്ക ബന്ധങ്ങൾ ശക്തമാകുന്നതിലും ചൈന അസഹിഷ്ണുത കാട്ടി തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയെ അസ്ഥിരപ്പെട്ടുത്താൻ അയൽ രാജ്യങ്ങളെ കരുവാക്കുന്നത് ചൈന തുടരുകയാണ്. ഇന്ത്യയുമായി നൂറ്റാണ്ടുകൾ നീളുന്ന ചരിത്ര ബന്ധങ്ങളുള്ള നേപ്പാളിനെ അതിർത്തി തർക്കത്തിന്റെ പേരിൽ ഇന്ത്യക്കെതിരെ തിരിക്കാൻ ചൈന നടത്തുന്ന കുത്സിത നീക്കത്തിന് ഉദാഹരണമാണ് നേപ്പാൾ ഇന്ത്യൻ ഭൂവിഭാഗങ്ങളിൽ ഉന്നയിച്ചിരിക്കുന്ന അവകാശ വാദം.
ഇന്ത്യ ചൈനയോട് സൗഹൃദ കരങ്ങൾ നീട്ടുമ്പോഴാണ് ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്തുന്നത്. ജനാധിപത്യവും പൗരസ്വാന്ത്ര്യവും അനുവദിക്കാത്ത സമഗ്രാധിപത്യ രാഷ്ട്രമായ ചൈനയ്ക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആഗോളാംഗീ കാരവും പ്രാധാന്യവും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് സമീപകാല പ്രതികരണങ്ങൾ വെളിവാക്കുന്നു.
കൊറോണയുടെ ആവിർഭാവത്തോടെ ചൈന നേരിടുന്ന ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുവാനുമാണ് അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുന്നതിന് പിന്നിലെന്നും യോഗം വിലയിരുത്തി. രാജ്യാതിർത്തികൾ കാക്കാൻ രാപകൽ ജാഗ്രത പാലിക്കുന്ന സൈനികരോട് ഫൊക്കാന ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രസിഡന്റ് മാധവൻ ബി.നായർ, സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷർ സജിമോൻ ആന്റണി മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു. ചൈനീസ് ആപ്ലിക്കേഷനായ സൂം ഒഴിവാക്കിയാണ് ഫൊക്കാന അനുശോചന യോഗം ചേർന്നത്.