രചന : ഹാരിസ് ഖാൻ ✍️
എന്നാലും സഖാവെ, നമ്മളെങ്ങിനെയാണ് തോറ്റത്..?
ഉത്തമാ ഗോവിന്ദൻ മാഷേ വിളിക്കട്ടെ..?
അയ്യോ വേണ്ട, തോൽവി തന്നെ താങ്ങാൻ വയ്യ.. അപ്പൊഴാ ത്വാത്തികാവലോകനവും പ്രതിക്രിയ വാതകവും സഖാവെ നമ്മളെങ്ങിനെ തോറ്റു എന്ന് ലളിതമായി…?
അതായത് ഉത്തമാ…
നമ്മുടെ നാട്ടിൽ ഈയിടെ കണ്ടുവരുന്ന ഒരു പുതിയ പ്രവണതയാണ് സമൂഹത്തിൽ വിഷം കലർത്തി അത് വഴി കേരളത്തിൽ ഒരു സ്പേസുണ്ടാക്കാൻ നോക്കുക എന്നത്. അതിനായി വാളേന്തി ജാഥ നടത്തുക, കൊലവിളി മുദ്രവാക്യം വിളിക്കുക, കർപ്പൂരവും കുന്തിരിക്കവും കത്തിക്കുക, ചായയിൽ ഫില്ലറിട്ട് ഉറ്റിച്ച് കൊടുക്കുക, നാർക്കോട്ടിക് ജിഹാദ് എന്നെല്ലാം പറഞ്ഞ് നടക്കുന്ന ക്രിമിനൽ ആക്ടിവിറ്റീസുകൾ… ഇതൊക്കെ കണ്ടാലും നമ്മുടെ സർക്കാർ ആ സമുദായത്തിൻെറ വോട്ട് പോവും, ഈ സമുദായത്തിൻെറ വോട്ട് പോവും എന്ന് കരുതി അഴകുഴമ്പൻ നിലപാടെടുത്ത് നിന്നു .
അതുകൊണ്ട് ഇപ്പോ എന്തുണ്ടായി എല്ലാ സമുദായത്തിൻെറയും വോട്ടുുകൾ ഒന്നായി പോയി കിട്ടി. ഇടത്പക്ഷത്ത് നിന്ന് ജനം ഇത്തരം അഴകൊഴമ്പൻ നിലപാടല്ല പ്രതീക്ഷിക്കുന്നത്. ഇവൻമാരെയെല്ലാം ജനപ്രതിഷേധം കണ്ട് രണ്ടാഴ്ച്ച കഴിഞ്ഞല്ല പിടികൂടി എന്ന് വരുത്തേണ്ടത് .. കയ്യോടെ,പിടിച്ച് അകത്തിടുക യാണ് വേണ്ടത് ..
മനുഷ്യർക്ക് നാട്ടിൽ ജീവിക്കണ്ടേ…?
“നമ്മൾ പുതിയ സ്കൂൾ, ഹോസ്പിറ്റലുകൾ, പാലങ്ങൾ, റോഡുകൾ, ഹൈവേകൾ എല്ലാം പണിഞ്ഞില്ലേ എന്നിട്ടും…?
അതൊന്നും ചർച്ചയാവില്ല. ജനം ഡോക്ടറായാലും ഓട്ടോ ഓടിക്കുന്നവനായാലും ഇന്ന് ദേശാഭിമാനിയോ മനോരമയോ നോക്കിയല്ല വിവരങ്ങൾ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്, ജനപ്രധിനിധി പറയുന്ന മണ്ടത്തരങ്ങൾ, പൊളിടിക്കൽ കറക്ട്നസ്, നാക്ക് പിഴവുകൾ, സ്ത്രീകളോടുള്ള സമീപനങ്ങൾ എന്നിവയെല്ലാമാണ് അവിടെ ചർച്ചയാവുന്നത് ..
അവിടെ നിന്നേ പുതിയ കാലത്തെ ജനത്തിൻെറ പൾസ് മനസിലാക്കാനൊക്കൂ. അതനുസരിച്ചാണ് സ്റ്റാറ്റജികൾ തയ്യാറാക്കേണ്ടത് , ആരേലും സർക്കാരിനെതിരിൽ പ്രതിഷേധിച്ചാൽ പിന്നിൽ തീവ്രവാദ അജണ്ഢ, സി ഐ എ ഗൂഢാലോചന എന്നൊന്നും പറഞ്ഞാൽ പഴയ പോലെ ഏശില്ല എന്ന്…
അതിന്…?
” പത്രക്കാരെ കണ്ടാൽ ആവശ്യമില്ലാതെ വായ തുറക്കാതിരിക്കാൻ ഇ പി ജയരാജനെയും, സജി ചെറിയാനെയുമെല്ലാം പാർട്ടി ഉപദേശിക്കുക, സ്ഥിരം ഇടത് വിരുദ്ധർ അണി നിരക്കുന്ന ടിവി ചിർച്ചകൾക്ക് പോവാതിരിക്കുക. അതും പറ്റിയില്ലേൽ മിനിമം ടി വി ചർച്ചക്കെങ്കിലും ആനത്തലവട്ടത്തേയും, ഷംസീറിനേയും വിടാതിരിക്കാനുള്ള വിവേകം കാണിക്കുക, പാർട്ടിക്ക് പിടിച്ച് നിൽക്കാനായേക്കും… “
” അപ്പോൾ യു ഡി എഫിൻറേത് മികച്ച രാഷ്ട്രീയ വിജയമാണല്ലേ..? “
” ഉത്തമാ അതിന് അവര് എവിടെ രാഷ്ട്രീയം പറഞ്ഞു…? അവരുടെ കുത്തക മണ്ഢലത്തില് ഭർത്താവ് മരിച്ച ഒരു സ്ത്രീയെ കൊണ്ട് വന്ന് ഇവര് പാവമാണ് വല്ലതും കൊടുക്കണേ എന്നല്ലേ പറഞ്ഞത്…അതിലെവിടെയാ രാഷ്ട്രീയം..? “
“എന്നാലും തോറ്റ സ്ഥിതിക്ക് കെ റെയിൽ നിർത്തി വെക്കണമെന്നാണല്ലോ പ്രതിപക്ഷം പറയുന്നത്..? “
“പിന്നേ.., ഇന്ത്യൻ റെയിൽവ്വേയിലേക്കല്ലേ തിരഞ്ഞെടുപ്പ് നടന്നത്…?
നമ്മൾ കൊടുക്കണ ടാക്സെല്ലാം കാലാകാലം സർക്കാരുദ്ധ്യോഗസ്ഥർക്ക് ശംബളവും പെൻഷനും കൊടുത്തോണ്ടിരുന്നാൽ മതിയോ ..? നമ്മൾക്ക് വേണ്ടിയും വല്ലതും ചെയ്യട്ടെ,
കെ റെയിൽ എങ്കിൽ കെ റെയിൽ, ബീവറേജെങ്കിൽ ബീവറേജ്.. ഞാനൽപം തിരക്കുള്ളോനാ. ..ഞാൻ പോവാ.. “
“ഹാവൂ ഇപ്പോൾ ഒരു കാപ്സ്യൂൾ കഴിച്ച ആശ്വാസണ്ട് …അല്ല, സഖാവ് എങ്ങോട്ടാ..? “
“ബാത്ത് റൂമിലേക്ക്, ഒന്നു പൊട്ടിക്കരയണം…”