രചന : ഒ.കെ.ശൈലജ ടീച്ചർ✍️

“മോനേ ഉണ്ണീ….. ആ ഫോൺ ഇങ്ങു തരൂ”
” ഞാനൊന്നു നോക്കട്ടെ അഛമ്മേ ….. ഇതിൽ അഛമ്മ എഴുതിയ കഥകളും കവിതകളും ഉണ്ടല്ലോ””
” മോൻ എല്ലാം വായിച്ചോളൂ. ഒന്നും ഡിലീറ്റായി പോകാതിരുന്നാൽ മതി.”
” ഇല്ല .എന്റെ പ്രിയപ്പെട്ട അഛമ്മയുടെ എഴുത്തുകൾ എനിക്കും പ്രിയപ്പെട്ടതാണ്. ഞാൻ എന്റെ ക്ലാസ്സിലെ കുട്ടികളോടൊക്കെ പറയാറുണ്ട്. അഛമ്മയുടെ കഥകളെപ്പറ്റിയും, കവിതകളെപ്പറ്റിയും .”
” ആണോ ? മോൻ ഇതു വായിച്ചു നോക്കൂ”
ഉണ്ണി അത് വായിച്ചു.” ഹായ് എനിക്ക് ഒത്തിരി ഇഷ്ടമായി. എന്റെ അഛമ്മയുടെ ബാല്യകാലത്തെക്കുറിച്ചുള്ള കവിത”
“എത്ര മനോഹരമായാണ് ഇതിൽ ബാല്യകാലത്തെപ്പറ്റി വർണ്ണിച്ചിരിക്കുന്നത് ! അത്ഭുതം തോന്നുന്നു ! കൊതി തോന്നുന്നു. ഇത്ര സന്തോഷകരമായിരുന്നോ അഛമ്മയുടെ ബാല്യകാലം. ഇതൊക്കെ ഇപ്പോഴും നന്നായി ഓർക്കുന്നുണ്ടല്ലോ? ഇത്രയും കാലം ഇതൊക്കെ എഴുതാതെ മനസ്സിൽ തന്നെ ഒളിപ്പിച്ചുവല്ലേ ?”
ഉണ്ണി അഛമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് തെരുതെരെ ഉമ്മ വെച്ചു. ആ ബാല്യ സ്മരണയിലേക്ക് ഒരിക്കൽ കൂടി കൊണ്ടുപോയി.
പാടത്തും പറമ്പിലും ആൺ പെൺ ഭേദമില്ലാതെ ഓടിച്ചാടിക്കളിച്ചതും, മാവിൽക്കയറിയതും തോട്ടിലിറങ്ങി മീൻ പിടിച്ചതും എല്ലാം ഒരു സിനിമയിലെന്നപോലെ തെളിഞ്ഞു വന്നു.
പഠിത്തത്തിനിടയിലുള്ള വിവാഹം, പിന്നെ കുഞ്ഞ് പിറന്നത് , വീണ്ടും പഠിക്കണമെന്ന മോഹവുമായി അന്യനാട്ടിൽ പോയി പഠിച്ചത്. അതിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ, ഒടുവിലൊരു ജോലി നേടിയെടുത്തത്. കുടുംബ ജീവിതത്തിനോടൊപ്പം പഠനവും തുടർന്നുകൊണ്ടുപോകുമ്പോൾ ഉണ്ടായ പുകിലുകൾ. എല്ലാത്തിനോടും മൗനമായി പ്രതികരിച്ചു. ജോലി നേടുക എന്നൊരു ലക്ഷ്യം മാത്രം. ഈശ്വരൻ തന്റെ പ്രയത്നത്തിന് ഫലവും തന്നു.
“അഛമ്മേ അഛമ്മ മുൻപൊന്നും എഴുതാറില്ലായിരുന്നോ ?”
“ഇല്ല മോനെ… എഴുതാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശ്വാസം നേരെ വിടാൻ സമയമുണ്ടായിരുന്നില്ല.”
എന്നാലും മനസ്സിൽ തോന്നുന്നതൊക്കെ ഡയറിയിൽ കുറിച്ചിടും. ആരേയും കാണിക്കാറില്ല. അന്ന് വിദേശത്തായിരുന്ന നിന്റെ അഛാഛനൊരു കത്തെഴുതാൻ പോലും സ്വാതന്ത്ര്യമില്ലായിരുന്നു.”
” ഓ കഷ്ടം” ഉണ്ണിയുടെ മുഖത്ത് സങ്കട പ്പൂക്കൾ വിരിഞ്ഞു.
“സാരമില്ല മോനേ …. ഈ സായാഹ്നത്തിലെങ്കിലും എഴുതാനുള്ള ഭാഗ്യം കിട്ടിയല്ലോ. എന്റെ അക്ഷരമൊട്ടുകൾ വിരിഞ്ഞു പരിമളം പരത്തിയല്ലോ”
“ശരിയാണ് : എന്തൊരു സൗന്ദര്യവും സൗരഭ്യവും ഉള്ള വാടാമലരുകളാണ് ! എനിക്കഭിമാനം തോന്നുന്നു അഛമ്മയുടെ സർഗ ശേഷിയിൽ ! ഇത്രയും കാലം കുടുംബം എന്ന ചിന്ത മാത്രമായി ജീവിച്ച അഛമ്മ ഇന്ന് സ്വന്തം ഇഷ്ടങ്ങൾക്കു കൂടി സമയം കണ്ടെത്തുന്നു.”
അതെ ! അങ്ങനെയായിരിക്കണം മറ്റുള്ളവർക്കു വേണ്ടി മാത്രമായി ജീവിക്കാതെ തനിക്കു വേണ്ടിയും ജീവിക്കണം.
ഇതുപോലെ എത്ര വ്യദ്ധ മാനസങ്ങൾ നമ്മുടെ സമൂഹത്തിൽ ആരാരുമറിയാതെ സ്വന്തം ഇഷ്ടങ്ങളെ ഹോമിച്ച് കാലം കഴിക്കുന്നുണ്ടാവും. അവർക്കൊരു സന്ദേശമാകട്ടെ എന്റെ അഛമ്മയുടെ ജീവിതം . പ്രായമോ, അനാരോഗ്യമോ വകവെക്കാതെ ഈശ്വരാനുഗ്രഹമായി കിട്ടിയ സർഗ ശേഷിയെ താലോലിച്ചു കൊണ്ട് വിശ്രമവേളകൾ ആനന്ദകരമാക്കട്ടെയെന്ന ലക്ഷ്യവുമായി ഇനിയുള്ള നാളുകൾ അക്ഷരങ്ങളെ പുണർന്നുകൊണ്ടു സാഹിത്യ നഭസ്സിലൊരു കുഞ്ഞു താരകമായി തിളങ്ങട്ടെ എന്റെ അഛമ്മ .
“ഉണ്ണീ മോനെന്താ ആലോചിക്കുന്നേ?”
” ഞാനോർക്കുകയായിരുന്നു എന്റെ അഛമ്മയുടെ ജീവിതത്തെക്കുറിച്ച് . ഇനിയുള്ള യാത്രയിൽ അഛമ്മയോടൊപ്പം ഞാനുമുണ്ട്.”
ഉണ്ണിയെ കെട്ടിപ്പിടിച്ചു നെറുകയിൽ ഉമ്മ വെക്കുമ്പോൾ മനസ്സിലെ സങ്കടമെല്ലാം പെയ്തൊഴിഞ്ഞു പോയി.

ഒ.കെ.ശൈലജ ടീച്ചർ

By ivayana