രചന : വിദ്യാ രാജീവ്✍️
കൂടെപ്പിറന്നോൾ വന്നതിൽ പിന്നേ
നേരമില്ലോട്ടുമീ ചേച്ചിയമ്മയ്ക്ക്,
എന്തിനുമേതിനും ഞാൻ കൂടെ
വേണംപോൽ എന്റെ കുറുമ്പത്തി പെണ്ണിന്ന്.
അമ്മയായ് ഉണ്മയായ് വഴിനടത്തേണം
അമ്മയില്ലാത്തൊരെൻ കുഞ്ഞുമോളെ.
നിഴലായി നിന്നൊരു താതനുമില്ലിപ്പോൾ
പുതുമലർ തേടിയകുന്നുവത്രേ.
അരുമക്കിടാവിൻ വാചാലതയിൽ
അറിയാതെപോകുന്നു തീവ്രദുഃഖം.
ചെറുമണി കുഞ്ഞിളം പൂമൊട്ടാണിന്നിവൾ
അതിവേഗേ പുഷ്‌പ്പിക്കും തരുണിയാകും.
കപടമായുള്ളൊരീ ഇരുളിന്റെ ലോകത്തു
നിദ്രാവിഹീനയായ് കാവൽ വേണം.
നീയാണു മകളേയെൻ ദീപ്തപ്രതീക്ഷയും
ജീവനും ലോകവും നീ തന്നയാം.
ചിറകുകൾ ശക്തിയാർജ്ജിക്കുമ്പോൾ
നാമൊത്തു പുതിയൊരാകാശത്തെ കീഴടക്കും.